23 January 2026, Friday

Related news

December 20, 2025
December 7, 2025
September 20, 2025
September 3, 2025
September 2, 2025
August 31, 2025
August 23, 2025
August 17, 2025
July 31, 2025
July 22, 2025

ദമ്മാം പ്രവാസലോകത്തിന് പ്രിയപ്പെട്ട നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും സിപിഐ നേതാവുമായ സനു മഠത്തിൽ വിടവാങ്ങി

Janayugom Webdesk
ദമ്മാം
April 22, 2023 7:23 pm

നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും സിപിഐ നേതാവും ദല്ല മേഖല പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകനുമായ സനു മഠത്തിൽ (48 വയസ്സ്) അപ്രതീക്ഷിതമായി വിട വാങ്ങിയത് ദമ്മാമിലെ പ്രവാസലോകത്തെ ഞെട്ടിച്ചു. ദമ്മാം കോദറിയയിലെ താമസസ്ഥലത്തു ഇന്നലെ രാത്രി ഉറക്കത്തിൽ ഹൃദയാഘാതമാണ് മരണകാരണം. കഴിഞ്ഞ 16 വർഷത്തോളമായി ദമ്മാം പ്രവാസിയായ സനു, ദല്ലയിലെ ടയർ വർക്‌സ്ഷോപ്പ് കമ്പനിയിൽ ജോലി നോക്കി വരികയായിരുന്നു. ഇന്നലെ സുഹൃത്തുക്കളുമൊത്തു പെരുന്നാൾ ആഘോഷിച്ച ശേഷം മടങ്ങിയതായിരുന്നു സനു മഠത്തില്‍.

രാവിലെ കട തുറക്കുന്ന സമയമായിട്ടും വരാത്തത് കൊണ്ട് സുഹൃത്തുക്കള്‍ മുറി തുറന്നു കയറി നോക്കിയപ്പോൾ, സനുവിനെ കിടക്കയിൽ ചലനമറ്റനിലയില്‍ കണ്ടെത്തുകയായിരുന്നു. സ്പോൺസർ അറിയിച്ചത് അനുസരിച്ചു പോലീസും ആംബുലൻസും എത്തി, ഡോക്ടർ പരിശോധിച്ചപ്പോഴാണ് മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കടയ്ക്കൽ അയിരക്കുഴി സ്വദേശിയായ സനു മഠത്തിൽ, നാട്ടിൽ സിപിഐയുടെ സജീവപ്രവർത്തകനായിരുന്നു. വിദ്യാഭ്യാസകാലത്തു എഐഎസ്എഫ്, എഐവൈഎഫ് എന്നിവയിലൂടെ പ്രവർത്തിച്ചാണ്‌ രാഷ്ട്രീയത്തിൽ എത്തിയത്. 

നവയുഗത്തിന്റെ ആദ്യകാലം മുതൽ നേതൃത്വനിരയിൽ പ്രവർത്തിച്ച സനു മികച്ച സംഘാടകപാടവം കൊണ്ട് കിഴക്കൻ പ്രവിശ്യയുടെ സാമൂഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവസാന്നിധ്യമായി മാറി. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നട്ടെല്ലായിരുന്നു സനു. തൊഴിൽ പ്രശ്നങ്ങളാലും രോഗം മൂലവും വലഞ്ഞ ഒട്ടേറെ പ്രവാസികളാണ് സനുവിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയിട്ടുള്ളത്. സ്വന്തം വരുമാനത്തിൽ നിന്നും പണം ചിലവാക്കി മറ്റുള്ളവരെ സഹായിക്കാൻ ഒരിയ്ക്കലും മടിയ്ക്കാത്ത സനു മഠത്തിൽ, നിറഞ്ഞ പുഞ്ചിരിയും ഊഷ്മളമായ പെരുമാറ്റവും കൊണ്ട് വലിയൊരു സുഹൃത്ത് വലയവും സമ്പാദിച്ചിരുന്നു. 

അയിരക്കുഴി മഠത്തിൽ വീട്ടിൽ പരേതനായ സഹദേവൻ പിള്ളയുടെയും, രാധാമണി അമ്മയുടെയും മകനാണ്. മിനിയാണ് സനുവിന്റെ ഭാര്യ. പ്ലസ് ടൂ വിദ്യാർത്ഥിയായ മൃദുൽ മകനാണ്. സനുവിന്റെ അകാലചരമത്തിൽ നവയുഗം കേന്ദ്രകമ്മിറ്റിയും, വിവിധ മേഖല കമ്മിറ്റികളും അഗാധമായ ദുഃഖം രേഖപ്പെടുത്തി. സ്വന്തം കാര്യത്തേക്കാൾ അന്യരുടെ നന്മയ്ക്കായി ജീവിച്ച സനുവിന്റെ വിയോഗം സൗദിയിലെ പ്രവാസലോകത്തിനു വലിയ നഷ്ടമാണ് വരുത്തിയിരിയ്ക്കുന്നതെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദമ്മാം സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നിയമനടപടികൾ നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

Eng­lish Sum­ma­ry: Navayu­gom Cul­tur­al Vedi Cen­tral Com­mit­tee mem­ber and CPI leader Sanu passed away at the Math

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.