12 February 2026, Thursday

നമീബിയയും നമിച്ചു; ഇന്ത്യക്ക് 93 റണ്‍സ് ജയം

ഇഷാനും ഹാര്‍ദിക്കിനും അര്‍ധസെഞ്ചുറി
Janayugom Webdesk
ന്യൂഡല്‍ഹി
February 12, 2026 10:37 pm

രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ ജയത്തോടെ കുതിച്ച് ഇന്ത്യ. ടി20 ക്രിക്കറ്റ് ലോകകപ്പില്‍ നമീബിയയ്ക്കെതിരെ 93 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ നമീബിയ 18.2 ഓവറില്‍ 116 റണ്‍സിന് ഓള്‍ഔട്ടായി. ഭേദപ്പെട്ട തുടക്കം നമീബിയയ്ക്ക് ലഭിച്ചു. ഓപ്പണിങ് കൂട്ടുകെട്ടില്‍ 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15 പന്തില്‍ 22 റണ്‍സ് നേടിയ ജാന്‍ ഫ്രൈലിങ്കിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ്ങാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. എന്നാല്‍ സ്കോറിങ് വേഗത കുറയാതെ നമീബിയ തിരിച്ചടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്കോര്‍ 67ല്‍ നില്‍ക്കെ മറ്റൊരു ഓപ്പണര്‍ ലൗറന്‍ സ്റ്റീന്‍കാമ്പും പുറത്തായി. 20 പന്തില്‍ 29 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ ജെര്‍ഹാര്‍ഡ് എറാസ്മര്‍ (18) കൂടി പുറത്തായതോടെ നമീബിയയുടെ അട്ടിമറി മോഹങ്ങള്‍ അവസാനിച്ചു. പിന്നീടെത്തിയവരെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കി. 14 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് നമീബിയ 100 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റ് നേടി. അക്സര്‍ പട്ടേലും ഹാര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റും നേടി.

അസുഖബാധിതനായ അഭിഷേക് ശർമ്മയ്ക്ക് പകരം ടീമിലെത്തിയ സഞ്ജു സാംസൺ തുടക്കം മുതൽ ആക്രമിച്ച് കളിച്ചു. ടി20 ലോകകപ്പ് അരങ്ങേറ്റ മത്സരത്തില്‍ എട്ട് പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോ­റും സഹിതം 22 റൺസ് നേടി സ­ഞ്ജു പുറത്തായി. എന്നാല്‍ ഇന്ത്യയുടെ സ്കോറിങ് വേഗത കുറഞ്ഞില്ല. സഞ്ജു മടങ്ങിയതിന് പിന്നാലെ ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചതോടെ പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇഷാൻ കിഷൻ 24 പന്തിൽ നിന്ന് 61 റൺസ് നേടിയാണ് പുറത്തായത്. ജെ ജെ സ്മിത്ത് എറിഞ്ഞ ആറാം ഓവറിൽ നാല് സിക്സറുകളും ഒരു ഫോറും ഉൾപ്പെടെയാണ് ഇഷാൻ സ്കോർ ഉയർത്തിയത്. ഒടുവിൽ നമീബിയൻ ക്യാപ്റ്റൻ ഇറാസ്മസ് ഇഷാനെ പുറത്താക്കി. ഇഷാനും തിലക് വര്‍മ്മയും ചേര്‍ന്ന് 79 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
തിലക് വര്‍മ്മ 21 പന്തില്‍ 25 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് തിളങ്ങാനായില്ല. താരം 13 പന്തില്‍ 12 റണ്‍സ് നേടി പുറത്തായി. എന്നാല്‍ ശിവം ദുബെയെ കൂട്ടുപിടിച്ച് ഹാര്‍ദിക് പാണ്ഡ്യ തകര്‍ത്തടിച്ചതോടെ സ്കോര്‍ 200 കടന്നു. അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ ഹാര്‍ദിക്കും പുറത്തായി. 28 പന്തില്‍ നാല് ഫോറും നാല് സിക്സും ഉള്‍പ്പെടെ 52 റണ്‍സ് നേടിയാണ് ഹാര്‍ദിക് മടങ്ങിയത്. തൊട്ടുപിന്നാലെ ശിവം ദുബെ റണ്ണൗട്ടായി. 16 പന്തില്‍ 23 റണ്‍സാണ് ദുബെ നേടിയത്. പിന്നാലെയെത്തിയ അക്സര്‍ പട്ടേല്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായി. ജെര്‍ഹാര്‍ഡ് എറാസ്മറിന്റെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു. ഫിനിഷറായെത്തി­യ റിങ്കു സിങ് നിരാശപ്പെടുത്തി. ആ­­റ് പന്തില്‍ ഒരു റണ്‍ മാത്രമാണ് താരത്തിന്റെ സമ്പാദ്യം.
നമീബിയയ്ക്കായി ക്യാപ്റ്റന്‍ ജെര്‍ഹാര്‍ഡ് എറാസ്മസിന്റെ ബൗളിങ് പ്രകടനമാണ് ഇന്ത്യയെ 250 എന്ന കൂറ്റന്‍ സ്കോറിലെത്തുന്നതില്‍ നിന്നും തടഞ്ഞത്. താരം നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.