22 December 2024, Sunday
KSFE Galaxy Chits Banner 2

ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ നവകേരളയാത്ര

Janayugom Webdesk
December 25, 2023 5:00 am

നകീയ സർക്കാരുകളുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയുടെ നവകേരളയാത്രയുടെയും സദസുകളുടെയും വിജയകരമായ സമാപനം. 36 ദിവസങ്ങൾകൊണ്ട് പൂർത്തീകരിക്കാൻ പദ്ധതിയിട്ട യാത്രയ്ക്കിടയിലെ എറണാകുളം ജില്ലയിലെ നാല് സദസുകൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെതുടർന്ന് മാറ്റിവച്ചിരുന്നു. ജനുവരി ഒന്ന്, രണ്ട് തീയതികളിലായി അവയും പൂർത്തീകരിക്കും. മുഴുവൻ മന്ത്രിസഭാംഗങ്ങളുടെയും പങ്കാളിത്തം, പ്രഭാത സദസുകൾ, സാംസ്കാരിക പരിപാടികൾ, പൊതുജനങ്ങളിൽനിന്നും പരാതികൾ സ്വീകരിക്കാനുള്ള വിപുലമായ സജ്ജീകരണം, നാടിന്റെ ആവശ്യങ്ങളും ആവലാതികളും മുഖ്യമന്ത്രിയുടെയും മന്ത്രിസഭാംഗങ്ങളുടെയും ശ്രദ്ധയിൽ നേരിട്ട് ഉന്നയിക്കാനുള്ള അവസരം തുടങ്ങിയവകൊണ്ട് നൂതനവും ശ്രദ്ധേയവുമായ മുൻകൈസംരംഭമായി നവകേരളയാത്രയും സദസും മാറി. എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം നിറവേറ്റപ്പെട്ടു എന്നതിന്റെ പുരോഗതി വർഷംതോറും ബോധ്യപ്പെടുത്തി ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റിപ്പോന്ന സർക്കാർ, ഒരുപടികൂടി കടന്ന് നേരിട്ട് അവരുടെയടുത്തെത്തി പ്രവർത്തന പുരോഗതി വിശദീകരിക്കുകവഴി ജനാധിപത്യ പ്രക്രിയയെ കൂടുതൽ അർത്ഥപൂർണവും ജനകീയവുമാക്കി മാറ്റുകയായിരുന്നു. കഴിഞ്ഞ 36 ദിവസങ്ങൾകൊണ്ട് ദശലക്ഷക്കണക്കിന് പൗരന്മാരെ നേരിട്ട് സമീപിക്കാനും അവരുമായി സംവദിക്കാനും കഴിഞ്ഞുവെന്നത് ജനകീയസർക്കാരിന്റെ സമാനതകളില്ലാത്ത നേട്ടമാണെന്നതിൽ സംശയമേതുമില്ല.

 


