ഒക്ടോബറില്‍ തുടങ്ങുന്ന ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയില്ല. വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ എല്‍ രാഹുല്‍ തിരിച്ചെത്തി. ഇഷാന്‍ കിഷനാണ് ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍. ഏഷ്യാ കപ്പില്‍ കളിക്കുന്ന ടീമിലെ മൂന്ന് താരങ്ങളെ ഒഴിവാക്കിയാണ് ഏകദിന ലോകകപ്പിനായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് പുതിയ ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജു സാംസണ് പുറമെ ഏഷ്യാ കപ്പ് ടീമിലുള്ള തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായത്.
ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. സൂര്യകുമാര്‍ യാദവിന് പകരം തിലക് വര്‍മ്മയെ ഉള്‍പ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നു. സൂര്യയെ നിലനിര്‍ത്താനാണ് തീരുമാനം. ബാറ്റിങ് കൂടി കണക്കിലെടുത്താണ് നാലാം പേസറായി പ്രസിദ്ധ് കൃഷ്ണക്ക് പകരം ഷാര്‍ദ്ദുല്‍ താക്കൂറിനെ ടീമിലെടുത്തതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു.
മൂന്ന് ഓള്‍ റൗണ്ടര്‍മാരും നാലു പേസര്‍മാരും ഏഴ് ബാറ്റര്‍മാരും അടങ്ങുന്ന ലഭ്യമായതില്‍ ഏറ്റവും മികച്ച ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് രോഹിത് പറഞ്ഞു. സഞ്ജുവിന്റെ ആരാധകരില്‍ വലിയ പ്രതിഷേധമാണ് ടീം പ്രഖ്യാപിച്ചതോടെ ഉണ്ടായിട്ടുള്ളത്. ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പില്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14ന് അഹമ്മദാബാദിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ‑പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം.
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.
English Sammury: Indian Cricket Team Announced; No Sanju
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.