
ഇന്ത്യാ വിഭജനത്തിന് ഉത്തരവാദികള്‍ കോണ്‍ഗ്രസും മുഹമ്മദ് അലി ജിന്നയും മുന്‍ വൈസ്രോയി മൗണ്ട് ബാറ്റണും ആണെന്ന് ദേശീയ വിദ്യാഭ്യാസ ഗവേഷക പരിശീലന കൗണ്‍സില്‍ (എന്‍സിഇആര്‍ടി). എല്ലാ വര്‍ഷവും ഓഗസ്റ്റ് 14‑ന് വിഭജന ഭീതി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചത്. ആറ് മുതല്‍ എട്ട് ക്ലാസുകളിലേക്ക് നല്‍കിയ പതിപ്പിലെ ’ വിഭജനത്തിന്റെ കുറ്റവാളികള്‍’ എന്ന അധ്യായത്തിലാണ് വിവാദ പരാമര്‍ശങ്ങളുള്ളത്. 1947 ജൂലൈയില്‍ ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗവും ഇതിനൊപ്പമുണ്ട്. “വിഭജനം അംഗീകരിക്കുകയോ തുടര്‍ച്ചയായ സംഘര്‍ഷങ്ങളും കുഴപ്പങ്ങളും നേരിടുകയോ ചെയ്യേണ്ട ഒരു ഘട്ടത്തിലേക്ക് നാം എത്തിയിരിക്കുന്നു. വിഭജനം നല്ലതല്ല. എന്നാല്‍ ഐക്യത്തിന്റെ വില എന്തുതന്നെയായാലും ആഭ്യന്തരയുദ്ധത്തിന്റെ വില അനന്തമായി വലുതായിരിക്കും”. എന്നാണ് ഈ പ്രസംഗത്തിലുള്ളത്.
ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്ക് മറ്റൊരു പ്രത്യേക പതിപ്പ് ഹിന്ദിയിലും ഇംഗ്ലീഷിലും പുറത്തിറക്കിയിട്ടുണ്ട്. രണ്ടും തുടങ്ങുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഭജന ഭീതി അനുസ്മരണ ദിനം ആചരിക്കുന്നതായി 2021‑ല്‍ പ്രഖ്യാപിച്ച സന്ദേശത്തോടെയാണ്. ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളിലേക്കുള്ള രണ്ടാമത്തെ പതിപ്പില്‍ വിഭജനം അനിവാര്യമായിരുന്നില്ലെന്നും ആഭ്യന്തരയുദ്ധം ഭയന്ന് നെഹ്രുവും പട്ടേലും വിഭജനം സ്വീകരിച്ചെന്നും അതിന് ശേഷം മഹാത്മാഗാന്ധിയും എതിര്‍പ്പ് ഉപേക്ഷിച്ചെന്നും പരാമര്‍ശിക്കുന്നു.
രാഷ്ട്രീയ ഇസ്ലാം മുന്നോട്ടുവച്ച നേതാക്കളുടെ വിശ്വാസത്തില്‍ നിന്നാണ് വിഭജനം ഉണ്ടായതെന്നും അവകാശപ്പെടുന്നു. 1947 മാര്‍ച്ചില്‍ മൗണ്ട്ബാറ്റണ്‍ വൈസ്രോയി ആയ ശേഷം അക്രമം വര്‍ധിച്ചുവന്നതും ജിന്നയുടെ നിര്‍ബന്ധവും കാരണമാണ് നെഹ്രുവും പട്ടേലും വിഭജനത്തിന് സമ്മതിക്കുന്നതിലേക്ക് നയിച്ചതെന്നും എടുത്ത് പറയുന്നുണ്ട്. അങ്ങനെ 1947 ജൂണ്‍ മൂന്നിന് കോണ്‍ഗ്രസും മുസ്ലിം ലീഗും അംഗീകരിച്ച വിഭജന പദ്ധതി മൗണ്ട് ബാറ്റണ്‍ പ്രഖ്യാപിച്ചു. വിഭജനം ഇന്ത്യയുടെ ഐക്യത്തെ തകര്‍ത്തു. പഞ്ചാബിന്റെയും ബംഗാളിന്റെയും സമ്പദ്‍വ്യവസ്ഥ തകര്‍ത്തു. കൂട്ടക്കൊലകള്‍ക്കും കുടിയിറക്കിനും കാരണമായി. വര്‍ഗീയത ആഴത്തിലായി. ജമ്മുകശ്മീരിനെ സംഘര്‍ഷാവസ്ഥയിലേക്ക് തള്ളിവിട്ടു. അത് പിന്നീട് തീവ്രവാദമായി, വഷളായി.
വിഭജനത്തിന് ശേഷവും ഇന്ത്യ ബാഹ്യശത്രുതയെയും ആന്തരിക വര്‍ഗീയ വിഘടനത്തെയും അഭിമുഖീകരിക്കുന്നത് തുടരുന്നെന്നും എന്‍സിഇആര്‍ടി പറയുന്നു. രണ്ട് പ്രധാന സമുദായങ്ങള്‍ തമ്മിലുള്ള സംശയവും ശത്രുതയും ഇപ്പോഴും നിലനില്‍ക്കുന്നു. വിഭജനത്തിലേക്ക് നയിച്ചതും ഇതേ വികാരമാണെന്നും പറയുന്നു. മാത്രമല്ല, വിഭജനത്തെ പാകിസ്ഥാനുമായുള്ള യുദ്ധങ്ങള്‍, ഭീകരത, ഇന്ത്യയുടെ ഉയര്‍ന്ന പ്രതിരോധ ചെലവുകള്‍ എന്നിവയുമായും ബന്ധിപ്പിക്കുന്നു. പാകിസ്ഥാനെ പിന്തുണയ്ക്കുന്ന വിദേശശക്തികള്‍ രാജ്യത്തിന്റെ വിദേശനയത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.