22 December 2024, Sunday
KSFE Galaxy Chits Banner 2

കേരളത്തിന് വിനയാകുന്ന ദേശീയ വിദ്യാഭ്യാസ നയം

Janayugom Webdesk
March 30, 2023 5:00 am

പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ രാജ്യത്തിന് എന്നും മാതൃകയാണ് കേരളം. കാലോചിതമായ മാറ്റങ്ങളോടെ വിദ്യാഭ്യാസ പുരോഗതിയെ വളരെയധികം സഹായിച്ചവയാണ് സംസ്ഥാനത്തെ പൊതു-സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾ. ഒന്നു മുതൽ നാല് വരെ ലോവർ പ്രൈമറി, അഞ്ച് മുതൽ ഏഴ് വരെ അപ്പർ പ്രൈമറി, എട്ട് മുതൽ 10 വരെ ഹൈസ്കൂൾ, 11,12 ക്ലാസുകൾ ഹയർ സെക്കൻഡറി എന്ന രീതിയാണ് ഇവിടെ നിലവിലുള്ളത്. ഒന്നു മുതൽ എട്ട് വരെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജ്യന ഭക്ഷണം, വസ്ത്രം, പാഠപുസ്തകം എന്നിവ സർക്കാർ നല്കുന്നു. അഞ്ചാം വയസിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന രീതി പതിറ്റാണ്ടുകളായി കേരളത്തില്‍ നിലനില്‍ക്കുന്നു. ഇപ്പോള്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് പൂർത്തിയാകണമെന്ന ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നിർബന്ധമായും നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ അന്ത്യശാസനം നൽകിയിരിക്കുകയാണ്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമ(ആർടിഇ)ത്തിന്റെ മറവിലാണ് നിർദേശം. കൺകറന്റ് പട്ടികയിലുള്ള വിദ്യാഭ്യാസത്തിന്റെ 65 ശതമാനം ഫണ്ട് കേന്ദ്രവും ബാക്കി 35 ശതമാനം സംസ്ഥാനവും വഹിക്കുന്നതിനാൽ നിയമം നടപ്പാക്കാൻ സംസ്ഥാനം നിർബന്ധിതമാവുകയാണ്. കേരളത്തിന്റെ സാഹചര്യത്തിൽ ആറ് വയസിൽ ഒന്നാം ക്ലാസ് പ്രവേശനം ആവശ്യമില്ലാത്തതാണ്. സാക്ഷരതയുടെ കാര്യത്തിലും അഞ്ച് വയസിൽ തന്നെ വിദ്യാലയ പ്രവേശനം നേടുന്ന കാര്യത്തിലും സംസ്ഥാനം ഏറെ മുന്നിലാണ്. ദേശീയതലത്തിലുള്ള കുട്ടികളുടെ സ്കൂൾ പ്രാപ്യതയില്ലായ്മയും കൊഴിഞ്ഞുപോക്കുമാണ് വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാനിടയാക്കിയത്. അതിൽ നിന്ന് വ്യത്യസ്തമായി സമ്പൂർണ സാക്ഷരതയും അടിസ്ഥാന വിദ്യാഭ്യാസവുമുള്ള സംസ്ഥാനത്തിന് അനുയോജ്യമായ വിദ്യാഭ്യാസരീതി തെരഞ്ഞെടുക്കാന്‍ ഫെഡറല്‍ സംവിധാനത്തില്‍ അവകാശമുണ്ട്. അതനുസരിച്ചാണ് സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസ് തന്നെയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്നലെ പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് 2024–25 അധ്യയന വർഷത്തിൽ പരിഷ്കരിച്ച പാഠ്യപദ്ധതി പ്രകാരമുള്ള പാഠപുസ്തകങ്ങൾ നിലവിൽ വരുത്താനുള്ള ശ്രമത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. ആദ്യഘട്ടത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, പ്ലസ് വൺ ക്ലാസുകളിലായിരിക്കും പുതിയ പുസ്തകം. 2025ൽ മാറ്റം പൂര്‍ത്തിയാക്കും. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി കുട്ടികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിക്കാൻ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും മുഴുവൻ ക്ലാസുകളിലും ചർച്ച നടത്തിയത് ലോകത്ത് തന്നെ ആദ്യത്തെ സംഭവമാണ്. അധ്യാപകർ ശേഖരിച്ച് ബിആർസികളിലേക്ക് നല്കിയ കുട്ടികളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് എസ്‌സിഇആർടി പാഠപുസ്തക രചനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. വരുന്ന ഒക്ടോബറിൽ ഒന്നാം ഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ അധ്യയന വര്‍ഷം അവസാനിക്കുന്നതിനു മുമ്പേ അടുത്തവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണത്തിനെത്തിച്ചും വിദ്യാഭ്യാസ രംഗത്ത് ചരിത്രമെഴുതിയിരിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. നിലവിലെ കരിക്കുലമനുസരിച്ച് ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത്. ആദ്യവാല്യത്തിലെ 288 വിഭാഗങ്ങളില്‍ 2.81 കോടി പാഠപുസ്തകങ്ങളാണ് ജില്ലാ ഹബ്ബുകളിൽ വിതരണത്തിനായി എത്തിച്ചത്. പുസ്തകങ്ങൾ മധ്യവേനലവധിക്കാലത്ത് തന്നെ സ്കൂൾ സൊസൈറ്റികൾ വഴി കുട്ടികൾക്ക് വിതരണം നടത്താനും തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. വേനലവധി തീരുന്നതിനു മുമ്പ് യൂണിഫോമുകളുടെ വിതരണവും പൂർത്തിയാക്കും.

