10 January 2026, Saturday

ദേശീയ സഹകരണനയവും ഒളിഞ്ഞിരിക്കുന്ന വിഷമുള്ളുകളും

കെ ജി ശിവാനന്ദൻ
August 18, 2025 4:20 am

2002ലെ ദേശീയ സഹകരണനയം പൊളിച്ചെഴുതുന്നുവെന്ന പ്രഖ്യാപനത്തോടെയാണ് കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ പുതിയ നയം പ്രഖ്യാപിച്ചത്. 2047നെ ലക്ഷ്യം വെച്ചുകൊണ്ടുള്ള വികസിതഭാരതം സാക്ഷാത്കരിക്കുന്നതിനുള്ള ഉത്തേജകശക്തിയാണ് പുതിയ സഹകരണനയം 2025 എന്ന് അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ മോഡി സർക്കാരിന്റെ കാലത്ത് രൂപീകരിച്ച് സഹകരണ മന്ത്രാലയത്തിന്റെ തലപ്പത്ത് അമിത് ഷാ വന്നതിനുശേഷം 63 പദ്ധതികളുടെ പ്രഖ്യാപനം പല സന്ദർഭങ്ങളിലായി അദ്ദേഹം നടത്തി. ഇതിൽ പലതും വിവാദങ്ങളായി പരിണമിക്കുകയും ചെയ്തു. ഈ പ്രഖ്യാപനങ്ങളെല്ലാം തട്ടിക്കൂട്ടിയെടുത്ത് വിവരിച്ചിട്ടുള്ളതാണ് പുതിയ ദേശീയ സഹകരണനയം. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെയും ബഹുസ്വരതയെയും തിരസ്കരിച്ച് എല്ലാം ഏകാധികാര കേന്ദ്രത്തിനുകീഴിൽ കൊണ്ടുവരികയെന്നത് ബിജെപി സർക്കാരിന്റെ നയമാണ്. ഇതേ നയം തന്നെയാണ് സഹകരണ മേഖലയിലും നടപ്പിലാക്കുന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ പ്രഖ്യാപനം. സഹകരണ മേഖലയെ വൈവിധ്യവല്‍ക്കരിക്കുന്നതും പ്രൊഫഷണലിസം കൊണ്ടുവരുന്നതും ഇന്ത്യയുടെ വികസനലക്ഷ്യം സാക്ഷാത്കരിക്കുന്നതുമാണ് പുതിയ നയമെന്ന് മന്ത്രി പറയുന്നു. സമ്പദ്ഘടന ശാക്തീകരിക്കുന്നതിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും അവകാശപ്പെടുന്നു. സർക്കാർ നിയന്ത്രണം പരിമിതപ്പെടുത്തി സ്വയംഭരണം ശക്തിപ്പെടുത്തുകയെന്നതും, അതോടൊപ്പം ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിച്ച് ഇടപാടുകളിലെ സുതാര്യത ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ഈ നയത്തിന്റെ ഗുണഭോക്താക്കൾ പ്രധാനമായും കർഷകരും ഗ്രാമീണരുമാണ് എന്നാണ് നയത്തിന്റെ കർത്താക്കൾ പറയുന്നത്.