ഇതുകൂടി വായിക്കൂ;രാഷ്ട്രപതി ഉയർത്തിപ്പിടിക്കേണ്ടത് ഭരണഘടന


2016 മുതൽ നാളിതുവരെയുള്ള ഏഴരവർഷക്കാലത്തെ അഭിമാനകരമായ ഭരണനേട്ടങ്ങളുമായാണ് എൽഡിഎഫ് സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നത്. ജനക്ഷേമ പദ്ധതികളുടെ വിജയകരമായ നടത്തിപ്പ്, അടിസ്ഥാന സൗകര്യവികസനത്തിൽ കൈവരിച്ച സമാനതകളില്ലാത്ത കുതിപ്പ്, ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന ഭരണനിർവഹണ മികവ്, ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, തൊഴിലവസരങ്ങൾ, താരതമ്യേന ഉയർന്ന ജീവിതനിലവാരം തുടങ്ങി സർവതലസ്പർശിയായ ഭരണനേട്ടങ്ങൾ എന്നിവ ജനങ്ങൾക്കുമുന്നിൽ ആത്മവിശ്വാസത്തോടെ നിരത്തിവച്ചുകൊണ്ടാണ് മന്ത്രിസഭ ഒന്നാകെ ജനങ്ങളെ അഭിമുഖീകരിക്കാൻ മുതിർന്നത്. മഹാപ്രളയമടക്കം തുടർച്ചയായുണ്ടായ പ്രകൃതിദുരന്തങ്ങൾ, കോവിഡും നിപയുമടക്കം മഹാമാരികൾ സൃഷ്ടിച്ച പ്രതികൂലാവസ്ഥകൾ, നിസാരവിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷവും ഒരുപറ്റം മാധ്യമങ്ങളും ഉയർത്തിയ പ്രതിബന്ധങ്ങൾ, കേന്ദ്രസർക്കാരിന്റെ ഭരണഘടനാവിരുദ്ധവും ജനാധിപത്യത്തിന് നിരക്കാത്തതുമായ വിധ്വംസക നിലപാടുകൾ, കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവർണർ സംസ്ഥാനഭരണത്തെ അട്ടിമറിക്കാൻ ലക്ഷ്യംവച്ച് ഉയർത്തിയ പരസ്യവെല്ലുവിളികൾ എന്നിവയെയെല്ലാം അതിജീവിച്ചാണ് വിപുലമായ ജനപിന്തുണയോടെ എൽഡിഎഫ് സർക്കാർ അഭിമാനകരമായ ഭരണ മുന്നേറ്റം തുടരുന്നത്. യാത്രയിലുടനീളവും സദസുകളിലും പ്രകടമായ ആവേശകരമായ ജനപങ്കാളിത്തം നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകാൻ എൽഡിഎഫിനും സർക്കാരിനും കരുത്തുപകരുന്നു.
ഭരിക്കുന്നവർക്കെതിരെ ക്രിയാത്മകമായ വിമർശനം ഉന്നയിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷത്തിനുണ്ട്. എന്നാൽ അത് അക്രമത്തിലേക്ക് തിരിയുന്നതും, അക്രമത്തിന് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിരിക്കുന്നവർ ആഹ്വാനം നൽകുന്നതും സമാധാന ജീവിതത്തിനും നിയമവാഴ്ചയ്ക്കും എതിരാണ്.


ഇതുകൂടി വായിക്കൂ; ജനാധിപത്യം നിഷ്ക്രിയമാക്കപ്പെട്ട കാമ്പസുകൾ


നവകേരളയാത്ര അതിന്റെ സമാപനദിനങ്ങളോട് അടുക്കുംവരെയും യാത്രാമാർഗത്തിൽ ഉയർന്ന പ്രതിഷേധങ്ങൾ ഒറ്റപ്പെട്ടവയും ചാവേർ സമാനവുമായിരുന്നു. അതിരുകൾ ലംഘിക്കാതെ യാത്ര സുഗമമാവും എന്ന് ഉറപ്പുവരുത്തേണ്ടത് നിയമപാലന ചുമതലയുള്ള പൊലീസ് സേനയുടെ ഉത്തരവാദിത്തമായിരുന്നു. അതിൽ അവർ പരാജയപ്പെട്ടിട്ടുണ്ടോയെന്നും നിയമം കയ്യിലെടുക്കാൻ ആരെയെങ്കിലും അനുവദിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. വസ്തുതകൾ സത്യസന്ധമായി പരിശോധിക്കപ്പെടേണ്ടതും വിലയിരുത്തപ്പെടേണ്ടതും സാമൂഹികമൈത്രിയും സമാധാന അന്തരീക്ഷവും പുലരാൻ അനിവാര്യമാണ്. നവകേരളയാത്ര അതിന്റെ ദൗത്യം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നുവെന്നത് പ്രതിപക്ഷത്തെ അലോസരപ്പെടുത്തുക സ്വാഭാവികം. രാഷ്ട്രീയമായി അതിനോട് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യവും പ്രതിപക്ഷത്തിനുണ്ട്. എന്നാൽ അതിന്റെ നേതാക്കൾ നൽകുന്ന സൂചനകൾ കേരളത്തിന്റെ സമാധാനാന്തരീക്ഷത്തെ തകർക്കാൻ ലക്ഷ്യംവച്ചുള്ളതാണെന്ന ആശങ്ക ഉയർത്തുന്നു. ക്രമസമാധാനപാലനത്തിന് നിയമാനുസൃതം നിയോഗിക്കപ്പെട്ടവരൊഴികെ ആരെയെങ്കിലും നിയമം കയ്യിലെടുക്കാൻ അനുവദിക്കുന്നത് വിനാശകരമായ പ്രത്യാഘാതമായിരിക്കും ക്ഷണിച്ചുവരുത്തുക. സമാധാന അന്തരീക്ഷമാണ് ഏതുസമൂഹത്തിന്റെയും നിലനില്പിന്റെയും പുരോഗതിയുടെയും മുന്നുപാധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.