22 December 2024, Sunday
KSFE Galaxy Chits Banner 2

നാടുണർത്തിയ നവകേരള സദസ്

കെ രാധാകൃഷ്ണന്‍
(പട്ടികജാതി/വർഗ പിന്നാക്ക വിഭാഗ വികസന മന്ത്രി) 
January 4, 2024 4:15 am

നവകേരള സൃഷ്ടിക്കായുള്ള വികസന കാഴ്ചപ്പാടുകളും ചിന്തകളുമാണ് നവകേരള സദസിലൂടെ സംസ്ഥാന മന്ത്രിസഭ ജനങ്ങളുമായി പങ്കുവച്ചത്. കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, കേന്ദ്രസർക്കാർ കേരളത്തോട് എടുക്കുന്ന സമീപനങ്ങൾ, ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധം, വികസന വിരോധം, കേരള മോഡൽ വികസനത്തിന്റെ ഭാവിസാധ്യതകൾ ഇതെല്ലാമാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനങ്ങളോട് വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലും നാടിന്റെ വികസനത്തിനായി ഒന്നിച്ചു നിൽക്കാത്ത യുഡിഎഫിന്റെ നിലപാടുകളും സദസിൽ തുറന്നു കാട്ടി. എല്ലാ പരിമിതികൾക്കിടയിലും എൽഡിഎഫ് സർക്കാർ ഏഴര വർഷമായി നടപ്പാക്കുന്ന നൂതന പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും ഇതിനൊപ്പം വിശദമാക്കി.
പാർലമെന്ററി ജനാധിപത്യ പ്രയോഗത്തിൽ ചരിത്രസംഭവമാണ് സദസ്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ, എല്ലാ മന്ത്രിമാരുമൊന്നിച്ച് അവരെ കാണാനും കേൾക്കാനും എത്തുന്നുവെന്നത് തന്നെ പുത്തനൊരു അനുഭവമായിരുന്നു. 2023 നവംബർ 18 മുതൽ 36 ദിവസത്തെ തുടർച്ചയായ പര്യടനമാണ് തീരുമാനിച്ചതെങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് ഡിസംബർ ഒമ്പതിന് നിശ്ചയിച്ച എറണാകുളം ജില്ലയിലെ തൃക്കാക്കര, കുന്നത്തുനാട്, തൃപ്പൂണിത്തുറ, പിറവം മണ്ഡല സദസുകൾ ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് പൂർത്തിയാക്കിയത്.


