ജയിംസ് : ഇതെന്താ ഈ എഴുതിയിരിക്കുന്നത്
ഹോട്ടലുകാരന്‍ : ‘മരണം ഉറങ്ങുന്നത് പോലെയും ജനനം ഉണരുന്നത് പോലെയുമാണ് — തിരുക്കുറല്‍’
ജയിംസ് : “നല്ല പേര് — തിരുക്കുറല്‍ , നാടകത്തിന് പറ്റിയ പേര്. കന്യാകുമാരിയിലെ പ്രതിമ തിരുക്കുറലിന്റെതല്ലേ… സുനാമി വന്നപ്പോ അതിന്റെ മുകളില്‍ വരെ തിരയടിച്ചാരുന്നു.”
ഹോട്ടലുകാരന്‍ : ‘അതുക്കു മേലെ ഒന്നും അടിക്കാത്…’(പുഞ്ചിരിക്കുന്നു)
ഇതു കേട്ട് ഹോട്ടലുകാരനെ നോക്കി ചിരിച്ചു കൊണ്ട് മമ്മൂട്ടിയുടെ ജയിംസ് എന്ന കഥാപാത്രം നടന്നു വരുന്നത് പ്രേക്ഷക ഹൃദയങ്ങളിലേക്കാണ്. ഒന്നേമുക്കാല്‍ മണിക്കൂറിനോടടുപ്പിച്ച് ദൈര്‍ഘ്യമുള്ള സിനിമയാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. പേര് സൂചിപ്പിക്കുന്നതുപോലെ മയക്കമാണ് ഇവിടത്തെ യഥാര്‍ത്ഥ താരം. ജയിംസ് മയക്കമുണരുമ്പോള്‍ സുന്ദരം ആയി മാറുന്നതും അടുത്ത മയക്കത്തിനപ്പുറം ജയിംസ് ആയി തിരിച്ചുവരുന്നതുമാണ് സാരം. സാരഥി തിയേറ്റേഴ്സിന്റെ പുതിയ നാടകം ആരംഭിക്കുന്നതിന് മുമ്പ് വേളാങ്കണ്ണിയിലേക്ക് കുടുംബസമേതം ടൂറ് പോയി വരികയാണ് മമ്മൂട്ടിയുടെ കഥാപാത്രമായ ജയിംസും സംഘവും. കൂടെയുള്ളവര്‍ ദുര്‍വ്യയം നടത്തുന്നുവെന്ന അഭിപ്രായക്കാരനാണ് യാത്രയുടെ സാരഥിയായ ജയിംസ്. അതുകൊണ്ടാകാം യാത്രയ്ക്കിടയില്‍ ഇഷ്ടക്കേടുകള്‍ അയാള്‍ പ്രകടിപ്പിച്ചിരുന്നു. വഴി മധ്യേ അപരിചിതമായി ഗ്രാമത്തില്‍ വണ്ടി നിര്‍ത്താനാവശ്യപ്പെടുന്ന അയാള്‍ പരിചിതനെ പോലെ ഇറങ്ങി നടക്കുന്നു. തമിഴ്‌നാട്ടിലെ ഗ്രാമീണ വഴികളും വീടുകളും താണ്ടി അയാള്‍ എത്തുന്നത് രണ്ട് വര്‍ഷം മുന്‍പ് കാണാതായ സുന്ദരത്തിന്റെ വീട്ടിലാണ്. ജയിംസ് സുന്ദരമായി മാറുന്ന ആ സായാഹ്നം മുതലാണ് സിനിമ കാഴ്ചക്കാരെ പിടിച്ചിരുന്നത്. തുടര്‍ന്നങ്ങോട്ട് ഉണ്ടാകുന്ന സംഭവങ്ങളും മമ്മൂട്ടി എന്ന നടന്റെ അസാധ്യ പ്രകടനവുമാണ് സിനിമ.
മമ്മൂട്ടിക്കമ്പനിയുടെ ആദ്യ സിനിമ മമ്മൂട്ടിയ്ക്ക് അത്രമേല്‍ പ്രിയമായതിന്റെ കാരണം സിനിമ കാണുന്നവര്‍ക്ക് വ്യക്തമാകും. തുടക്കത്തില്‍ പറഞ്ഞിരിക്കുന്ന തിരുക്കുറലിന്റെ വരികളാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഈ സിനിമയുടെ കാതലെന്ന് വേണമെങ്കില്‍ പറയാം. തമിഴാണ് സിനിമയുടെ ഒടുക്കവും തുടക്കവും. തമിഴ്‌നാടാണ് സിനിമയുടെ പശ്ചാത്തലം.
