19 December 2024, Thursday
KSFE Galaxy Chits Banner 2

ഛത്തീസ്ഗഡില്‍ വീണ്ടും നക്സല്‍ ആക്രമണം; 10 ജവാന്മാരും ഡ്രൈവറും കൊല്ലപ്പെട്ടു

ആക്രമണത്തിൽ ഉൾപ്പെട്ട നക്‌സലുകളെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ
web desk
ഛത്തീസ്ഗഡ്
April 26, 2023 4:16 pm

ഛത്തീസ്ഗഡില്‍ വീണ്ടും നക്സല്‍ ആക്രമണം. 10 ഡിആര്‍ജി(ഡിസ്ട്രിക്ട് റിസർവ് ഗാർഡ്) ഉദ്യോഗസ്ഥരും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. കഴി‍ഞ്ഞ ശനിയാഴ്ച ഏറ്റുമുട്ടലിനിടെ മൂന്ന് ഡിആര്‍ജി ജവാന്മാരും കൊല്ലപ്പെട്ടിരുന്നു. ദന്തേവാഡയിലെ അരൺപൂർ മേഖലയിൽ നക്‌സലൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അവിടേക്ക് പോയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇന്ന് രാവിലെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മാവോയിസ്റ്റുകളുടെ ഇംപ്രൊവൈസ്ഡ് സ്ഫോടക ഉപകരണം (ഐഇഡി) ഉപയോഗിച്ചാണ് ഡിആർജി സേനയുടെ വാഹനത്തിനുനേരെ ആക്രമണം നടത്തിയിരിക്കുന്നത്. അരൺപൂർ മേഖലയിൽ പരിശോധന നടത്തി തിരിച്ചുപോരുമ്പോഴാണ് റോഡിൽ സ്ഥാപിച്ച സ്‌ഫോടകവസ്തുക്കൾ വാഹനം അടുത്തെത്തിയ സമരം ഉപകരണം വഴി പൊട്ടിത്തെറിപ്പിച്ചത്. ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ വിവരങ്ങള്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഡിആർജി ജവാൻമാർക്ക് നേരെയുണ്ടായ ആക്രമണം ദൗർഭാഗ്യകരമാണെന്നും മരിച്ചവരുടെ ആത്മാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിൽ ഉൾപ്പെട്ട നക്‌സലുകളെ വെറുതെ വിടില്ലെന്ന് പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ബാഗേൽ പറഞ്ഞു. അതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായി സംസാരിച്ച് ആക്രമണത്തിന്റെ വിശദാംശങ്ങൾ തേടി. വിഷയത്തിൽ ഛത്തീസ്ഗഡ് സർക്കാരിന് കേന്ദ്രത്തിന്റെ പൂർണ പിന്തുണയും അമിത് ഷാ ഉറപ്പ് നൽകിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Eng­lish Sam­mury: Ten per­son­nel of Chhat­tis­garh’s Dis­trict Reserve Guard and the dri­ver of the vehi­cle they were trav­el­ling in were killed in a Nax­al attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.