
തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പിനുള്ള പോസ്റ്റൽ ബാലറ്റ് പേപ്പറുകളുടെയും വോട്ടിങ് യന്ത്രങ്ങളിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി വിവിധ സർക്കാർ പ്രസുകളിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിൽ വെള്ള, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പിങ്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് ആകാശനീല നിറങ്ങളിലാണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്. ഭാഷാ ന്യൂനപക്ഷങ്ങളുള്ള നിയോജകമണ്ഡലങ്ങളിൽ ബാലറ്റ് പേപ്പർ, വോട്ടിങ് മെഷീനിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബൽ എന്നിവയിൽ സ്ഥാനാർത്ഥികളുടെ പേര് മലയാളത്തിന് പുറമെ തമിഴ്/കന്നട ഭാഷകളിൽ കൂടി ചേർക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഭാഷാന്യൂനപക്ഷ വോട്ടർമാരുളള വാർഡുകളിൽ മലയാളത്തിന് പുറമേ തമിഴിലും കാസർകോട് ജില്ലയിലെ ഭാഷാന്യൂനപക്ഷ വോട്ടർമാരുളള വാർഡുകളിൽ കന്നഡ ഭാഷയിലുമാണ് പേരുകൾ ഉൾപ്പെടുത്തുക.
തിരുവനന്തപുരം കോർപറേഷനിലെ വലിയശാല, കരമന വാർഡുകളിൽ തമിഴിലും കാസർകോട് മുൻസിപ്പാലിറ്റിയിലെ 18 വാർഡുകളിൽ കന്നഡയിലുമാണ് വിവരങ്ങൾ ഉൾപ്പെടുത്തുക. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യൻകാവ് ഗ്രാമപഞ്ചായത്തുകളിലായി അഞ്ച് വീതം വാർഡുകളിലും പത്തനംതിട്ട സീതത്തോട് ഗ്രാമപഞ്ചായത്തിലെ ഗവി വാർഡിലും മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിലും ഇടുക്കിയിലെ 22 ഗ്രാമപഞ്ചായത്തുകളിലായി 229 വാർഡുകളിലും പാലക്കാട് ആറ് ഗ്രാമപഞ്ചായത്തുകളിലായി 93 വാർഡുകളിലും വയനാട് തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ കൈതക്കൊല്ലി വാർഡിലും തമിഴ് ഭാഷയിൽ കൂടി വിവരങ്ങൾ ബാലറ്റ് ലേബലിലും ബാലറ്റ് പേപ്പറിലും ഉണ്ടാകും.
കാസർകോട് ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിലായി 283 വാർഡുകളിലെ ബാലറ്റ് ലേബലിലും ബാലറ്റ് പേപ്പറിലും കന്നഡ ഭാഷയിൽ കൂടി അച്ചടിക്കും. ഈ ഗ്രാമപഞ്ചായത്ത് വാർഡുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് വാർഡുകളിലേയ്ക്കുള്ള ബാലറ്റ് പേപ്പറിലും ബാലറ്റ് ലേബലിലും അതത് ഭാഷകളിൽ കൂടി വിവരങ്ങൾ അച്ചടിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.