19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

February 5, 2024
January 5, 2024
December 31, 2023
December 23, 2023
December 19, 2023
December 17, 2023
December 17, 2023
December 15, 2023
December 14, 2023
December 13, 2023

നവകേരളത്തെ നെഞ്ചോട് ചേർത്ത്…

സരിത കൃഷ്ണൻ
കോട്ടയം
December 13, 2023 10:10 pm

നവകേരള സദസിന്റെ പേരിൽ കോൺഗ്രസും ബിജെപിയും ഉയർത്തുന്ന പ്രചാരണങ്ങൾ പൊള്ളയാണെന്ന് തെളിയിച്ച് കോട്ടയത്തെ ജനകീയ സദസുകൾ. ചൊവ്വാഴ്ച പൂഞ്ഞാറിൽ ആരംഭിച്ച ആദ്യസദസ് മുതൽ ഇന്നലെ കോട്ടയത്ത് സമാപിച്ച ഏഴാമത് സദസിൽ പങ്കെടുത്ത പതിനായിരങ്ങളായിരുന്നു തെളിവ്. കോട്ടയത്ത് നടന്ന പ്രഭാത യോഗത്തിന് ശേഷം ഏറ്റുമാനൂരിലായിരുന്നു ഇന്നലെ ആദ്യ സദസ്. ജെറുസലേം മാർത്തോമ ചർച്ച് പാരിഷ് ഹാളിൽ നടന്ന പ്രഭാതയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ക്ഷണിക്കപ്പെട്ട പ്രതിനിധികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേട്ടു.

ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിലെ ഇരുന്നൂറിലേറെ പേരാണ് പ്രഭാത സദസിന് എത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ സിനിമാ സംവിധായിക ചിന്മയി നായർ മുതൽ സ്വാതന്ത്ര്യസമര സേനാനിയായ എം കെ രവീന്ദ്രൻ വൈദ്യർ അടക്കമുള്ളവരുടെ സവിശേഷ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി കോട്ടയത്തെ യോഗം. ഏറ്റുമാനൂർ മണ്ഡലത്തിലെ വേദിയായ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രസീത ചാലക്കുടി അവതരിപ്പിച്ച നാടൻപാട്ടോടെയായിരുന്നു തുടക്കം. 12 മണിയോടെ മുഖ്യമന്ത്രി വേദിയിലേക്ക്.

ഉച്ചയോടെ സദസ് പൂർത്തിയായി. തുടർന്ന് പുതുപ്പള്ളി മണ്ഡലത്തിലെ സദസ് പാമ്പാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ടിൽ നടന്നു. മൂന്നാമത്തെ സദസ് ചങ്ങനാശേരി എസ്ബി കോളജ് ഗ്രൗണ്ടിൽ. കോട്ടയത്തേക്ക് എത്തുമ്പോൾ സന്ധ്യ കഴിഞ്ഞു. കോട്ടയം നിയോജക മണ്ഡലത്തിൽ തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വൈകിട്ട് മൂന്നു മണിയോടെ തൃശൂർ കരിന്തലക്കൂട്ടത്തിന്റെ കലാവതരണത്തോടെയായിരുന്നു തുടക്കം.

ഓരോ സദസിലും എത്തുന്ന അവസാന ആളുടെയും പരാതി സ്വീകരിച്ച്, സംസ്ഥാനത്തിന്റെ പൊതുവികസനവും നവകേരളത്തിന്റെ പുനർനിർമ്മിതിക്ക് വേണ്ട കാര്യങ്ങൾക്ക് ജനത്തിന്റെ പിന്തുണയും തേടി കോട്ടയത്തെ രണ്ടാംദിനത്തിലെ സദസ് അവസാനിക്കുമ്പോൾ ഏറെ വൈകിയിരുന്നു. നാളെ രാവിലെ ഒമ്പതിന് കുറവിലങ്ങാട് പള്ളി പാരിഷ് ഹാൾ പ്രഭാതയോഗത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുക.

കടുത്തുരുത്തി, വൈക്കം, പാലാ നിയമസഭ മണ്ഡലങ്ങളിൽനിന്നുള്ള 200 പേര്‍ പങ്കെടുക്കും. തുടർന്ന് കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ യോഗം കുറവിലങ്ങാട് ദേവമാതാ കോളജ് മൈതാനത്തിൽ രാവിലെ 11ന് നടക്കും. വൈക്കം ബീച്ചിൽ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന നവകേരളസദസോടെ ജില്ലയിലെ പര്യടനം അവസാനിക്കും. അതിനുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ആലപ്പുഴ ജില്ലയിലേക്ക് പോകും.

Eng­lish Sum­ma­ry: navak­er­ala sadas
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.