23 January 2026, Friday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

നാഷണല്‍ ഹെറാള്‍ഡ് കേസ്: 752 കോടി കണ്ടുകെട്ടി, പിടിച്ചെടുത്തത് ഗാന്ധി കുടുംബവുമായി ബന്ധമുള്ള സ്ഥാപനങ്ങളുടെ സ്വത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
November 21, 2023 8:41 pm

നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബവുമായി ബന്ധമുള്ള രണ്ട് സ്ഥാപനങ്ങളുടെ 752 കോടിയുടെ സ്വത്തുകള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇഡിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു.
കോൺ​ഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരാണ് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്. അതിന്റെ ഹോൾഡിംഗ് കമ്പനിയാണ് യങ് ഇന്ത്യ. അസോസിയേറ്റ് ജേണലിന്റെ 661.69 കോടി രൂപയുടെ സ്വത്തും യങ് ഇന്ത്യയുടെ 90.21 കോടി രൂപയുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് ഇഡി അറിയിച്ചു. ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഹൗസ്, മുംബൈ, ലഖ്നൗ എന്നീവിടങ്ങളിലെ നെഹ്റു ഭവന്‍ എന്നിവയും കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടും.
സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരാണ് യംഗ് ഇന്ത്യയുടെ ഡയറക്ടർമാർ. ഖാർഗെയും സാം പിത്രോഡയും അസോസിയേറ്റ് ജേർണലിന്റെ ഡയറക്ടർമാരാണ്. തെരഞ്ഞെടുപ്പ് കാലത്തെ ഇഡി നടപടിയെ കോണ്‍ഗ്രസ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. വിലകുറഞ്ഞ രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഘ്‌വി പ്രതികരിച്ചു. 

വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന പക്ഷം ബന്ധപ്പെട്ട സ്ഥാപനത്തിന്റെ സ്വത്ത് കൈമാറ്റം ചെയ്യാനുള്ള അവകാശം മരവിപ്പിക്കുന്നതിന് പകരം സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള തീരുമാനം ആരെ പ്രീണിപ്പിക്കാനുള്ള നടപടിയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടും. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വ്യക്തമായ തെളിവ് ഹാജരാക്കാതെയാണ് കണ്ടുകെട്ടല്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം എക്സില്‍ അഭിപ്രായപ്പെട്ടു. 

പ്രതിപക്ഷത്തെ ജനമധ്യത്തില്‍ താറടിച്ച് കാണിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് അതിവേഗത്തില്‍ നടത്തിയ കണ്ടുകെട്ടല്‍ നടപടി. 2013ൽ ഡൽഹി കോടതിയിൽ ബിജെപിയുടെ സുബ്രഹ്മണ്യൻ സ്വാമി നൽകിയ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.‌ വഞ്ചനയും ഫണ്ട് ദുരുപയോ​ഗവും ആരോപിച്ചായിരുന്നു പരാതി. കേസിൽ സോണിയ​ഗാന്ധിക്കും രാഹുൽ ​ഗാന്ധിക്കും 2015 ഡിസംബറിൽ വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇരുവരുടെയും മൊഴികൾക്കൊപ്പം കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെയും മൊഴി ഇ ഡി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടും എന്നായപ്പോൾ ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന സൂചനകളുമുണ്ട്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനാണ് ഇ ഡി തയ്യാറെടുക്കുന്നത്.

Eng­lish Sum­ma­ry: Nation­al Her­ald case: Rs 752 crore con­fis­cat­ed, assets of firms linked to Gand­hi fam­i­ly seized

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.