26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 12, 2025
April 12, 2025
April 2, 2025
March 30, 2025
March 25, 2025
March 19, 2025
March 17, 2025
March 1, 2025
February 28, 2025

ജനവിരുദ്ധ ബജറ്റിനെതിരെ നാളെ രാജ്യവ്യാപക പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
February 4, 2025 7:42 am

കേന്ദ്ര ബജറ്റ് ജനവിരുദ്ധമെന്നും രാജ്യത്തെ പൗരന്‍മാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ വിസ്മരിച്ചുള്ള ബജറ്റാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ അവതരിപ്പിച്ചതെന്നും ഇടതുപാര്‍ട്ടികള്‍. ജനവിരുദ്ധ ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരെ ഈമാസം 14 മുതല്‍ 20 വരെ സിപിഐ, സിപിഐ(എം), സിപിഐ(എംഎല്‍), ആര്‍എസ്‌പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കും. രാജ്യം നേരിടുന്ന ഗുരുതര വിഷയങ്ങളും പണപ്പെരുപ്പവും വിലക്കയറ്റവും അഭിസംബോധന ചെയ്യുന്ന യാതൊരു നിര്‍ദേശവും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പൗരന്മാരുടെ വാങ്ങല്‍ശേഷി നഷ്ടമായത് ജീവിതം ദുരിതപൂര്‍ണമാക്കുകയാണ്. തൊഴിലില്ലായ്മയും കുറഞ്ഞ വേതനവും സാധാരണ ജനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. സമ്പന്നവര്‍ഗ താല്പര്യം സംരക്ഷിക്കുന്ന നയമാണ് മോഡി സര്‍ക്കാര്‍ ബജറ്റിലുടെ അവതരിപ്പിച്ചിരിക്കുന്നത്. 

കോര്‍പറേറ്റ് കമ്പനികള്‍ക്കും സമ്പന്നര്‍ക്കും ആനുകൂല്യം വാരിക്കോരി നല്‍കുന്ന സമീപനമാണ് കാഴ്ചവയ്ക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് അടിയറ വെയ്ക്കുന്ന പതിവ് രീതിയിലും മാറ്റംവരുത്തിയിട്ടില്ല. വൈദ്യുതി മേഖലയും സ്വകാര്യവല്‍ക്കരിക്കാനുളള ഊര്‍ജിത ശ്രമമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നത്. ഭക്ഷ്യ സബ്സിഡി, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, കര്‍ഷകക്ഷേമം, ആരോഗ്യം, ഗ്രാമീണ വികസനം സാമൂഹ്യ സുരക്ഷാ പദ്ധതി തുടങ്ങി പൗരന്മാരുടെ നിത്യജീവിത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ബജറ്റ് ശ്രദ്ധ നല്‍കിയിട്ടില്ല. നഗരവികസനവും മോഡി ഭരണത്തില്‍ സ്തംഭിച്ചു.
പാര്‍ശ്വവല്‍ക്കൃത ജനവിഭാഗം ഉപജീവനത്തിനായി ആശ്രയിക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബജറ്റ് വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യം നിരാകരിച്ചതിലൂടെ പദ്ധതിയെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്. ആദായനികുതി പരിധി 12 ലക്ഷമായി വര്‍ധിപ്പിച്ചത് സമൂഹത്തിലെ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് ഗുണകരമാകുക. ജനസംഖ്യയിലെ ഭൂരിപക്ഷവും കുറഞ്ഞ വേതനത്തിലും അടിസ്ഥാന സൗകര്യ ലഭ്യതയില്ലായ്മയിലും ദുരിതത്തിലാണ്. ബജറ്റ് നിര്‍ദേശങ്ങള്‍ പാര്‍ട്ടികള്‍ പൂര്‍ണമായി തള്ളിക്കളയുന്നതായും നേതാക്കള്‍ പറഞ്ഞു. 

രാജ്യത്തെ 200 ഓളം വരുന്ന സമ്പന്നര്‍ക്ക് നാല് ശതമാനം സ്വത്ത് നികുതി ഏര്‍പ്പെടുത്തുക, കോര്‍പറേറ്റ് നികുതി ഉയര്‍ത്തുക, കാര്‍ഷികോല്പന്നങ്ങള്‍ക്ക് താങ്ങുവില പരിരക്ഷ ഉറപ്പുവരുത്തുക, വിവാദ നാഷണല്‍ പോളിസി ഫ്രെയിംവര്‍ക്ക് ഓണ്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് കരട് നിയമം ഉപേക്ഷിക്കുക, സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, ഇന്‍ഷുറന്‍സ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം റദ്ദാക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം വര്‍ധിപ്പിക്കുക, വാര്‍ധക്യകാല പെന്‍ഷനും മറ്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും വര്‍ധിപ്പിക്കുക, ഭക്ഷ്യ സബ്സിഡി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദേശീയ പ്രക്ഷോഭം എന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, സിപിഐ(എംഎല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആര്‍എസ്‌പി നേതാവ് മനോജ് ഭട്ടാചാര്യ, ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാവ് ഡി ദേവരാജന്‍ എന്നിവര്‍ പറഞ്ഞു. ജനവിരുദ്ധ, ദേശവിരുദ്ധ ബജറ്റിനെതിരെ നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നിവയും പ്രാദേശിക സ്വതന്ത്ര യൂണിയനുകളും അസോസിയേഷനുകളും ചേര്‍ന്നാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.