
രാജ്യമാകെ ശക്തമായ എതിർപ്പുയരുകയും സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയും ചെയ്യുന്ന, ബിഹാറിൽ പരീക്ഷിച്ച വോട്ടർ പട്ടിക തീവ്ര പരിഷ്കരണം (എസ്ഐആർ) രാജ്യം മുഴുവൻ നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ആരംഭിച്ചിരിക്കുന്നു. 2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി എസ്ഐആർ തയ്യാറാക്കുമെന്നാണ് സൂചന. ബിഹാറിലെ എസ്ഐആർ ഉയർത്തിയ വിവാദങ്ങൾ നിലനിൽക്കുകയും നിയമവ്യവഹാരത്തിൽ അന്തിമ തീർപ്പ് ഉണ്ടാകുകയും ചെയ്യുന്നതിന് മുമ്പാണ് ഈ നീക്കമെന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ധാർഷ്ട്യവും പക്ഷപാതിത്തവും നീതിന്യായ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണ് പ്രകടമാക്കുന്നത്. നടപടിക്രമത്തിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ പറയുമ്പോഴും വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞദിവസം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേര്‍ന്നു. എസ്ഐആര്‍ കോടിക്കണക്കിന് പൗരന്മാർക്ക് വോട്ടവകാശം നഷ്ടപ്പെടുന്നതിനിടയാക്കുന്ന ബിജെപി — തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗൂഢാലോചനയാണെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കുന്നു. ഇതിനെതിരായ ഒട്ടേറെ ഹര്‍ജികള്‍ സുപ്രീം കോടതിയിലുണ്ട്. തീവ്രപരിഷ്കരണം നടപ്പിലാക്കിയ ബിഹാറില്‍ നിന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ബിജെപിയുടെ “വോട്ട് മോഷണത്തിന്റെയും ഒഴിവാക്കലിന്റെ“യും തെളിവുകളായും മാറുകയാണ്. ഹര്‍ജിയില്‍ അന്തിമ തീര്‍പ്പ് കല്പിച്ചിട്ടില്ലെങ്കിലും യോഗ്യരായ ഒരു പൗരനും പുറത്താകുന്നില്ലെന്ന് ഉറപ്പാക്കാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നീതിപീഠത്തെ മാനിക്കുന്ന നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകമായി മാറിയ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് ഉണ്ടാകുമെന്ന് കരുതാനാകില്ല. പൗരത്വം തെളിയിക്കാനുള്ള രേഖ ആവശ്യപ്പെടാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്നും ആധാര്‍ ഒരു രേഖയായി പരിഗണിക്കണമെന്നും കോടതി കമ്മിഷനോട് രണ്ടാഴ്ച മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൂന്നാം തവണ കോടതി കര്‍ശനമായ താക്കീത് നല്‍കിയശേഷമാണ് ആധാര്‍ പരിഗണിക്കാന്‍ കമ്മിഷന്‍ തയ്യാറായത്.
നിലവിലെ പട്ടികയിലുണ്ടായിരുന്ന 65 ലക്ഷം പേരെയാണ് ബിഹാറില്‍ മുന്‍കാല പ്രാബല്യത്തോടെ പുതിയ പട്ടികയില്‍ ഇല്ലാതാക്കിയത്. ഇതില്‍ 35 ലക്ഷം പേര്‍ ഉപജീവനം തേടി മറ്റ് സംസ്ഥാനങ്ങളില്‍ പണിയെടുക്കുന്നവരും സ്വന്തം ഗ്രാമങ്ങളില്‍ മേല്‍വിലാസം ഉള്ളവരും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ തിരിച്ചറില്‍ കാര്‍ഡ് കെെവശമുള്ളവരുമാണ്. ഇവരുടെ പൗരത്വം സംശയാസ്പദമെന്നും പൗരത്വം തെളിയിക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഒന്ന് വേണമെന്ന