19 January 2026, Monday

Related news

January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026

നന്തന്‍കോട് കൂട്ടക്കൊല:പ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം

15 ലക്ഷംരൂപ പിഴയും നൽകണം. 
Janayugom Webdesk
തിരുവനന്തപുരം
May 13, 2025 1:56 pm

നന്തന്‍കോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 15 ലക്ഷംരൂപ പിഴയും നൽകണം.പ്രതിക്കെതിരേ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, വീട് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കോടതി വിധിച്ചു. ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് കേസ് പരിഗണിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. ജീവപര്യന്തം തടവ് കൂടാതെ വീട് കത്തിച്ചതിനും തെളിവ് നശിപ്പിക്കലിനുമായി 12 വര്‍ഷം അധിക തടവും കേഡല്‍ അനുഭവിക്കണം.

സെഷന്‍ 302 പ്രകാരമുള്ള ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതിന് മുമ്പ് ഈ 12 വര്‍ഷത്തെ തടവ് കേദല്‍ ജെന്‍സന്‍ അനുഭവിക്കണമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കൊലപാതകത്തിനും മറ്റു കുറ്റങ്ങള്‍ക്കുമെല്ലാമായിട്ടാണ് 15 ലക്ഷം രൂപ പിഴ. ഇത് അമ്മാവന്‍ ജോസ് സുന്ദരത്തിനാണ് നല്‍കേണ്ടത്. പിതാവ് പ്രൊഫ രാജാതങ്കം, മാതാവ് ഡോ ജീന്‍ പദ്മ, സഹോദരി കരോളിന്‍, ജീന്‍ പദ്മയുടെ ബന്ധു ലളിത എന്നിവരെയാണ് കേദല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങളുടെ ആത്മാവ് ശരീരംവിട്ട് സ്വര്‍ഗത്തിലേക്ക് പറന്നുപോകുന്ന സാത്താന്‍സേവയായ ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് താന്‍ കൊലപാതകം നടത്തിയതെന്നാണ് കേഡല്‍ പൊലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞിരുന്നത്. പിന്നീട് മൊഴിമാറ്റിയ കേഡല്‍, പ്ലസ്ടു വിദ്യാഭ്യാസയോഗ്യത മാത്രമുള്ള തന്നോട് വീട്ടുകാര്‍ കാണിച്ച നിരന്തര അവഗണനയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പറഞ്ഞു.

മനഃശാസ്ത്രജ്ഞര്‍ കേദലിന് സ്‌കിസോഫ്രീനിയ എന്ന മാനസികരോഗമാണെന്ന് ആദ്യം കണ്ടെത്തിയിരുന്നു. നാലുപേരെയും മുകളിലത്തെ നിലയിലേക്കു വിളിച്ചുവരുത്തി മഴുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. വീട്ടില്‍ എല്ലാവരും ഉണ്ടെന്ന് കാണിക്കാന്‍ മിക്കവാറും അഞ്ചുപേര്‍ക്കുള്ള ഭക്ഷണം സ്ഥിരമായി വാങ്ങിയിരുന്നു. മൂന്നുദിവസം മൃതദേഹത്തിന് കാവലിരുന്ന കേദല്‍ മൂന്നാംദിവസം മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ഇതിനുശേഷം ചെന്നൈയിലേക്ക് കടന്നുകളഞ്ഞു. പോകുന്നതിന് മുന്‍പ് തന്റെ ആകൃതിയിലുള്ള ഡമ്മിയുണ്ടാക്കി അതും കത്തിച്ച് താനും കൊല്ലപ്പെട്ടതായി പൊതുധാരണ ഉണ്ടാക്കാനും ശ്രമിച്ചു. പൊതുവേ അന്തര്‍മുഖനായ കേദലിനെക്കുറിച്ച് ഒരു വിവരവും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അറിയില്ലായിരുന്നു. സ്ഥിരമായി കറുപ്പും നീലയും നിറങ്ങളിലുള്ള വസ്ത്രമാണ് കേദല്‍ ധരിച്ചിരുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച് സ്റ്റാന്‍ലി കാര്‍പെന്റര്‍ ആക്‌സ് എന്ന മഴു ഓണ്‍ലൈനിലൂടെയാണ് പ്രതി വാങ്ങിയത്. രണ്ട് മഴുവാണ് കേഡല്‍ വാങ്ങിയിരുന്നത്. സോംബികളെ തലയ്ക്കടിച്ച് കൊല്ലുന്ന ഒരുതരം വീഡിയോ ഗെയിമും കേഡല്‍ നിരന്തരം കളിച്ചിരുന്നു എന്നതിന് പോലീസിന് തെളിവ് ലഭിച്ചിരുന്നു.

