22 December 2024, Sunday
KSFE Galaxy Chits Banner 2

400 സീറ്റുപേക്ഷിച്ച് വിഷം ചീറ്റുന്ന നരേന്ദ്ര മോഡി

രാഷ്ട്രീയ ലേഖകൻ
April 27, 2024 4:24 am

ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പ് അവസാനിക്കുമ്പോൾ ബിജെപിയുടെ പ്രതീക്ഷകൾക്ക് കൂടുതൽ മങ്ങലേറ്റിരിക്കുന്നുവെന്നാണ് വിലയിരുത്തൽ. രണ്ടാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഏപ്രിൽ 22ന് ഉത്തർപ്രദേശിലെ അലിഗഢിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കേൾക്കാൻ ജനങ്ങള്‍ തടിച്ചുകൂടി. എന്നാൽ മുമ്പ് മോഡിയിൽ നിന്നുണ്ടായിരുന്ന ആത്മവിശ്വാസത്തോടെയുള്ള പ്രസംഗമല്ല കേട്ടത് എന്നതുകൊണ്ട് കൂടിയിരുന്ന ജനങ്ങൾ ആശ്ചര്യപ്പെട്ടുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വലിയ ആവേശത്തോടെ 400ലധികം സീറ്റുകളെന്ന മുദ്രാവാക്യം മുഴക്കിയിരുന്ന മോഡി, ഒരിക്കൽകൂടി മോഡി സർക്കാർ എന്ന നിലയിലേക്ക് സ്വരത്തിൽ മാറ്റം വരുത്തിയതാണ് ജനങ്ങളെ അത്ഭുതപ്പെടുത്തിയത്. ഗുജറാത്തിലെ സൂറത്തിൽ നിന്ന് പാർട്ടി ആദ്യമായി കുതന്ത്രത്തിലൂടെയാണെങ്കിലും വിജയിച്ചിട്ടും തന്റെ ലക്ഷ്യം പരാജയപ്പെടുകയാണ് എന്ന് ഒരു പക്ഷേ നരേന്ദ്ര മോഡി തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ഏപ്രിൽ 19ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രതീക്ഷ വലിയതോതിൽ മോശമാകുന്നതായിരുന്നു വോട്ടിങ് ശതമാനത്തിലെ കണക്കുകൾ. ഇന്നലെ അവസാനിച്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള റിപ്പോർട്ടുകളിലും ബിജെപിയുടെ പ്രകടനം മെച്ചപ്പെടുത്താൻ കഴിയുന്ന കുറച്ച് മണ്ഡലങ്ങളേ ഉള്ളൂ എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെയാവണം പ്രധാനമന്ത്രി നരേന്ദ്ര മോഡി 400ലധികം സീറ്റുകളെന്ന പ്രസംഗം നിർത്തിയതെന്ന് അനുമാനിക്കാവുന്നതാണ്.

ആദ്യഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിൽ 30 സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കം പ്രവചിക്കപ്പെടുന്നത്. എൻഡിഎയിലെ സഖ്യകക്ഷികൾക്ക് മൂന്നിടത്തും. രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന 87ൽ 39 സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കമുള്ളത്. എൻഡിഎ സഖ്യകക്ഷികൾക്ക് വെറും അഞ്ച് സീറ്റിൽ മാത്രവും. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോഡി വിഷലിപ്തമായ വർഗീയ പ്രചാരണം ശക്തമാക്കിയിരിക്കുന്നത്.
ദക്ഷിണേന്ത്യയിലേക്ക് കൂടുതൽ കടന്നുകയറുന്നതിനുള്ള ബിജെപിയുടെ പദ്ധതികളുടെ പ്രധാനകേന്ദ്രമാണ് കർണാടക. ദക്ഷിണേന്ത്യയിൽ ആദ്യമായി കാവി പാർട്ടി അധികാരം രുചിച്ചത് 2008ൽ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലായിരുന്നു. ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും കർണാടകയിൽ അന്ന് ബിജെപി സർക്കാർ രൂപീകരിച്ചു. തനിച്ച് വ്യക്തമായ ഭൂരിപക്ഷമുണ്ടായില്ലെങ്കിലും കോൺഗ്രസിന്റെ കുത്തക തകർത്ത് സഖ്യ സർക്കാരിന് വഴിയൊരുക്കി. മറ്റൊരു പ്രധാന മാറ്റം ഉണ്ടായത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി മുൻഗണനാ പാർട്ടിയായി പരിഗണിക്കപ്പെട്ടു എന്നതായിരുന്നു. 2004ൽ 28ൽ 18 സീറ്റും ബിജെപി നേടിയപ്പോൾ കോൺഗ്രസ് പങ്കാളിത്തം ഒറ്റ അക്കത്തിലേക്ക് ചുരുങ്ങി. 2019ൽ 52 ശതമാനം വോട്ടും 25 സീറ്റുകളും ബിജെപി കരസ്ഥമാക്കി. 31.3 ശതമാനം വോട്ട് കിട്ടിയെങ്കിലും ജനതാദൾ എസുമായി സഖ്യമുണ്ടായിട്ടും കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് ജയിക്കാനായത്. അതേസമയം കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 224ൽ 135 സീറ്റുകൾ നേടി കോൺഗ്രസ് ശക്തമായി തിരിച്ചുവരികയും ബിജെപിയെ താഴെയിറക്കുകയും ചെയ്തു. വടക്കൻ, മധ്യ കർണാടക ലിംഗായത്ത് ശക്തികേന്ദ്രങ്ങളിൽ പോലും ബിജെപിയുടെ കോട്ടകൾ തകർന്നു. പ്രാദേശിക പാർട്ടിയാണെങ്കിലും എക്കാലവും പിന്തുണച്ചിരുന്ന പഴയ മൈസൂർ വൊക്കലിംഗ ഹൃദയഭൂമിയിൽ ജനതാദളും (എസ്) പരാജയപ്പെട്ടു.
യെദ്യൂരപ്പയെ ഒഴിവാക്കിയതിൽ ലിംഗായത്തുകൾ ബിജെപിയോട് അതൃപ്തരായിരുന്നു. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയായി കാണുമെന്ന പ്രതീക്ഷയിലാണ് വൊക്കലിംഗക്കാർ കോൺഗ്രസിനെ തെരഞ്ഞെടുത്തത്. ഇതേ ജാതി സമവാക്യങ്ങൾ ഇത്തവണയുണ്ടാകുമോയെന്ന് പറയാനാകില്ല. കാരണം യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയിരിക്കുന്നു. ഡി കെ ശിവകുമാറാകട്ടെ മുഖ്യമന്ത്രിയും കുറുബ വിഭാഗത്തിലെ ശക്തനുമായ സിദ്ധരാമയ്യയുമായി നേതൃതർക്കം തുടരുകയുമാണ്.

