5 March 2026, Thursday

Related news

March 4, 2026
March 3, 2026
March 2, 2026
March 1, 2026
February 26, 2026
February 26, 2026
February 25, 2026
February 20, 2026
February 16, 2026
February 11, 2026

ദേശീയപാത വികസനം; ഭൂമിയേറ്റെടുക്കാന്‍ സമയ
പരിധി നിശ്ചയിച്ചു

Janayugom Webdesk
ആലപ്പുഴ
April 20, 2025 8:36 am

ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി സുഗമമാക്കുന്നതിന് ദേശീയപാത അതോറിട്ടി സമയപരിധി നിശ്ചയിച്ചു. കരട് വിജ്ഞാപനം പുറപ്പെടുവിക്കുക, അത് ബന്ധപ്പെട്ട ലാന്‍ഡ് അക്വിസിഷന്‍ അതോറിട്ടിക്ക് സമര്‍പ്പിക്കുക, കൈവശം വയ്ക്കല്‍, പരിവര്‍ത്തനം ചെയ്യല്‍ എന്നിവയ്ക്കെല്ലാം വ്യവസ്ഥകള്‍ കൊണ്ടുവന്നിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആഴ്ചതോറും ഭൂമി കൈമാറ്റ പ്രക്രിയ നിരീക്ഷിക്കണം. ഭൂമി ഏറ്റെടുക്കല്‍ നോട്ടീസില്‍ എതിര്‍പ്പുള്ള ഭൂവുടമകള്‍ക്ക്, ആവശ്യമായ നടപടികള്‍ക്കായി 21 ദിവസത്തെ സമയം അനുവദിക്കുക എന്നതു കൂടി കണക്കിലെടുത്താണ് ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്.
1956 ലെ നാഷണല്‍ ഹൈവേ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കാവുന്നതാണ്. പത്രങ്ങളില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 21 ദിവസത്തെ കാലയളവ് എതിര്‍പ്പുകള്‍ സമര്‍പ്പിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. സമയപരിധി പാലിക്കാത്തതിനാല്‍ ദേശീയപാത പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ വൈകുകയും അതുവഴി ചെലവ് വലിയ തോതില്‍ വര്‍ധിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് വിഷയം ചര്‍ച്ച ചെയ്യുകയും ഭൂമി ഏറ്റെടുക്കലില്‍ സമയപരിധി നിബന്ധന നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. നിശ്ചിത സമയത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കാന്‍ സാധിക്കാത്തതിനാല്‍, നിരവധി പദ്ധതികള്‍ വളരെക്കാലമായി മുടങ്ങിക്കിടക്കുന്നു. ലാന്‍ഡ് അക്വിസിഷന്‍ കോംപറ്റീറ്റീവ് അതോറിട്ടിക്ക് ഡ്രാഫ്റ്റ് സമര്‍പ്പിക്കല്‍, കരട് 3 ഡി പ്രൊപ്പോസല്‍ ഭൂമി രാശി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യല്‍, ഗസറ്റ് പ്രസിദ്ധീകരിക്കല്‍, അവകാശം ഉറപ്പാക്കല്‍, നഷ്ടപരിഹാര വിതരണം, പരിവര്‍ത്തനം ചെയ്യല്‍ എന്നിവയ്ക്കെല്ലാം സമയപരിധി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നടപടികളെല്ലാം 336 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് നിബന്ധന. ഹൈവേ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിനായി ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങള്‍ ഓണ്‍ലൈനായി ചെയ്യുന്നതിനാണ് ഭൂമി രാശി പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തത്. 

ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആഴ്ചതോറും പ്രോജക്ട് ഡയറക്ടര്‍ (പിഡി) ഉം, പ്രവര്‍ത്തന പുരോഗതി രണ്ടാഴ്ചയിലൊരിക്കല്‍ റീജിയണല്‍ ഓഫീസര്‍ (ആര്‍ഒ) ഉം നിരീക്ഷിക്കണം. എന്തെങ്കിലും പ്രശ്നങ്ങളോ പോരായ്മകളോ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട ചീഫ് ജനറല്‍ മാനേജരെ (ടെക്നിക്കല്‍) ഉടന്‍ അറിയിക്കണം എന്നും ദേശീയപാത അതോറിട്ടി പുറപ്പെടുവിച്ച സമയപരിധി സര്‍ക്കുലറില്‍ പറയുന്നു. സമയപരിധി നടപ്പിലാകുന്നതോടെ, ദേശീയപാത വികസനത്തിന് ആവശ്യമായ ഭൂമി കൃത്യസമയത്ത് കൈവശപ്പെടുത്താന്‍ കഴിയുകയും, അതുവഴി പദ്ധതിയിലെ കാലതാമസം ഒഴിവാക്കാനാകുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.