22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 4, 2024
December 2, 2024
November 28, 2024
November 22, 2024
November 15, 2024
October 29, 2024
October 26, 2024
October 25, 2024
October 25, 2024
October 22, 2024

നവയുഗം സഫിയ അജിത്ത് സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരം മന്ത്രി കെ രാജന്

Janayugom Webdesk
ദമ്മാം
January 24, 2023 1:58 pm

ദമ്മാം നവയുഗം സാംസ്കാരികവേദിയുടെ 2021ലെ അവാർഡിന്, കേരളരാഷ്ട്രീയത്തിലെ ശ്രദ്ധേയനായ യുവനേതാവും, കേരള സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ കെ രാജനെ തെരഞ്ഞെടുത്തു. നവയുഗം സാംസ്കാരികവേദി എല്ലാവർഷവും നൽകി വരുന്ന അവാർഡിന്, പരേതയായ നവയുഗം കേന്ദ്ര വൈസ് പ്രസിഡന്റും, പ്രശസ്ത പ്രവാസി ജീവകാരുണ്യപ്രവർത്തകയുമായ സഫിയ അജിത്തിന്റെ പേര് നൽകാൻ, നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി പൊതുപ്രവർത്തനരംഗത്തും, കേരളരാഷ്ട്രീയത്തിലും,സാമൂഹ്യ,സാംസ്ക്കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച കെ.രാജനെ ഈ അവാർഡിന് നവയുഗം കേന്ദ്രകമ്മിറ്റി തെരഞ്ഞെടുക്കുകയായിരുന്നു. അന്തിക്കാട് പുളിക്കൽ കൃഷ്ണൻകുട്ടി മേനോന്റെയും, രമണിയുടെയും മകനായ കെ. രാജൻ ശാസ്ത്രസാഹിത്യ പരിഷത്ത്, ബാലവേദി എന്നിവയിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് എത്തിയത്. തൃശ്ശൂർ കേരളവർമ കോളേജിൽ നിന്ന് ഡിഗ്രിയും, തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവും നേടി. എഐഎസ്എഫിലൂടെ വിദ്യാർഥി രാഷ്ട്രീയരംഗത്ത് സജീവമായ അദ്ദേഹം, കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ജോയിന്റ് സെക്രട്ടറി, യുവജനക്ഷേമ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

മികച്ച വാഗ്മിയും, സംഘാടകനുമായ കെ രാജൻ എഐഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറിയും, സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമാണ്. ഒല്ലൂരിലെ എംഎൽഎയായ രാജൻ പതിനാലാം നിയമസഭയിൽ ചീഫ് വിപ്പ് സ്ഥാനവും വഹിച്ചിരുന്നു. നിലവിൽ റവന്യൂ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഭവന നിർമാണം എന്നീ വകുപ്പുകളുടെ ചുമതല വഹിയ്ക്കുന്ന അദ്ദേഹം മന്ത്രിയെന്ന നിലയിൽ, അഴിമതിക്കറ പുരളാതെ, സാധാരണക്കാരുടെ ജീവിതത്തെ മെച്ചപ്പെടുത്താനായി വളരെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കമ്മ്യുണിസ്റ്റ് ആദർശങ്ങളിൽ ഉറച്ചു നിന്നു കൊണ്ട് തൊഴിലാളികളുടെയും, പാവപ്പെട്ടവരുടെയും പുരോഗതിയ്ക്കായി എന്നും നിലയുറപ്പിച്ച പൊതുജീവിതമാണ് അദ്ദേഹത്തിന്റേത്.

ഈ യാഥാര്‍ത്ഥ്യങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് നവയുഗം കേന്ദ്രകമ്മിറ്റി ‘‘സഫിയ അജിത്ത് സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരത്തിന്” കെ രാജനെ തെരഞ്ഞെടുത്തത്. ശക്തമായ ഇടതുപക്ഷബോധം ഉയർത്തിപ്പിടിച്ചു, സാമൂഹ്യ,സാംസ്ക്കാരിക,രാഷ്ട്രീയ മണ്ഡലങ്ങളിൽ അദ്ദേഹം പുലർത്തിയ നിസ്വാർത്ഥത, ഓരോ പൊതുപ്രവർത്തകനും മാതൃകയാണ് എന്ന് കേന്ദ്ര കമ്മിറ്റി നിരീക്ഷിച്ചു.

ജനുവരി 27 ന് ദമ്മാമില്‍ നടക്കുന്ന “നവയുഗസന്ധ്യ 2K22” മെഗാപ്രോഗ്രാമിന്റെ പൊതുചടങ്ങില്‍ വെച്ച്, സി.പി.ഐ സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗവും, ഹൗസിങ് ബോർഡ് ചെയർമാനുമായ പി പി സുനീർ, അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറയും അറിയിച്ചു. സർവ്വശ്രീ വെളിയം ഭാര്‍ഗവന്‍, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ശ്രീദേവി ടീച്ചർ, മുഹമ്മദ്‌ നജാത്തി, പിഏഎം ഹാരിസ്, ഡോ. സിദ്ദിഖ് അഹമ്മദ്, ഇ.എം.കബീർ, ടി സി ഷാജി എന്നിവരായിരുന്നു മുൻവർഷങ്ങളിൽ നവയുഗം പുരസ്ക്കാരം നേടിയ വ്യക്തിത്വങ്ങൾ.

Eng­lish Summary:navayugom Safia Ajith Social Com­mit­ment Award to Min­is­ter K Rajan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.