ഏതുതരത്തില്‍ നോക്കിയാലും കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിന് വഴികാട്ടിയാണ്. ഫെഡറൽ സംവിധാനത്തിലെ സൗകര്യങ്ങള്‍ കൃത്യമായി പ്രയോജനപ്പെടുത്തി സ്കൂൾ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഗുണം നാടിനുണ്ടായിട്ടുണ്ട്. സ്കൂൾ പ്രായത്തിൽ ഉള്ള മുഴുവൻ കുട്ടികളും വിദ്യാലയങ്ങളിലെത്തുന്ന അപൂര്‍വ സംസ്ഥാനമാണ് നമ്മുടേത്. പന്ത്രണ്ടാം ക്ലാസ് വരെ കൊഴിഞ്ഞുപോക്കും വളരെ അപൂര്‍വമാണ്. പക്ഷേ, ദേശീയ അടിസ്ഥാനത്തിൽ സ്ഥിതി വ്യത്യസ്തമാണ്. കേന്ദ്രസർക്കാർ കണക്കനുസരിച്ച് സ്കൂൾ പ്രായത്തിലുള്ള എട്ട് കോടിയിലധികം കുട്ടികൾ ക്ലാസ് മുറിക്ക് പുറത്താണ്. ദേശീയതലത്തില്‍ ശരാശരി സ്കൂളിങ് 6.7 വർഷമാണ്. കേരളത്തിലിത് 11 വർഷത്തിൽ കൂടുതലാണ്. കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകളുടെ, പ്രത്യേകിച്ച് ഇടതുപക്ഷ സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും കാര്യക്ഷമായ ഇടപെടലാണ് ഈ ചരിത്ര നേട്ടത്തിന് നിദാനം. ഒരു രാജ്യം ഒരു നിയമം എന്നനിലയിലേക്ക് കാര്യങ്ങള്‍ നീക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ കേരളം പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ പുരോഗതിയെ പിന്നോട്ടടിപ്പിക്കും. അതുകൊണ്ടു തന്നെ വിശദമായ ചര്‍ച്ചയും സമഗ്രമായ വിലയിരുത്തലും നടത്തി മാത്രമേ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള സ്കൂള്‍ പ്രവേശന രീതി കേരളത്തില്‍ നടപ്പാക്കേണ്ടതുള്ളൂ.

 

Eng­lish Sam­mury: Nation­al Edu­ca­tion Pol­i­cy will be against Ker­ala Edu­ca­tion developments

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.