നിര്‍ബന്ധത്താലുമാണ് ഒഴിവാക്കപ്പെട്ടത്. എന്തിനാണ് ഒഴിവാക്കപ്പെട്ടത് എന്ന് വോട്ടര്‍മാരെ അറിയിക്കാന്‍ പോലും കമ്മിഷന്‍ തയ്യാറായില്ല എന്ന വിചിത്രതയുമുണ്ട്. ഈ നിലപാട് പക്ഷേ സുപ്രീം കോടതി ദൂരെ വലിച്ചെറിഞ്ഞു. കമ്മിഷന്‍ ആവശ്യപ്പെട്ട രേഖകള്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ശേഖരിക്കാന്‍ തനിക്ക് പോലും കഴിയില്ലെന്ന് ഒരു ജസ്റ്റിസ് തന്നെ പറഞ്ഞു. ഒഴിവാക്കപ്പെട്ട മുഴുവന്‍ പേരുടെയും വിവരങ്ങളും കാരണങ്ങളും ബൂത്ത് തിരിച്ച് പൊതുമണ്ഡലത്തില്‍ പ്രദര്‍ശിപ്പിക്കാനും കോടതി ഉത്തരവിട്ടു. വോട്ടര്‍ പട്ടികയിലുള്ളവരെ പൗരന്മാരല്ലാതാക്കാനാണ് കമ്മിഷന്റെ ശ്രമമെന്നും വോട്ടവകാശം ഇല്ലാതാക്കുന്നത് ജനാധിപത്യ വിരുദ്ധമെന്നുമാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. ഇതിനോട് സുപ്രീം കോടതി യാേജിച്ചു. തുടര്‍ന്ന് പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും മുമ്പ് കോടതിയെ അറിയിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് സമ്മതിക്കേണ്ടി വന്നു.
ബിഹാറിലെ പട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിടുക്കമാണ് സുപ്രീം കോടതി ചോദ്യം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തീവ്ര പരിഷ്കരണം എന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം. വേണ്ടത്ര സാവകാശം നൽകാതെ വോട്ടർ പട്ടികയുടെ സമഗ്ര പരിഷ്കരണം ദേശവ്യാപകമാക്കാനൊരുങ്ങുന്നത് കടുത്ത ആശങ്കയുയര്‍ത്തുന്നതാണ്. അടുത്ത വർഷം മേയിലാണ് കേരളം, അസം, ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ചുരുങ്ങിയത് ആറ് മാസമെങ്കിലും പരിഷ്കരണം നടപ്പാക്കാന്‍ എടുക്കുകയാണെങ്കില്‍ത്തന്നെ അടുത്ത മാസം വിജ്ഞാപനമിറക്കേണ്ടി വരും. ഇതിനുള്ള തയ്യാറെടുപ്പ് നടത്തുന്നുണ്ടെന്നാണ് കമ്മിഷൻ ബുധനാഴ്ച വിളിച്ച യോഗം സൂചിപ്പിക്കുന്നത്. എന്നാൽ കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ നടപടികൾ പുരോഗമിക്കുന്നതിനാൽ ഒക്ടോബറിൽ പ്രഖ്യാപനമുണ്ടാകാനിടയില്ല. വിജ്ഞാപനമിറങ്ങിയാല്‍, എന്യുമറേഷൻ ഫോം സ്വീകരിക്കുന്നതിന് ഒരു മാസവും കരട് പട്ടികയില്‍ ആക്ഷേപമുന്നയിക്കാന്‍ വീണ്ടും ഒരു മാസവും അനുവദിക്കേണ്ടിവരും. അപ്പീലുകള്‍ക്കുള്ള സാവകാശവും നൽകേണ്ടി വരും. എന്നാല്‍ ബിഹാര്‍ മാതൃകയില്‍ യജമാനന്മാര്‍ക്ക് വേണ്ടി ധൃതിപിടിച്ച് നടപ്പാക്കാന്‍ ശ്രമിക്കുമോ എന്ന് കണ്ടറിയണം. ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് നുഴഞ്ഞുകയറിയവരെ പുറത്താക്കാനാണ് ബിഹാറിലെ എസ്ഐആര്‍ എന്നാണ് ബിജെപി — കേന്ദ്രഭരണ — ഗോദി മീഡിയ സഖ്യത്തിന്റെ പ്രചരണം. അങ്ങനെയെങ്കില്‍ മിനി പാകിസ്ഥാന്‍ എന്ന് സംഘ്പരിവാര്‍ നിരന്തരം അവഹേളിക്കുന്ന കേരളത്തില്‍ ആരെയായിരിക്കും ലക്ഷ്യം വയ്ക്കുക എന്നതും കരുതിയിരിക്കേണ്ടതാണ്. ജനാധിപത്യത്തെ നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജാഗരൂകരായിരിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.