ഇതുകൂടി വായിക്കൂ: നവകേരള സദസ് ചരിത്രം; വിമർശകർ ഇരുട്ടിൽ


എല്ലാവർക്കും വേറിട്ട അനുഭവമായിരുന്നു സദസും യാത്രയും. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരേ വാഹനത്തിൽ ജനങ്ങളുടെ അടുത്തേക്ക് എത്തുന്നു. നവകേരള നിർമ്മിതി സംബന്ധിച്ച് അവരുമായി സംസാരിക്കുന്നു. കാൽനൂറ്റാണ്ട് മുൻകൂട്ടി കണ്ടുള്ള കേരള മോഡൽ വികസനത്തിന് നിർദേശങ്ങളും അഭിപ്രായങ്ങളും കേൾക്കുന്നു. അവരുടെ നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്നു. നാടിന്റെ വികസനത്തിന് രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് മുന്നോട്ട് പോകാമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകുന്നു. ഓരോ സദസിലെയും ജനപങ്കാളിത്തം ‑പ്രത്യേകിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും യുവജനങ്ങളുടെയും എടുത്തുപറയേണ്ടതാണ്. ഇതിനിടെ പലയിടത്തുമുണ്ടായ പ്രതിഷേധങ്ങളും സദസിനെ കൂടുതൽ ശ്രദ്ധേയമാക്കി. തിരുവനന്തപുരം ജില്ലയിൽ സദസ് എത്തിയതോടെ കലാപമുണ്ടാക്കി സദസിനെ നിർവീര്യമാക്കാന്‍ കോൺഗ്രസും ബിജെപിയും മത്സരിച്ച് ശ്രമിച്ചു.
മന്ത്രിസഭായോഗമില്ലത്ത ദിവസങ്ങളിൽ പ്രഭാതയോഗത്തോടെയാണ് പരിപാടികൾ തുടങ്ങിയത്. സ്വാതന്ത്ര്യസമര സേനാനികളും സാഹിത്യ നായകരും കലാ-കായിക താരങ്ങളും വിവിധ മത, സാമുദായിക നേതാക്കളും കർഷകരും തൊഴിലാളികളും തദ്ദേശീയ ജനതയുടെ പ്രതിനിധികളുമെത്തി തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചു. എതിർപ്പുയർത്തിയ പ്രതിപക്ഷത്തു നിന്ന് പോലും, സദസിന്റെ പ്രാധാന്യം മനസിലാക്കി പല നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു. കക്ഷി രാഷ്ട്രീയ, ജാതിമത ചിന്തകൾക്കതീതമായി കേരളത്തിലെ ജനങ്ങളെ നവകേരള സൃഷ്ടിക്കായി ഒന്നിച്ചണിനിരത്തുകയായിരുന്നു സദസിന്റെ ലക്ഷ്യം. അത് ഉൾക്കൊണ്ടുതന്നെ എല്ലാവർക്കും പുത്തനനുഭവമായ സദസ് കേരള ജനത ഹൃദയത്തിലേറ്റെടുത്തു. ഓരോ സദസിലും തടിച്ചു കൂടിയവർക്കു പുറമേ പാതയോരങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ കാത്തു നിന്നിരുന്നു. 140 നിയോജക മണ്ഡലങ്ങളിലും സദസ് പൂർത്തിയായപ്പോൾ ഏതാണ്ട് 35 ലക്ഷത്തോളം ജനങ്ങളുമായി നേരിട്ട് സംവദിക്കാനായി. സമൂഹ‑വാർത്താ മാധ്യമങ്ങളിലും മറ്റുമായി ഒന്നര കോടിയിലധികം ജനങ്ങളിലേക്കും നവകേരള സന്ദേശമെത്തിച്ചു. മൂന്നരക്കോടി മലയാളികളിൽ 50 ശതമാനത്തെയും പലവിധത്തിൽ അഭിസംബോധന ചെയ്യാനായി എന്നത് നവകേരള സദസ് കൈവരിച്ച പ്രധാന നേട്ടങ്ങളിലൊന്നാണ്.


ഇതുകൂടി വായിക്കൂ: ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ നവകേരളയാത്ര


6,33,286 പരാതികളാണ് സദസിൽ ആകെ ലഭിച്ചത്. ജില്ലാതലങ്ങളിൽ തീർപ്പാക്കാവുന്നതിലെല്ലാം ഇതിനകം നടപടി സ്വീകരിച്ചു. മറ്റു പരാതികൾ പരിശോധിച്ച് സമയബന്ധിതമായി തീർപ്പാക്കാൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഓരോ ജില്ലയ്ക്കും പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. സദസിലുയർന്ന ജനാഭിപ്രായങ്ങളും നിർദേശങ്ങളുമെല്ലാം സർക്കാരിനെ കൂടുതൽ കൂടുതൽ കർമ്മനിരതരാക്കുകയാണ്. നവകേരളമെന്ന ലക്ഷ്യത്തിലേക്ക് നമുക്കൊന്നിച്ച് മുന്നേറാനുള്ള കരുത്താണ് നവകേരള സദസിലൂടെ സർക്കാർ കൈവരിച്ചത്.

(നവകേരള സദസിന്റെ കോ- ഓർഡിനേറ്ററാണ് ലേഖകൻ )

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.