30 January 2026, Friday

‘നടരാജനും’ ‘സോമസ്‌കന്ദയും’ തിരിച്ചെത്തുന്നു; തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങൾ തിരികെ നൽകാൻ യുഎസ് മ്യൂസിയം

Janayugom Webdesk
ന്യൂയോർക്ക്
January 30, 2026 6:25 pm

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ട മൂന്ന് പുരാതന വെങ്കല ശില്പങ്ങൾ തിരികെ നൽകുമെന്ന് യുഎസിലെ സ്മിത്സോണിയൻ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട് പ്രഖ്യാപിച്ചു. മ്യൂസിയം നടത്തിയ വിശദമായ അന്വേഷണത്തിൽ ഈ ശില്പങ്ങൾ നിയമവിരുദ്ധമായി കടത്തിയതാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് ഈ സുപ്രധാന തീരുമാനം. പത്താം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലെ ‘ശിവ നടരാജൻ’, പന്ത്രണ്ടാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലെ ‘സോമസ്‌കന്ദ’, പതിനാറാം നൂറ്റാണ്ടിലെ വിജയനഗര കാലഘട്ടത്തിലെ ‘സുന്ദരമൂർത്തി നായനാരും പറവൈ നാച്ചിയാരും’ എന്നീ വിഗ്രഹങ്ങളാണ് ഇന്ത്യയ്ക്ക് കൈമാറുന്നത്. ഈ ശില്പങ്ങൾ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് ഫോട്ടോ തെളിവുകളുടെയും പുരാവസ്തു ഗവേഷണത്തിന്റെയും അടിസ്ഥാനത്തിൽ മ്യൂസിയം അധികൃതർ സ്ഥിരീകരിച്ചു.

തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ തിരുത്തുറൈപ്പൂണ്ടിയിലുള്ള ശ്രീ ഭവ ഔഷധേശ്വര ക്ഷേത്രത്തിലേതാണ് ‘ശിവ നടരാജൻ’ ശില്പം. 1957ൽ ഈ ക്ഷേത്രത്തിൽ വെച്ച് എടുത്ത ചിത്രങ്ങൾ മ്യൂസിയം ഗവേഷകർ കണ്ടെത്തി. 2002ൽ ന്യൂയോർക്കിലെ ഒരു ഗാലറിയിൽ നിന്നാണ് മ്യൂസിയം ഇത് വാങ്ങിയത്. എന്നാൽ വ്യാജ രേഖകൾ ചമച്ചാണ് വിൽപന നടത്തിയതെന്ന് പിന്നീട് ബോധ്യമായി. ‘സോമസ്‌കന്ദ’ വിഗ്രഹം മന്നാർഗുഡി താലൂക്കിലെ ആലത്തൂർ ഗ്രാമത്തിലുള്ള വിശ്വനാഥ ക്ഷേത്രത്തിലേതാണെന്നും, ‘സുന്ദരമൂർത്തി നായനാരും പറവൈ നാച്ചിയാരും’ ഉൾപ്പെട്ട ശില്പം കള്ളക്കുറിച്ചി താലൂക്കിലെ വീരചോളപുരം ഗ്രാമത്തിലുള്ള ശിവക്ഷേത്രത്തിലേതാണെന്നും ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരിയിലെ ഫോട്ടോ ആർക്കൈവ്‌സ് സഹായത്തോടെ നടത്തിയ പരിശോധനയിൽ തെളിഞ്ഞു.

ശില്പങ്ങൾ തിരികെ നൽകുന്നതിനൊപ്പം തന്നെ ഇന്ത്യയുമായി ചേർന്ന് മറ്റൊരു സുപ്രധാന ധാരണയിലും മ്യൂസിയം എത്തിയിട്ടുണ്ട്. തിരികെ നൽകുന്ന ശില്പങ്ങളിൽ ഒന്നായ ‘ശിവ നടരാജൻ’ ദീർഘകാല വായ്പാ അടിസ്ഥാനത്തിൽ യുഎസിലെ മ്യൂസിയത്തിൽ തന്നെ പ്രദർശിപ്പിക്കാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകി. ശില്പത്തിന്റെ ഉത്ഭവം, അത് ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയ രീതി, ഒടുവിൽ അത് കണ്ടെത്തി തിരികെ നൽകാനുള്ള തീരുമാനം തുടങ്ങിയ മുഴുവൻ ചരിത്രവും സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായാണ് ഈ പ്രദർശനം തുടരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.