ഗ്രാമത്തിന്റെ ഭംഗിയാകെ ഒപ്പിയെടുത്ത കാമറയെക്കുറിച്ച് എടുത്ത് പറയേണ്ടതാണ്. ദീപു ജോസഫിന്റെ എഡിറ്റിങ്ങും കയ്യടി അര്‍ഹിക്കുന്നു. ലിജോ ജോസ് പെല്ലിശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. കണ്ടു പരിചയിച്ച പെല്ലിശേരി ചിത്രങ്ങളില്‍ നിന്ന് അല്പം വ്യത്യസ്തമാണിത്. ഏതു തരത്തിലുള്ള സിനിമയും തന്റെ കയ്യില്‍ ഭദ്രമാണെന്ന ഉറപ്പു പ്രേക്ഷകര്‍ക്ക് നല്കുക കൂടിയാണ് പെല്ലിശേരി ഈ സിനിമയിലൂടെ. ദൃശ്യ ഭംഗിയിലും ഭാവുകത്വത്തിലും അത് വ്യക്തവുമാണ്. ഒരേ സമയം സാഹചര്യത്തെ നിസഹായതയോടെ നോക്കിക്കാണുന്നവരെയും അതിലകപ്പെട്ടവരുടെ ആശങ്കയെയും ഒരേ ഫ്രെയിമിലാണ് സംവിധായകന്‍ കൂട്ടിയോജിപ്പിച്ചിരിക്കുന്നത്.
ഒരു ചെറുകഥ വായിക്കുന്ന സുഖത്തോടെ സിനിമ കണ്ടു തീര്‍ക്കാം. അങ്കമാലി ഡയറീസും ജെല്ലിക്കട്ടും സിറ്റി ഓഫ് ഗോഡും ആമേനുമടക്കമുള്ള ചിത്രങ്ങളില്‍ ചലനപ്പെരുക്കമുള്ള കാമറയായിരുന്നു താരമെങ്കില്‍ ഇതിലെറെയും സ്റ്റാറ്റിക്ക് ഷോട്ടുകളാണെന്നതും ശ്രദ്ധേയമാണ്. ജീവനുള്ള തമിഴ് ഉള്‍ഗ്രാമത്തെ അതുപോലെ പകര്‍ത്തിയിടത്താണ് ഛായാഗ്രാഹകന്‍ തേനി ഈശ്വറിന്റെ വിജയം.
പഴയ തമിഴ് ചലച്ചിത്ര ഗാനങ്ങള്‍, പുലര്‍ച്ചെ കേള്‍ക്കുന്ന ഭക്തിഗാനങ്ങള്‍, സാഹചര്യത്തിനൊപ്പം ടെലിവിഷനിലൂടെ എത്തുന്ന പഴയ തമിഴ് ചിത്രങ്ങളുടെ സംഭാഷണശകലങ്ങള്‍ എന്നിവയാണ് സിനിമയുടെ മറ്റ് പ്രത്യേകതകള്‍. അശോകന്‍, രാജേഷ് ശര്‍മ്മ, വിപിന്‍ ആറ്റ്ലി, അന്തരിച്ച പൂ രാമു തുടങ്ങിയവര്‍ക്കൊപ്പം പാസിങ് ഷോട്ടുകളില്‍ ദീപ്തമായ സാന്നിധ്യമാവുന്ന നിരവധി മുഖങ്ങളും സിനിമയെ ജീവനുള്ളതാക്കുന്നു. എസ് ഹരീഷാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രദർശനത്തിന് എത്തിയ സിനിമയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. രംഗനാഥ് രവയുടെ സൗണ്ട് ഡിസൈനും മെൽവി ജയുടെ കോസ്റ്റ്യൂമും റോണക്സ് സേവ്യറുടെ മേക്കപ്പും സിനിമയില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. ഐഎഫ്എഫ്‌കെയ്ക്ക് പിന്നാലെ സിനിമ തിയേറ്ററിലെത്തും.
English Summary: nanpakal nerathu mayakkam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.