തുറമുഖത്തിനടുത്ത്
ഉപേക്ഷിക്കപ്പെട്ട പൊളിഞ്ഞ
കപ്പലുകൾക്കരികെ
അവളെ ഞാൻ കണ്ടു
ആ രാത്രി നേരത്ത്
അവളുടെ കണ്ണുകൾ
ആരെയോ തേടുകയായിരുന്നു
അവിടെ ഇരുട്ടായിരുന്നു
അവൾക്കും ഇരുട്ടിന്റെ
വിവർണ മിനുക്കമായിരുന്നു
അവളുടെ മുടിയിഴകൾ
ഇരുട്ടിന്റെ നൂലുകളായിരുന്നു
അതിൽ വിദൂരത്തു നിന്നുള്ള
ഒരു വെളിച്ചം വീണുതിളങ്ങി
അവളെ കണ്ടപ്പോൾ
എനിക്ക് ഇഷ്ടം തോന്നി
അവളെത്തന്നെ നോക്കിക്കൊണ്ട്
അകലെയല്ലാതെ ഞാൻ നിന്നു
ഞാൻ ഏകനായിരുന്നു
എനിക്കു വേണ്ടത്
ഏകാന്തതയോ പുഴകളോ
നക്ഷത്രങ്ങളോ ആയിരുന്നില്ല
എനിക്കു വേണ്ടത്
അവളെയായിരുന്നു
എനിക്കവളെ പ്രേമിക്കണം
പ്രേമിക്കാതെയുമിരിക്കണം
ഉണർച്ചയിലും ഉറക്കത്തിലും
അവളെ വേണം
സ്വപ്നം കാണുമ്പോഴും നിലവിളിക്കുമ്പോഴും
എന്നോടത്രയടുത്തായി
അവൾ വേണം
ചിരിക്കുമ്പോൾ
എനിക്കവളുടെ പല്ലുകളാവണം
ചുംബിക്കുമ്പോൾ
എനിക്കവളുടെ ചുണ്ടുകളാവണം
ദാഹിക്കുമ്പോൾ
എനിക്കവളുടെ ദാഹമാകണം
അവളുടെ പെണ്മണമെനിക്കു വേണം
അവളെ ഞാൻ വിളിച്ചപ്പോൾ
വിടർന്ന ചിരിയോടെ അവൾ വന്നു
എന്റെ നീട്ടിയ കൈകൾ
അവൾ ഏറ്റുപിടിച്ചു
അവൾക്ക് എന്നെയല്ലാതെ
മറ്റൊന്നും വേണ്ടായിരുന്നു
ഞങ്ങൾ ഒന്നിച്ച് കൈകോർത്തു നടന്നു
തുറമുഖത്ത് ഒരു പുതിയ കപ്പൽ
നങ്കൂരമിടുന്നതു കണ്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.