
ആലപ്പുഴ നഗരത്തിലെ നാൽപ്പാലം ഉദ്ഘാടനം പൊതുമരാമത്ത്, വിനോദസഞ്ചാര മന്ത്രി പി എ മുഹമ്മദ് റിയാസ് നാളെ വൈകിട്ട് ആറിന് നിർവഹിക്കും. ഉദ്ഘാടന ചടങ്ങിൽ പിപി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനാകും. കെ സി വേണുഗോപാൽ എം പി മുഖ്യാതിഥിയാകും. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച മുപ്പാലം കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചതോടെയാണ് പുതുക്കിപ്പണിതത്. 23 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുമുള്ള മൂന്നു പാലങ്ങളും 26 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുമുള്ള നാലാം പാലവും ഉൾപ്പെടുന്നതാണ് പുതിയ നാൽപാലം. 17.82 കോടി രൂപയാണ് നിർമ്മാണച്ചെലവ്. നടപ്പാതയിൽ ടൈൽ പാകൽ, പെയിന്റിങ്, വൈദ്യുതീകരണം തുടങ്ങിയ അവസാനഘട്ട പണികളും പൂർത്തീകരിച്ചിട്ടുണ്ട്.
ആലപ്പുഴ നഗരത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള മുപ്പാലമാണ് നവകേരളത്തിൽ നാൽപ്പാലമായി പുതുക്കിപ്പണിത് ഉദ്ഘാടനത്തിനൊരുങ്ങിയത്. കൊമേഴ്സ്യൽ കനാലിനും വാടക്കനാലിനും കുറുകെ നിർമ്മിച്ച പാലങ്ങൾ മുപ്പാലമെന്നാണ് അറിയപ്പെട്ടിരുന്നത്.
പ്രേംനസീർ, ജയൻ, മമ്മൂട്ടി, മോഹൻലാൽ മുതൽ ബോളിവുഡിലെ സൂപ്പർ താരം ഷാരൂഖ് ഖാൻ വരെ അഭിനയിച്ച നിരവധി സിനിമകൾ ചിത്രീകരിച്ച ലൊക്കേഷൻ കൂടിയായിരുന്നു മനോഹരമായ മുപ്പാലം. ഈ പാലത്തെയാണ് അഴകും സാങ്കേതികതയും കോർത്തിണക്കി പുതിയ കാലത്തിനനുസൃതമായി അതിമനോഹര നാൽപ്പാലമാക്കി മാറ്റിയത്. നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിനൊപ്പം വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താനും പുതിയ പാലത്തിലൂടെ സാധിക്കും. നാളെ വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി അഞ്ച്മണിമുതൽ പ്രശസ്ത വയലിനിസ്റ്റ് ബിജു മല്ലാരി അവതരിപ്പിക്കുന്ന ഫ്യൂഷൻ സംഗീതവും അരങ്ങേറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.