നാവികസേനയ്ക്ക് കരുത്തായി യുദ്ധക്കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, മുങ്ങിക്കപ്പല്‍ ഐഎന്‍എസ് വാഗ്ഷീര്‍ എന്നിവ രാജ്യത്തിനു സമര്‍പ്പിച്ചു. ദക്ഷിണ മുംബൈയിലെ നേവല്‍ ഡോക്‌യാര്‍ഡില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതിയ പടക്കപ്പലുകളുടെ കമ്മിഷനിങ് നിര്‍വഹിച്ചു.
ഇന്ത്യ ഒരു പ്രധാന സമുദ്രശക്തിയായി മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ആത്മനിര്‍ഭര്‍ ഭാരത്’ രാജ്യത്തെ ശക്തവും സ്വയംപര്യാപ്തവുമാക്കി. ആദ്യമായാണ് ഡിസ്‌ട്രോയര്‍, ഫ്രിഗേറ്റ്, അന്തര്‍വാഹിനി എന്നിവ ഒരുമിച്ച് കമ്മിഷന്‍ ചെയ്തത്. ഇവ മൂന്നും ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രോജക്ട് 15 ബി ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ പ്രോജക്ടിന്റെ ഭാഗമായുള്ള നാലാമത്തെയും അവസാനത്തെയും കപ്പലാണ് ഐഎന്‍എസ് സൂറത്ത്. 75 ശതമാനം ഭാഗവും തദ്ദേശീയമായി നിര്‍മ്മിച്ചത്. കൊല്‍ക്കത്ത ക്ലാസ് ഡിസ്‌ട്രോയറുകള്‍ക്ക് സമാനമായ ഒരു തുടര്‍ച്ചയാണിത്. പ്രോജക്ട് 17 എ സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് പദ്ധതിയിലെ ആദ്യ കപ്പലാണ് ഐഎന്‍എസ് നീലഗിരി. ശിവാലിക് ക്ലാസ് ഫ്രിഗേറ്റുകളെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കാന്‍ കഴിയുന്നതാണ് ഈ യുദ്ധക്കപ്പല്‍. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഡിസൈന്‍ ബ്യൂറോ രൂപകല്‍പ്പന ചെയ്ത് മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡിലാണ് (എംഡിഎല്‍) ഇത് നിര്‍മ്മിച്ചത്.
നൂതനമായ സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയും കുറഞ്ഞ റഡാര്‍ സിഗ്‌നേച്ചറുകളും ഇതില്‍ ഉള്‍പ്പെടുന്നു. വെള്ളത്തിലൂടെയും വായുവിലൂടെയും മിസൈലുകള്‍ തൊടുക്കാന്‍ കഴിവുള്ള മുങ്ങികപ്പലാണ് ഐഎന്‍എസ് വാഗ്ഷീര്‍. ഏറ്റവും നിശബ്ദമായ ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനികളിലൊന്നാണിത്.
കാല്‍വരി ക്ലാസ് പ്രോജക്ട് 75 ലെ ആറാമത്തെയും അവസാനത്തെയും സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയാണ് ഇത്. 1,565 ടണ്‍ ഭാരമുള്ള വാഗ്ഷീറിന് വിവിധ ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയും. ഫ്രാന്‍സിലെ നേവല്‍ ഗ്രൂപ്പുമായി സഹകരിച്ചായിരുന്നു ഇതിന്റെ നിര്‍മ്മാണം. ടോര്‍പ്പിഡോകള്‍, ആന്റി-ഷിപ്പ് മിസൈലുകള്‍, അത്യാധുനിക സോണാര്‍ സംവിധാനങ്ങള്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ശബ്ദം കുറഞ്ഞതും എല്ലാ സാഹചര്യത്തിലും ഉപയോഗിക്കാന്‍ കഴിയുന്നതുമായ അന്തര്‍വാഹിനികളില്‍ ഒന്നാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.