
രാജ്യവ്യാപകമായി വോട്ടർപട്ടിക പരിഷ്കരണം ആരംഭിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍. കമ്മിഷന്റെ തിടുക്കം അനാവശ്യമാണെന്നും ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണം സംബന്ധിച്ച കേസില്‍ തീരുമാനമാവും വരെ കാത്തിരിക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ എല്ലാ സംസ്ഥാന പോളിങ് മേധാവികളോടും പ്രത്യേക തീവ്ര പരിഷ്കരണത്തിനുള്ള മുന്നോടിയായുള്ള നടപടികള്‍ പൂർത്തിയാക്കാൻ ജൂലൈ അഞ്ചിന് നിർദേശിച്ചിരുന്നു. ബിഹാറിൽ നടക്കുന്നതുപോലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് നിർദേശം നൽകിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ച് രംഗത്തെത്തിയത്. പോളിങ് സ്റ്റേഷനുകള്‍ കാര്യക്ഷമമാക്കല്‍, വോട്ടെണ്ണൽ നടത്തുന്ന പ്രധാന ഉദ്യോഗസ്ഥരുടെയും സൂപ്പർവൈസർമാരുടെയും ഒഴിവുള്ള സ്ഥാനങ്ങൾ നികത്തൽ, പരിശീലനം നടത്തൽ എന്നിവയ്ക്കുള്ള നിര്‍ദേശങ്ങളാണ് കൈമാറിയത്.
ബിഹാറിൽ നടക്കുന്ന വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനമെടുക്കുന്നതുവരെ കാത്തിരിക്കണമെന്ന് പ്രതിപക്ഷത്തെ വിവിധ നേതാക്കള്‍ ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിൽ ഇത് ആവർത്തിക്കുന്നതിന് മുമ്പ് ആധാർ കാർഡുകൾ, വോട്ടർ ഐഡി കാർഡുകൾ, റേഷൻ കാർഡുകൾ എന്നിവ വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള സാധുവായ രേഖകളായി പരിഗണിക്കണമെന്ന് വ്യാഴാഴ്ച സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ജൂലൈ 28 ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് രാജ്യവ്യാപകമായി വോട്ടര്‍പട്ടിക പരിഷ്കരണവുമായി മുന്നോട്ടുപോകാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുത്തത്.
സുപ്രീം കോടതിയുടെ പരിഗണനയില്‍ കേസിരിക്കെ രാജ്യവ്യാപകമായി ഒരു വോട്ടർ പട്ടിക പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന് ഇത്രയും തിടുക്കമെന്തെന്ന് സിപിഎെ ജനറല്‍ സെക്രട്ടറി ഡി രാജ ചോദിച്ചു. കമ്മിഷന്റെ തീരുമാനം ഫലത്തിൽ അർത്ഥശൂന്യമാണെന്നും എല്ലാം സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ ഫലത്തെ ആശ്രയിച്ചിരിക്കുമെന്നും രാജ്യസഭാ എംപി അഭിഷേക് സിങ്വി പറഞ്ഞു. സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിൽ, ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തെ ചോദ്യം ചെയ്ത ഹർജിക്കാരെ പ്രതിനിധീകരിക്കുന്നത് സിങ്വിയാണ്. നൽകിയിരിക്കുന്ന വിശദാംശങ്ങളിൽ ഉദ്യോഗസ്ഥർ തൃപ്തരാണെങ്കിൽ, വോട്ടർമാരെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ പുതിയ വോട്ടർ പട്ടികയിൽ വീണ്ടും ചേർക്കും. ഇല്ലെങ്കിൽ, അവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യും. ബിഹാറിലെ ഏകദേശം 80.1% വോട്ടർമാർ എണ്ണൽ ഫോമുകൾ സമർപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഓഗസ്റ്റ് 1 ന് കരട് പട്ടിക പ്രസിദ്ധീകരിക്കും, സെപ്റ്റംബർ 30 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. ഒക്ടോബറിലോ നവംബറിലോ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് സാധ്യതയുണ്ട്. ജൂലൈ 2 ന് പതിനൊന്ന് ഇന്ത്യൻ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ 2.5 കോടിയിലധികം വോട്ടർമാരുടെ വോട്ടവകാശം നഷ്ടപ്പെടുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.