ചെറുകിട സംരംഭകരെയും സ്ത്രീകളെയും യുവാക്കളെയും സഹകരണ മേഖലയോട് അടുപ്പിക്കുന്നതിനും ഈ നയം വഴി സാധിക്കുമെന്നും അവകാശവാദങ്ങളിലുണ്ട്. അഞ്ചുലക്ഷത്തിലധികം ഗ്രാമങ്ങളുടെ സമുച്ചയമാണ് ഇന്ത്യ. ഒരു വില്ലേജിൽ ഒരു സഹകരണ സ്ഥാപനമെങ്കിലും ഉണ്ടായിരിക്കണമെന്ന് അമിത് ഷാ വ്യക്തമാക്കുന്നു. ഇതിനായി രണ്ടുലക്ഷം പുതിയ സഹകരണ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് നയം ലക്ഷ്യമിടുന്നുണ്ടെന്നും അതിന്റെ ഭാഗമായി 35,000 സഹകരണ സ്ഥാപനങ്ങൾ നിലവിൽ വന്നതായും മന്ത്രി അവകാശപ്പെടുന്നു. വിവിധോദ്ദേശ്യ, ക്ഷീര, മത്സ്യ സഹകരണ സംഘങ്ങളാണ് രണ്ടുലക്ഷം സംഘ ങ്ങളുടെ പരിധിയിൽ വരുന്നത്. വിവിധോദ്ദേശ്യ സഹകരണ സംഘങ്ങളുടെ മറവിൽ, കേന്ദ്ര സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെ കെട്ടഴിച്ച് വിടുകയാണ് ചെയ്യുന്നത്. ബാങ്കിങ് സേവനം ഉൾപ്പെടെ ലഭ്യമാക്കാവുന്ന വിധത്തിൽ ക്ഷീര, മത്സ്യ സംഘങ്ങൾക്ക് അനുമതി നൽകുന്നു. പ്രഖ്യാപിക്കപ്പെട്ട രണ്ടുലക്ഷത്തില്‍ സ്ഥാപിക്കപ്പെട്ട 35,000 സംഘങ്ങളിലധികവും മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളാണ് എന്നാണ് മനസിലാക്കുന്നത്. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ വൻതോതിലുള്ള തള്ളിക്കയറ്റമാണ് ഇത്തരം സംഘങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. മത്സ്യ‑ക്ഷീര സംഘങ്ങളെ ഗുജറാത്ത് മോഡൽ സംഘങ്ങൾ എന്ന പേരിൽ രൂപീകരിച്ച് കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. സഹകരണ മേഖലയുടെ ജീവസത്ത ഊറ്റിക്കുടിച്ച് വളരുന്ന ഇവ സഹകരണ മേഖലയുടെ നാശത്തിന് കാരണമാകുന്ന പരാദങ്ങളാണ് എന്ന് നിസംശയം പറയാം. ദേശീയ സഹകരണനയത്തെ വിലയിരുത്തുമ്പോൾ, പ്രഖ്യാപനങ്ങളുടെ ആവർത്തനം മാത്രമാണ് കാണാൻ കഴിയും. അതോടൊപ്പം കേന്ദ്ര സഹകരണ മന്ത്രാലയം എന്ന അധികാര കേന്ദ്രത്തിനു കീഴില്‍ രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ അടക്കി നിർത്തുകയെന്നതും ലക്ഷ്യമാണെന്ന് നയം വ്യക്തമാക്കുന്നുണ്ട്. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് ഏകീകൃത ബൈലോ ഉണ്ടാകണമെന്ന് നയം നിഷ്കർഷിക്കുന്നു. രാജ്യത്തെ സഹകരണ സംഘങ്ങളുടെ വിവരങ്ങൾ ക്രോഡീകരിക്കുന്നതിന് ദേശീയ സഹകരണ ഡാറ്റാ സെന്ററും അതോടൊപ്പം കാർഷിക വായ്പാ സംഘങ്ങൾക്ക് പൊതു സോഫ്റ്റ്‌വേറും ഉണ്ടാകണം. പ്രാഥമിക സഹകരണ സംഘങ്ങളെ വിവിധോദ്ദേശ്യ സഹകരണ സംഘങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതിയും മുന്നോട്ടുവയ്ക്കുന്നു. ബഹുജനങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ഇ‑സേവനങ്ങൾ സഹകരണ സംഘങ്ങളിലൂടെ ലഭ്യമാക്കാനുള്ള പദ്ധതിയും ഇതിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം പുതുമയാർന്നതോ ഗുണപ്രദമോ ആയതൊന്നും തന്നെ ദേശീയ സഹകരണനയത്തിൽ കാണാൻ കഴിയില്ല. എന്നാൽ, ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ മൂല്യങ്ങളുടെ തകർച്ചയ്ക്കും സംസ്ഥാന അവകാശങ്ങൾ കവരുന്നതിനുമുള്ള കേന്ദ്ര നീക്കം ആത്യന്തികമായി കേരളത്തിന്റെ സഹകരണ മേഖലയുടെ അടിത്തറ ഇളക്കുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. അതിനാൽ, കേന്ദ്രം പലഘട്ടങ്ങളിലായി പ്രഖ്യാപിച്ച 63 പ്രഖ്യാപനങ്ങളിൽ മിക്കവയും സ്വീകരിക്കാതെ തള്ളിക്കളയുകയാണ് കേരളം ചെയ്തിട്ടുള്ളത്. കേന്ദ്ര സർക്കാരാകട്ടെ, അവർ പ്രഖ്യാപിച്ച പദ്ധതികൾ സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തിയും സാമ്പത്തികസഹായം ഉൾപ്പെടെ നിഷേധിച്ചും നിർബന്ധം ചെലുത്തി അംഗീകരിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അത്യന്തം അപകടകരമായ ഫാസിസ്റ്റ് രീതിയാണ് ഇത്. രാജ്യത്തെ സഹകരണ മേഖല പൂർണമായും ഏകീകൃത സ്വഭാവത്തിലുള്ളതായിരിക്കണമെന്നുള്ള കേന്ദ്രത്തിന്റെ മാതൃകാ നിയമാവലി വലിയതോതിലുള്ള സമ്മർദങ്ങൾ ഉണ്ടായിട്ടുപോലും സ്വീകരിക്കാൻ കേരളം കൂട്ടാക്കിയിട്ടില്ല. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ സഹകരണ നയത്തിലെ നിർദേശങ്ങളിൽ മിക്കവയും ഭരണഘടനാ വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിക്കാനും കേരളം മടിച്ചില്ല. പ്രാദേശിക സവിശേഷതകൾ അനുസരിച്ചാണ് സഹകരണ സംഘങ്ങൾ പ്രവർത്തനം ചിട്ടപ്പെടുത്തുന്നത്.

