13 December 2025, Saturday

ദേശീയ നേതൃയോഗങ്ങൾ ഇന്ന് മുതല്‍; സിപിഐ നൂറാം വാർഷിക പൊതുസമ്മേളനം നാളെ

Janayugom Webdesk
തിരുവനന്തപുരം
April 23, 2025 7:30 am

സിപിഐ ദേശീയ നേതൃയോഗങ്ങൾ ഇന്ന് മുതല്‍ 25 വരെ സംസ്ഥാന കൗൺസിൽ ഓഫിസായ എം എൻ സ്മാരകത്തിൽ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ 10ന് ദേശീയ എക്സിക്യൂട്ടീവ് യോഗം ആരംഭിക്കും. നാളെ രാവിലെ ഒമ്പതിന് മ്യൂസിയം ജങ്ഷനിലുള്ള സി അച്യുതമേനോൻ പ്രതിമയിൽ പുഷ്പാഞ്ജലി നടത്തിയ ശേഷം എം എൻ സ്മാരകത്തിലെ നവീകരിച്ച കൗൺസിൽ ഹാളിൽ ദേശീയ കൗണ്‍സില്‍ യോഗം ആരംഭിക്കും. 10 വർഷങ്ങൾക്കുശേഷമാണ് ദേശീയ കൗൺസിൽ കേരളത്തിൽ നടക്കുന്നത്. ചണ്ഡീഗഢിൽ സെപ്റ്റംബർ 21 മുതൽ 25 വരെ നടക്കുന്ന 25-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട പ്രമേയത്തെകുറിച്ചുള്ള ചർച്ചയും തീരുമാനവുമാണ് യോഗത്തില്‍ പ്രധാനമായും ഉണ്ടാവുക. ആനുകാലിക ദേശീയ — സാര്‍വദേശീയ വിഷയങ്ങളും ചർച്ച ചെയ്യും. 25ന് യോഗം സമാപിക്കും. 

പാർട്ടി നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാളെ വൈകിട്ട് എംഎന്‍ സ്മാരകം ജങ്ഷനിൽ പൊതുസമ്മേളനം നടക്കും. 4.30ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജനറൽ സെക്രട്ടറി ഡി രാജ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവർ പ്രസംഗിക്കും. പാർട്ടിയുടെ മുൻകാല നേതാക്കളുടെ കുടുംബാംഗങ്ങളെ ചടങ്ങില്‍ ആദരിക്കും. യോഗത്തിന് മുന്നോടിയായി യുവകലാസാഹിതി പ്രവർത്തകർ അവതരിപ്പിക്കുന്ന വിപ്ലവ ഗാനമേളയും യോഗശേഷം ആസ്തിക സംസ്കൃതി അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും നടക്കും. 

പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ഘടക സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ദേശീയ കൗൺസിൽ യോഗം തിരുവനന്തപുരത്ത് ചേരുന്നത്. രാജ്യത്ത് അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ മതനിരപേക്ഷതയും ജനാധിപത്യവും അട്ടിമറിക്കുന്നതിനും ഭരണഘടനയെത്തന്നെ പൊളിച്ചെഴുതുന്നതിനുമുള്ള പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്. സുപ്രീം കോടതിക്ക് നേരെ പോലും കടന്നാക്രമണം നടത്താൻ മടിക്കാത്ത നിലയിലേക്ക് ബിജെപി എത്തിയിരിക്കുന്നു. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും വർധിക്കുകയാണ്. 

ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറുകയാണ്. സമീപദിവസങ്ങളിൽ ഒരു സിനിമയ്ക്കെതിരായി കേരളത്തിൽ സംഘ്പരിവാർ നടത്തിയ കടന്നാക്രമണങ്ങൾ ഉദാഹരണം. ഈ ഭയാനകമായ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപി സർക്കാരിനെതിരെ ജനാധിപത്യ മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതുൾപ്പെടെയുള്ള സുപ്രധാന രാഷ്ട്രീയ വിഷയങ്ങൾ പാർട്ടി ദേശീയ കൗൺസിൽ ചർച്ച ചെയ്യും. പാർട്ടിയുടെ നൂറാം വാർഷിക ആഘോഷങ്ങൾ രാജ്യവ്യാപകമായി നടന്നു വരുന്ന ഘട്ടം കൂടിയാണിത്. പാർട്ടിയുടെ ദീർഘമായ പോരാട്ട ചരിത്രമുൾപ്പെടെ പുതുതലമുറയെ പഠിപ്പിക്കാൻ ഉതകുന്ന പരിപാടികളും ദേശീയ കൗൺസിൽ തയ്യാറാക്കും. സംഘാടക സമിതി ചെയർമാൻ ജി ആർ അനിൽ, കൺവീനർ മാങ്കോട് രാധാകൃഷ്ണൻ എന്നിവരും വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.