ഏപ്രിൽ 26നും മേയ് ഏഴിനും രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് മന്ത്രിമാരുടെ ബന്ധുക്കൾക്ക് 10 സീറ്റുകൾ നൽകിയപ്പോൾ ബിജെപി 15 സിറ്റിങ് എംപിമാരെ ഒഴിവാക്കി. കോലാറിലും ബാഗൽകോട്ടിലും കോൺഗ്രസ് വിമത ഭീഷണി നേരിടുമ്പോൾ ബിജെപി ആറിടങ്ങളിലെങ്കിലും വിമത ഭീഷണി നേരിടുന്നു. മകൻ കാന്തേഷിന് ടിക്കറ്റ് നിഷേധിച്ചതിൽ അസ്വസ്ഥനായ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പ സ്വതന്ത്രനായി മത്സരിക്കുകയും ചെയ്യുന്നു. തീപ്പൊരി ഹിന്ദുത്വ നേതാവ് പ്രതാപ് സിംഹയെ ഒഴിവാക്കി മൈസൂരു രാജകുടുംബാംഗവും രാഷ്ട്രീയത്തിൽ കന്നിക്കാരനുമായ യദുവീർ വാദിയാറിനെ മുഖ്യമന്ത്രിയുടെ നാടായ മൈസൂരുവിൽ ബിജെപി സ്ഥാനാർത്ഥിയാക്കിയത് പ്രവചനം അസാധ്യമാക്കി. ബംഗളൂരുവിൽ ശിവകുമാറിന്റെ ഇളയ സഹോദരൻ ഡി കെ സുരേഷിനെ നേരിടാൻ ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയുടെ മരുമകനും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ സി എൻ മഞ്ജുനാഥിനെയാണ് ബിജെപി കളത്തിലിറക്കിയത്. അതുകൊണ്ടുതന്നെ രണ്ട് മണ്ഡലങ്ങളും വ്യക്തിപരമായി നിർണായകമായതിനാൽ സിദ്ധരാമയ്യക്കും ശിവകുമാറിനും ഇവിടെ കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുന്നു.

രാമക്ഷേത്രത്തെക്കുറിച്ചുള്ള വിവാദങ്ങൾ, കുടുംബാധിപത്യം, ഹിന്ദു ദേശീയത എന്നീ പ്രചരണോപാധികൾ ദുർബലമാകുകയും പകരം വികസനം, ഗ്യാരന്റി തുടങ്ങിയ വിഷയങ്ങൾ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. അഴിമതി, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം. സാമ്പത്തിക സ്ഥിതി, അടിസ്ഥാന വരുമാനം, മൂലധന ചെലവ്, വടക്ക്-തെക്ക് വിഭജനം എന്നിവയും കർണാടകയിൽ ചർച്ച ചെയ്യപ്പെടുന്നു.
പാർട്ടിയുടെ അഞ്ച് ഗ്യാരന്റികൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൂന്നാം അവസരത്തിനുവേണ്ടിയുള്ള ബിജെപിയുടെ ആക്രമണാത്മക മുന്നേറ്റത്തിന് വെല്ലുവിളിയാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അരി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, സൗജന്യ വൈദ്യുതി, കുടുംബനാഥകളായ സ്ത്രീകള്‍ക്ക് 2,000 രൂപ, ബിരുദധാരികൾക്ക് തൊഴിലില്ലായ്മാ ആനുകൂല്യങ്ങൾ എന്നീ വാഗ്ദാനങ്ങളായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ തകർപ്പൻ വിജയത്തിന് പ്രധാന കാരണമായതെന്നതും കോൺഗ്രസിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കർണാടകയിലും ബിജെപിക്ക് വലിയ പ്രതീക്ഷയില്ല. ഇതുതന്നെയാണ് കഴിഞ്ഞ തവണ ബിജെപിക്ക് മുൻതൂക്കം ലഭിച്ച പല സംസ്ഥാനങ്ങളിലെയും സ്ഥിതി എന്ന് ബോധ്യപ്പെട്ടതിനാലാണ് 400ലധികം സീറ്റുകൾ എന്ന നേരത്തെയുള്ള മുദ്രാവാക്യം മറക്കുകയും തീവ്രഹിന്ദുത്വ ധ്രുവീകരണത്തിനായി വിഷംചീറ്റുന്ന പ്രചരണ വിഷയങ്ങൾ നരേന്ദ്ര മോഡി ഏറ്റെടുത്തിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
(അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.