ഇത്തരം ചില വീഡിയോ ഗെയിമുകള്‍ താന്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് അത് കാട്ടിത്തരാം എന്ന് പറഞ്ഞാണ് പ്രതി മാതാപിതാക്കളേയും സഹോദരിയേയും മുകളിലത്തെ നിലയിലേക്ക് എത്തിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദിലീപ് സത്യന്‍ ഹാജരായി. അഭിഭാഷകരായ റിയ, നിധിന്‍ എന്നിവര്‍ സഹായികളായി. നന്തന്‍കോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ പ്രതി കേഡല്‍ ജീന്‍സണ് ജീവപര്യന്തം . പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്ന് വിധി പറഞ്ഞത്. കുടുംബത്തിലെ എല്ലാവരേയും കൊലപ്പെടുത്തിയിട്ടും പ്രതിക്ക് മാനസാന്തരമില്ലെന്ന് പറഞ്ഞ പ്രോസിക്യൂഷൻ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. അതേസമയം, വിധിയ പറയുന്നതില്‍ പ്രതിയുടെ പ്രായംകൂടി കണക്കിലെടുക്കണം എന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. 

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ചുകൊണ്ട് പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണം എന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. അതേസമയം, പ്രതിക്ക് മാനസികപ്രശ്‌നമുണ്ടെന്നും, അങ്ങനെയല്ല എന്ന് കാണിച്ച് മാനസികാരോഗ്യ വിദഗ്ധര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നുമാണ് പ്രതിഭാഗം വാദിച്ചത്. കേസിലെ തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നും സാക്ഷി ഇതിന് കൂട്ടുനിന്നുവെന്നും അതിന് അയാള്‍ക്ക് പൊലീസില്‍നിന്നും തക്കതായ പ്രതിഫലം ലഭിച്ചിട്ടുണ്ടെന്നുമുള്ള വാദം പ്രതിഭാഗം മുന്നോട്ടുവെച്ചു. ഇതിനെ, മാനസികപ്രശ്‌നമുള്ളയാള്‍ എങ്ങനെയാണ് കൃത്യമായ ആസൂത്രണത്തോടെ നാല് കൊലപാതകങ്ങള്‍ ചെയ്യുന്നത് എന്ന ചോദ്യത്തിലൂടെയാണ് പ്രോസിക്യൂഷന്‍ ഖണ്ഡിച്ചത്.

കൊലപാതകം ചെയ്തതിലും, അതിനായി നടത്തിയ മുന്നൊരുക്കങ്ങളിലും, അതിനുശേഷം രക്ഷപ്പെടാന്‍ നടത്തിയ ശ്രമങ്ങളിലും പ്രതി കൃത്യമായ ആസൂത്രണം നടത്തിയിട്ടുള്ളതായി കോടതിക്ക് ബോധ്യപ്പെട്ടതാണെന്നുള്ള വാദവും പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചു. മാതാപിതാക്കളേയും വൃദ്ധയായ ഒരു സ്ത്രീയേയും അടക്കം കൊലചെയ്ത പ്രതി ഒരുതരത്തിലുള്ള കരുണയും അര്‍ഹിക്കുന്നില്ല, മാനസാന്തരത്തിനുള്ള യാതൊരു സാധ്യതയും ഇയാള്‍ കാണിക്കുന്നില്ല എന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ അവസാനിച്ചുകഴിഞ്ഞു. ഇന്ന് ഉച്ചയോടെ വീണ്ടും ചേര്‍ന്ന ശേഷമാണ് കോടതി വിധി പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.