ഇതിൽ ഏകീകരണവും കേന്ദ്രീകരണവും കൊണ്ടുവരുന്നത് സംഘങ്ങളുടെ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്തുവാനും തടസപ്പെടുത്താനും ഇടവരുത്തും എന്ന നിലപാടാണ് കേരളം ചൂണ്ടിക്കാട്ടിയത്. അതോടൊപ്പം സംസ്ഥാനങ്ങൾക്ക് ഇണങ്ങും വിധത്തിൽ മോഡൽ ബൈലോ കൊണ്ടുവരാൻ നടപടി ഉണ്ടാകണമെന്നും കേരളം ആവശ്യപ്പെടുന്നു. കേരളം, സംസ്ഥാനത്തിന് അനുയോജ്യമായ മോഡൽ ബൈലോയ്ക്ക് രൂപം നൽകുകയും ചെയ്തു. സഹകരണ സംഘങ്ങളുടെ വിവരങ്ങൾ കൈമാറുന്നത് സുരക്ഷിതമല്ലെന്നിരിക്കേ, കേന്ദ്ര നിലപാട് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. പൊതു സോഫ്റ്റ്‌വേർ എന്ന ആശയത്തിനുപകരം ഏകീകൃത സോഫ്റ്റ്‌വേർ എന്നതിലേക്കാണ് കേരളം മാറിയിട്ടുള്ളത്. അതുമാത്രമല്ല, പുതിയ കേന്ദ്ര സഹകരണ നയത്തിലെ പല കാര്യങ്ങളും വളരെ നേരത്തെതന്നെ കേരളത്തിൽ നടപ്പാക്കിയിട്ടുള്ള കാര്യങ്ങളാണ്. അതിനാൽ തന്നെ ഇപ്പോഴത്തെ പുതിയ നയത്തിൽ പുതുമയൊന്നും കാണാൻ കഴിയുന്നില്ല. അമിത് ഷായുടെ രണ്ടുലക്ഷം സഹകരണ സംഘങ്ങൾ എന്ന പ്രഖ്യാപനത്തിൽ പറയുന്ന 35,000 എണ്ണം യാഥാർത്ഥ്യമാക്കിയെന്നതാണ് അവകാശവാദം. എന്നാൽ, കേന്ദ്ര പദ്ധതിയുടെ ആനുകൂല്യം കേരളത്തിന് ലഭിച്ചിട്ടില്ല. ക്ഷീര‑മത്സ്യ മേഖലകളിൽ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള സൗജന്യങ്ങൾ, അധികാര‑അവകാശങ്ങൾ കേരളത്തിനും ലഭിക്കേണ്ടതാണ്. സംസ്ഥാനങ്ങളുടെ അധികാര‑അവകാശങ്ങൾ കവർന്നെടുക്കാതെയുള്ള തുറന്ന നയസമീപനം സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. ദേശീയ സഹകരണനയത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റൊരു പ്രധാനപ്പെട്ട കാര്യം എല്ലാ ജില്ലകളിലും ജില്ലാ സഹകരണ ബാങ്കുകൾ വേണമെന്നാണ്. കേരളത്തിൽ 14 ജില്ലകളിലും ജില്ലാ സഹകരണ ബാങ്കുകൾ പ്രവർത്തിച്ചിരുന്നതാണ്.

സഹകരണ മേഖലയ്ക്ക് ദ്വിതല സംവിധാനം മതിയെന്ന നിർദേശം പ്രകാശ് ബക്ഷി കമ്മിറ്റി മുന്നോട്ടുവയ്ക്കുകയും ഈ നിർദേശം നടപ്പിലാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്കുമേൽ സമ്മർദം ചെലുത്തുകയും ചെയ്തു. അതിനെ തുടർന്ന് ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുകയാണ് ചെയ്തത്. ഇനി വീണ്ടും ത്രിതല സംവിധാനത്തിലേക്കുള്ള തിരിച്ചുപോക്ക് ഒട്ടേറെ സങ്കീർണതകളും പ്രതിസന്ധികളും സൃഷ്ടിക്കും. ചുരുക്കത്തിൽ എരിതീയിൽ എണ്ണ ഒഴിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ ദേശീയ സഹകരണ നയപ്രഖ്യാപനത്തിലൂടെ നടത്തിയിട്ടുള്ളത്. സംസ്ഥാന വിഷയമായ സഹകരണത്തിൽ കേന്ദ്രം ഏകപക്ഷീയമായ സമീപനം സ്വീകരിക്കുന്ന നടപടി ഉചിതമല്ല. ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന നിലപാടാണ് ഇത്. ഈ കാര്യത്തിൽ ക്രിയാത്മകമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കേണ്ടത്. സ്വതന്ത്ര സാമ്പത്തിക സംവിധാനം എന്ന നിലയിൽ സ്വയംഭരണ സ്ഥാപനങ്ങളായി സഹകരണ സ്ഥാപനങ്ങളെ വളർത്തിയെടുക്കാനുള്ള പരിശ്രമവും ചരടുകളില്ലാത്ത സഹായവുമാണ് കേന്ദ്രം നൽകേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.