9 December 2025, Tuesday

Related news

December 6, 2025
December 5, 2025
November 30, 2025
November 16, 2025
November 13, 2025
November 13, 2025
October 24, 2025
October 23, 2025
October 9, 2025
October 4, 2025

ദേശീയപാത വികസനം: മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് വിദഗ്ധ സംഘം

Janayugom Webdesk
ചെറുവത്തൂർ
May 17, 2025 8:22 am

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡ് നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സ്ഥലങ്ങൾ സന്ദർശിച്ച് വിദഗ്ധ സംഘം.
മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പിലിക്കോട് പഞ്ചായത്തിലെ മട്ടലായി ഞാണങ്കൈ കുന്ന്, ചെറുവത്തൂർ പഞ്ചായത്തിലെ മയ്യിച്ചയിലെ വീരമലക്കുന്ന് എന്നിവിടങ്ങളിലാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയത്. കാലവർഷം അടുക്കുന്ന സാഹചര്യത്തിൽ ഈ കുന്നുകൾ ഇടിഞ്ഞുവീണ് ഗതാഗതത്തിനും നാട്ടുകാർക്കും അപകടം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് സംഘം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. ശക്തമായ മഴ പെയ്താൽ വീരമലക്കുന്നിൽ മണ്ണൊലിപ്പ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സംഘം വിലയിരുത്തി.
വീരമലക്കുന്നിൽ നിന്ന് വരുന്ന വെള്ളം ഒഴുകിപ്പോകുന്നതിന് ഡ്രെയിനേജ് സംവിധാനം നിർമ്മിക്കാമെന്ന് മേഘ കൺസ്ട്രക്ഷൻ കമ്പനി ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. കുന്നിൻ മുകളിലെ നീരുറവയ്ക്ക് സുഗമമായി ഒഴുകിപ്പോകാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്നും റോഡിന്റെ പടിഞ്ഞാറ് ഭാഗത്തും ഡ്രെയിനേജ് സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. 

പിലിക്കോട് പഞ്ചായത്തിലെ മട്ടലായി കുന്നിന്റെ സംരക്ഷണഭിത്തി നിർമ്മാണം കൂടുതൽ സുരക്ഷിതമായി പൂർത്തിയാക്കാൻ റവന്യൂ വകുപ്പ് കമ്പനിക്ക് നിർദ്ദേശം നൽകി. കാലിക്കടവ്, പടുവളം എന്നിവിടങ്ങളിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണാനും മേഘ കമ്പനിക്ക് സംഘം നിർദ്ദേശം നൽകി. ചെറുവത്തൂർ മടക്കര റോഡിൽ നിർമ്മിക്കുന്ന ഓവർബ്രിഡ്ജിന്റെ ഇരുവശങ്ങളിലെയും സമാന്തര റോഡിന്റെ സുരക്ഷ ഉറപ്പാക്കാനും പ്രത്യേക സംഘം നിർദ്ദേശം നൽകി.
കളക്ടറുടെ നിർദ്ദേശപ്രകാരം കാസർകോട് സ്പെഷ്യൽ തഹസിൽദാർ (എൽഎ എൻഎച്ച് യൂണിറ്റ് — 2) ഓഫീസിലെ സ്പെഷ്യൽ തഹസിൽദാർ കെ ശശികുമാർ, ഡെപ്യൂട്ടി തഹസിൽദാർ പി വി തുളസിരാജ്, കാഞ്ഞങ്ങാട് പിഡബ്ല്യുഡി സബ് ഡിവിഷൻ ദേശീയപാത വിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രസ്നൽ അലി, അസിസ്റ്റന്റ് എൻജിനീയർ പി മധു, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ എൻ സുനിത, പിലിക്കോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി മധുസൂദനൻ എന്നിവരടങ്ങിയ സംഘമാണ് സ്ഥലങ്ങൾ സന്ദർശിച്ചത്. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.