16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 11, 2024
November 7, 2024
October 30, 2024
October 27, 2024
October 23, 2024
October 22, 2024
October 16, 2024
October 15, 2024
October 11, 2024

മോ‍ഡിയുടെ കത്തോടുകൂടിയുള്ള വാട്സ്ആപ്പ് സന്ദേശം: പെരുമാറ്റചട്ടത്തിന്റെ ലംഘനമെന്ന് പരാതി

* അധികാര ദുര്‍വിനിയോഗം നടത്തി 
* ഫോണ്‍ നമ്പറുകള്‍ ചോര്‍ത്തി; സ്വകാര്യതാ ലംഘനം
* പ്രചാരണത്തിന് കേന്ദ്ര ഫണ്ട്, വ്യോമസേനാ വിമാനം
Janayugom Webdesk
ചണ്ഡീഗഢ്
March 19, 2024 9:31 pm
വികസിത് ഭാരത് സമ്പര്‍ക്ക് എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോ‍ഡിയുടെ കത്തോടുകൂടിയുള്ള വാട്സ് ആപ്പ് കൂട്ട സന്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമെന്ന് പരാതി. പ്രഥമദൃഷ്ടാ ചട്ടലംഘനം കണ്ടെത്തിയെന്നും വിഷയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ചണ്ഡിഗഢിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജനങ്ങളുടെ പ്രതികരണങ്ങളും നിര്‍ദേശങ്ങളും വ്യക്തമാക്കാൻ ആവശ്യപ്പെടുന്നതാണ് വാട്സ് ആപ്പ് സന്ദേശം. പ്രധാനമന്ത്രി ആവാസ് യോജന, ആയുഷ്മാൻ ഭാരത്, മാതൃ വന്ദനാ യോജന തുടങ്ങിയ പദ്ധതികളും കത്തില്‍ ഉയര്‍ത്തിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തൊട്ടടുത്ത ദിവസം രാജ്യത്ത് ലക്ഷക്കണക്കിന് പേര്‍ക്ക് ഈ സന്ദേശം ലഭിച്ചിട്ടുണ്ട്. പൊതുജന വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ ആശങ്കയറിയിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
പെരുമാറ്റചട്ട ലംഘനം ചൂണ്ടിക്കാട്ടി ചണ്ഡീഗഢ് സ്വദേശിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സി വിജില്‍ ആപ്പിലൂടെ പരാതി നല്‍കിയത്. പൊതുതെര‌ഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി കൂടിയായ മോഡിയുടെ പേരിലാണ് സന്ദേശമെന്നും പരാതിയിലുണ്ട്. വിഷയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി ചണ്ഡീഗഢ് റിട്ടേണിങ് ഓഫിസര്‍ വിനയ് പ്രതാപ് സിങ് അറിയിച്ചു.
സമൂഹമാധ്യമം ഉപയോഗിച്ച് നടത്തുന്ന പെരുമാറ്റച്ചട്ടലംഘനമായതിനാല്‍ ചണ്ഡീഗഢ് ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിങ് കമ്മിറ്റിക്ക് പരാതി കൈമാറി. കേന്ദ്ര സര്‍ക്കാരും മെറ്റയും ഉള്‍പ്പെട്ടതാണ് എന്നതിനാലും ചണ്ഡീഗഢ് അധികാരപരിധിയില്‍ മാത്രമുള്ളതല്ല എന്നതിനാലും കേന്ദ്ര കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് വിനയ് പ്രതാപ് സിങ് പറഞ്ഞു.
ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയത്തിന്റെ ഔദ്യോഗിക വിലാസത്തിലാണ് വികസിത് ഭാരത് സമ്പര്‍ക്ക് അക്കൗണ്ട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. യുകെ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഉള്ളവര്‍ക്കും സന്ദേശം ലഭിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടത്തിന്റെയും സ്വകാര്യതയുടെയും ലംഘനമാണ് ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി സമൂഹമാധ്യമത്തില്‍ കുറിച്ചു. മന്ത്രാലയത്തിന് തന്റെ ഫോണ്‍ നമ്പര്‍ എവിടെ നിന്നും ലഭിച്ചുവെന്നും ഏത് വിവരശേഖരമാണ് അവര്‍ അനധികൃതമായി കൈവശപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.
ബിജെപിയുടെ പ്രചരണത്തിനെത്തിയ കോയമ്പത്തൂരിലും മോഡി പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി ഉയര്‍ന്നു. റാലിക്ക് സ്കൂള്‍ കുട്ടികളെ അണിനിരത്തിയും സര്‍ക്കാര്‍ അതിഥി മന്ദിരം ഉപയോഗിച്ചുമാണ് ചട്ടലംഘനം നടത്തിയത്. ആറ് മുതൽ എട്ടുവരെ ക്ലാസുകളിൽ നിന്നുള്ള 50 തിലധികം വിദ്യാർത്ഥികളെയാണ് പരിപാടിയിൽ പങ്കെടുപ്പിച്ചത്. കുട്ടികളെ പ്രചരണത്തിനുപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശമുള്ളതാണ്. ഇതിന് പുറമെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി കേന്ദ്രഫണ്ടുകള്‍ ഉപയോഗിക്കുന്നതിനെതിരെയും വ്യോമസേനാ വിമാനം ഉപയോഗിക്കുന്നതിനെതിരെയും തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ പരാതി ലഭിച്ചിട്ടുണ്ട്.
Eng­lish Sum­ma­ry: naren­dra modi what­sapp mes­sage; Com­plaint of vio­la­tion of elec­tion code of conduct
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.