സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നാല് പ്രമുഖ വ്യക്തിത്വങ്ങളെയും ഒരു കൂട്ടായ്മയെയും, ഡിസംബർ 6 ന് നടക്കുന്ന “നവയുഗസന്ധ്യ‑2024” ന്റെ വേദിയിൽ വെച്ച് ആദരിയ്ക്കുമെന്ന് , നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അറിയിച്ചു.
സൗമ്യ വിനോദ് (കലാരംഗം), ബോബൻ തോമസ് (വ്യവസായം), ജലീൽ കല്ലമ്പലം (സാമൂഹ്യസേവനം), കെ വെങ്കിടേശൻ (ജീവകാരുണ്യം), കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബ് (കായികം) എന്നിവരെയാണ് നവയുഗം ആദരിയ്ക്കുന്നത്. കഴിഞ്ഞ 17 വർഷമായി ദമ്മാമിൽ ദേവിക കലാക്ഷേത്ര എന്ന നൃത്തവിദ്യാലയം നടത്തുന്ന പ്രശസ്ത നർത്തകിയായ ശ്രീമതി സൗമ്യ വിനോദ്, പ്രവാസലോകത്തെ ആയിരത്തിലധികം വിദ്യാർത്ഥികളെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരളനടനം എന്നീ കലാരൂപങ്ങൾ പഠിപ്പിച്ച അധ്യാപികയുമാണ്. സൗദി അറേബ്യയിൽ അങ്ങോളമിങ്ങോളം അഞ്ഞൂറിലധികം വേദികളിൽ ടീച്ചറുടെ കുട്ടികൾ നൃത്തപ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.
സൗദി അറേബ്യയിലും, ഇന്ത്യയിലും, അമേരിക്കയിലും, ബഹ്റൈനിലുമായി ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ പ്രവർത്തിയ്ക്കുന്ന പ്രമുഖ കമ്പനിയായ ബോബ്സ്കോ കമ്പനിയുടെ ചെയർമാനും മാനേജിങ് ഡറക്ടറുമായ ബോബൻ തോമസ്, സാമൂഹ്യപ്രതിബന്ധതയുള്ള വ്യവസായി എന്ന നിലയിൽ പ്രവാസലോകത്തു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ 2017ലെ സ്വച്ഛ്ഭാരത് പരിസ്ഥിതി പുരസ്ക്കാരം, ജോബ് ഫെയർ എംപ്ലോയർസ് അവാർഡ് എന്നിവ അടക്കം ഒട്ടേറെ അവാർഡുകൾ നേടിയിട്ടുള്ള അദ്ദേഹം, വ്യവസായത്തോടൊപ്പം സാമൂഹ്യസേവന പ്രവർത്തനങ്ങളെയും മുന്നോട്ടു കൊണ്ട് പോകുന്ന മാതൃക വ്യക്തിത്വമാണ്.
കഴിഞ്ഞ 30 വർഷമായി കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സ കേന്ദ്രീകരിച്ച് പ്രവാസി ക്ഷേമത്തിനായി പ്രവർത്തിയ്ക്കുന്ന ജീവകാരുണ്യപ്രവർത്തകനാണ് ജലീൽ കല്ലമ്പലം. പലപ്പോഴും അൽ ഹസ്സ കേന്ദ്രീകരിച്ച് നവയുഗം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുള്ള ജലീൽ കല്ലമ്പലത്തെ, മാനുഷിക മൂല്യങ്ങളിൽ അധിഷ്ഠിതമായ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് നവയുഗം ആദരിക്കുന്നു.
സൗദിയുടെ കിഴക്കൻ പ്രവിശ്യയുടെ കായിക മേഖലയിൽ സൂര്യശോഭയോടെ ഉയർന്നു നിൽക്കുന്ന പേരാണ് കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് (KASC). പ്രവാസലോകത്തെ കായികപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിയ്ക്കുന്ന KASC, ഇപ്പോൾ സിൽവർ ജൂബിലിയുടെ നിറവിലാണ്. പ്രവാസികളുടെ കായികപ്രവർത്തനങ്ങൾക്ക് തണലൊരുക്കി, കായിക മേഖലക്ക് നൽകിയ സമഗ്ര സംഭാവന മുൻനിർത്തി നവയുഗം KASC നെ ആദരിക്കുന്നു
തമിഴ്‌നാട് നാഗപട്ടണം സ്വദേശിയായ കലിയപെരുമാൾ വെങ്കിടേശൻ എന്ന കെ.വെങ്കിടേശൻ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രശസ്തനായ ജീവകാരുണ്യപ്രവർത്തകനാണ്. സൗദി അധികാരികളുമായും, പ്രവാസി സംഘടനകളുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി, വിസ, തൊഴിൽ, നിയമ കുരുക്കുകളിൽപ്പെട്ട നൂറുകണക്കിന് ഇന്ത്യക്കാരെ നിയമപോരാട്ടത്തിലൂടെ രക്ഷപ്പെടുത്തി നാട്ടിലയയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് എന്നും പിന്തുണ നൽകിയ മനുഷ്യസ്നേഹിയാണ് അദ്ദേഹം. കഴിഞ്ഞ 32 വർഷത്തിലധികമായി സൗദി പ്രവാസിയായ അദ്ദേഹം ജീവകാരുണ്യമേഖലയിൽ നടത്തിയ നിസ്വാർത്ഥ സേവനങ്ങൾ പ്രത്യേകം അഭിനന്ദനങ്ങൾ അർഹിയ്ക്കുന്നു.
ഡിസംബർ ആറിന് ദമ്മാമിൽ നടക്കുന്ന നവയുഗസന്ധ്യ‑2024 ന്റെ വേദിയിൽ വെച്ച്, സി.പി.ഐ സംസ്ഥാന സെക്രട്ടറിയും, മുൻമന്ത്രിയുമായ ബിനോയ് വിശ്വവും, സിപിഐ ദേശീയ കൗൺസിൽ അംഗവും, മുൻ എം.എൽ.എ യുമായ സത്യൻ മൊകേരിയും ചേർന്ന്, നവയുഗത്തിന്റെ ആദരവ് സമ്മാനിയ്ക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.