7 December 2025, Sunday

Related news

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 4, 2025

മുഗൾ ഭരണകാലം ക്രൂരതകളുടേതെന്ന് എന്‍സിഇആര്‍ടി പാഠപുസ്തകം

Janayugom Webdesk
ന്യൂഡല്‍ഹി
July 16, 2025 10:07 pm

മുഗള്‍ ഭരണകാലം ക്രൂരതകള്‍ നിറഞ്ഞതെന്ന് വിവരിച്ച് നാഷണൽ കൗൺസിൽ ഓഫ് എജ്യൂക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിങ്ങി (എൻസിഇആര്‍ടി)ന്റെ പാഠപുസ്തകം. 2025–26 അധ്യയന വർഷത്തേക്ക് അവതരിപ്പിച്ച എൻസിഇആര്‍ടിയുടെ പുതിയ എട്ടാം ക്ലാസ് സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലാണ് മുഗള്‍ ഭരണാധികാരികളെ ദയയില്ലാത്ത, ക്രൂരന്മാരായി ചിത്രീകരിക്കുന്നത്. മുഗൾ ചക്രവർത്തിയായ ബാബറിനെ ദയയില്ലാത്തവനും ക്രൂരനുമായ ഏകാധിപതിയെന്നും ഔറംഗസേബ് ക്ഷേത്രങ്ങളും ഗുരുദ്വാരകളും തകർത്തുവെന്നും വിശേഷിപ്പിക്കുന്നു. ആ കാലഘട്ടത്തിൽ മതപരമായ അസഹിഷ്ണുതയുടെ നിരവധി സംഭവങ്ങൾ ചൂണ്ടിക്കാണിക്കാന്‍ കഴിയുമെന്നും പാഠപുസ്തകം പറയുന്നു.ബാബർ, അക്ബർ, ഔറംഗസേബ് എന്നിവരെ ജനതയെ കൊള്ളയടിച്ച ബുദ്ധിജീവികളായും ചിത്രീകരിക്കുന്നു. 13 മുതൽ പതിനേഴാം നൂറ്റാണ്ട് വരെയുള്ള ചരിത്രം ഉൾക്കൊള്ളുന്ന അധ്യായം ഡൽഹി സുൽത്താന്‍മാരുടെയും മുഗളരുടെയും ഉയർച്ചയും തകർച്ചയും അവർക്കെതിരായ ചെറുത്തുനിൽപ്പും സിഖ് സാമ്രാജ്യത്തിന്റെ ഉയർച്ചയും ഉൾക്കൊള്ളുന്നു.

സുൽത്താന്‍ ഭരണകാലം പട്ടണങ്ങൾ കൊള്ളയടിക്കുകയും ക്ഷേത്രങ്ങൾ ആക്രമിക്കുകയും ചെയ്ത സൈനിക നീക്കങ്ങളാൽ അടയാളപ്പെടുത്തിയ കാലമായി വിശേഷിപ്പിക്കുന്നു. സുൽത്താനേറ്റ്, മുഗൾ കാലഘട്ടങ്ങളിൽ സംഭവിച്ചതിന് ഇന്ന് ജീവിക്കുന്ന ആരെയും കുറ്റപ്പെടുത്താതെ സംഭവങ്ങളെ നിസംഗതയോടെ പഠിക്കേണ്ടത് പ്രധാനമാണെന്ന് പാഠപുസ്തകത്തിലെ ചരിത്ര വിഭാഗത്തിന് മുമ്പുള്ള ചരിത്രത്തിന്റെ ഇരുണ്ട കാലഘട്ടങ്ങളെക്കുറിച്ചുള്ള കുറിപ്പ് പറയുന്നു.
മുഗൾ കാലഘട്ടത്തെക്കുറിച്ചുള്ള പഴയ പാഠപുസ്തകത്തിലെ അധ്യായങ്ങളിൽ ബാബർ, അക്ബർ, ഔറംഗസേബ് എന്നിവരെ ഇത്ര വിശദമായി വിവരിച്ചിരുന്നില്ല. അക്കാലത്ത് ഏഴാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിന്റെ ഭാഗമായിരുന്നു ഈ അധ്യായം. അവയിലാകട്ടെ സാമൂഹ്യ പുരോഗതിയുള്‍പ്പെടെ വിവരിച്ചിരുന്നു.
2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിനും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനും കീഴിലുള്ള വിശാലമായ പാഠ്യപദ്ധതി നവീകരണത്തിന്റെ ഭാഗമെന്ന് പറഞ്ഞാണ് പുതിയ മാറ്റങ്ങൾ.

ക്ഷേത്രങ്ങൾക്കെതിരായ ആക്രമണങ്ങളെയും ചില ഭരണാധികാരികളുടെ ക്രൂരതയെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ചരിത്ര വിഭാഗം ചരിത്രത്തെ ശുദ്ധീകരിക്കുന്നില്ലെങ്കിലും സന്തുലിതവും പൂർണമായും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് എൻ‌സിഇ‌ആർ‌ടിയുടെ മറുപടി. ചരിത്രത്തിലെ ചില ഇരുണ്ട കാലഘട്ടങ്ങളെക്കുറിച്ചുള്ള കുറിപ്പ് കൂടാതെ, മുൻകാല സംഭവങ്ങൾക്ക് ഇന്ന് ആരും ഉത്തരവാദികളാകരുതെന്ന് വ്യക്തമാക്കുന്നതിന് ഒരു അധ്യായത്തിൽ ഒരു മുന്നറിയിപ്പ് കുറിപ്പ് ചേർത്തിട്ടുണ്ട്. ചരിത്രത്തോടുള്ള സത്യസന്ധമായ സമീപനത്തിനാണ് ഊന്നൽ നൽകുന്നതെന്ന് എൻ‌സിഇആർ‌ടിയുടെ കരിക്കുലർ ഏരിയ ഗ്രൂപ്പ് ഫോർ സോഷ്യൽ സയൻസിന്റെ തലവനായ മൈക്കൽ ഡാനിനോ പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും ഐക്യത്തിനും പുരോഗതിക്കും മുഗള്‍ കാലഘട്ടം നല്‍കിയ സംഭാവനകളടക്കം വിവരിക്കുന്ന വസ്തുതകള്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. ചരിത്രത്തിന് നിരക്കാത്ത വിധം മുസ്ലിം ഭരണാധികാരികളെ ക്രൂരന്മാരായി ചിത്രീകരിച്ചത് വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.