16 January 2026, Friday

നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ് ;ശിക്ഷാ വിധി ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
May 13, 2025 10:49 am

നന്ദൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേദൽ ജെൻസൺ രാജക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി 6 ജഡ്ജി വി വിഷ്ണുവാണ് ശിക്ഷ പ്രഖ്യാപിക്കുക. കഴിഞ്ഞദിവസം കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു.നാടിനെ നടുക്കിയ കൂട്ടക്കൊലപാതകത്തിൽ, കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നിവ പ്രതിയായ കേദൽ ജെൻസൻ രാജ ചെയ്തതായി കോടതിക്ക് ബോധ്യപ്പെട്ടു. കേസിൽ 65 ദിവസം നീണ്ട വിചാരണയിൽ 41 സാക്ഷികളെയാണ് വിസ്തരിച്ചത്. 120ലധികം രേഖകളും നാൽപതിലധികം തൊണ്ടിമുതലും അന്വേഷണത്തിൽ നിർണായകമായി. ഇതടക്കമുള്ള കാര്യങ്ങൾ പ‍ഴുതടച്ചാണ് പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ചത്.

പ്രതിയുടെ മനോനില പരിശോധിച്ച് കടുത്ത ശിക്ഷ ഒ‍ഴിവാക്കണം എന്നത് അടക്കമുള്ള കാര്യങ്ങൾ പ്രതിഭാഗം ഉന്നയിച്ചു.എന്നാൽ പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി മുഖവിലക്കെടുത്തില്ല. കൊലപാതകത്തിനു മുമ്പും ശേഷവും പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് പൊലീസ് കോടതിയെ ബോധ്യപ്പെടുത്തി.കൊലപാതകത്തിന് കാരണം മാതാപിതാക്കളോടുള്ള വൈരാഗ്യമാണ്. ഇത് സാധൂകരിക്കുന്ന തെളിവടക്കം പ്രോസിക്യൂഷൻ കോടതിയിൽ എത്തിച്ചു. പൊലീസിന്റെ അന്വേഷണ മികവാണ് കേസിൽ നിർണായകമായതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ദിലീപ് സത്യൻ പറഞ്ഞു.

വെല്ലുവിളികൾ നിറഞ്ഞതായിരുന്നു അന്വേഷണമെന്നും പ്രതി വധശിക്ഷയിൽ കുറഞ്ഞൊന്നും അർഹിക്കുന്നില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് കമ്മീഷണർ ഡിനിൽ ജെ കെ പറഞ്ഞു. വിധിപ്രസ്താവം കേൾക്കാൻ പ്രതിയെയും കോടതിയിൽ എത്തിച്ചിരുന്നു. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കേസന്വേഷണത്തിൽ നിർണായകമായിരുന്നു.2017 ഏപ്രിൽ അഞ്ച്- ആറ് തീയതികളിലായിരുന്നു നാടിനെ നടുക്കിയ ക്രൂര കൊലപാതകങ്ങൾ നടന്നത്. കേദൽ ജെൻസൺ രാജ അച്ഛൻ രാജാ തങ്കത്തെയും, അമ്മ ഡോക്ടർ ജീൻ പത്മയെയും സഹോദരി കരോലിനെയും ബന്ധു ലളിതയെയും കൊലപ്പെടുത്തി. കഴുത്തിന് പുറകിൽ മഴുകൊണ്ട് വെട്ടിയായിരുന്നു കൊലപാതകം. പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് ഏഴ് വർഷത്തോളം വിചാരണ പ്രതി നീട്ടിക്കൊണ്ടുപോയി. മാനസികാരോഗ്യ വിദഗ്ധന്‍റെ പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷമാണ് വിചാരണ ആരംഭിച്ചത്.

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.