
പകുതിയോളം യൂറോപ്യന്മാരും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ യൂറോപ്പിന്റെ ശത്രുവായി കണക്കാക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. പാരിസ് ആസ്ഥാനമായുള്ള യൂറോപ്യൻ അഫയേഴ്‌സ് ഡിബേറ്റ് പ്ലാറ്റ്‌ഫോമായ ലെ ഗ്രാൻഡ് കോണ്ടിനെന്റ് ഒമ്പത് രാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. 48% ആളുകൾ ട്രംപിനെ കടുത്ത ശത്രുവായി കാണുന്നു. ബെൽജിയത്തിൽ 62 ശതമാനവും ഫ്രാൻസിൽ 57% ക്രൊയേഷ്യയിൽ 37%, പോളണ്ടിൽ 19 ശതമാനം പേരും ട്രംപിനോട് കടുത്ത എതിര്‍പ്പ് ഉള്ളവരാണ്. ഭൂഖണ്ഡത്തിലുടനീളം, ട്രംപിസം എന്നത് ശത്രുതാപരമായ ആശയമായാണ് കണക്കാക്കുന്നതെന്ന് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയ പൊളിറ്റിക്കൽ സയൻസ് അധ്യാപകന്‍ ജീൻ യെവ്സ് ഡോർമഗൻ പറഞ്ഞു. എന്നാല്‍ യുഎസുമായുള്ള ബന്ധം തന്ത്രപരമായി പ്രധാനപ്പെട്ടതാണെന്ന അഭിപ്രായമാണ് യൂറോപ്യന്മാര്‍ക്കുള്ളത്. യുഎസ് സർക്കാരിനോട് യൂറോപ്യൻ യൂണിയൻ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ചോദിച്ചപ്പോൾ, 48% പേര്‍ വിട്ടുവീഴ്ചയെന്ന ഉത്തരമാണ് തെരഞ്ഞെടുത്തത്.
അതേസമയം, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, ജർമ്മനി, പോളണ്ട്, പോർച്ചുഗൽ, ക്രൊയേഷ്യ, ബെൽജിയം, നെതർലാൻഡ്‌സ് എന്നിവിടങ്ങളിലെ സർവേയിൽ, വരും വർഷങ്ങളിൽ റഷ്യയുമായുള്ള യുദ്ധത്തിന്റെ സാധ്യത വളരെ കൂടുതലാണെന്ന് 51% അഭിപ്രായപ്പെട്ടു. ഫ്രാൻസിൽ 54%, ജർമ്മനിയിൽ 51%, പോർച്ചുഗലിൽ 39%, ഇറ്റലിയിൽ 34% എന്നിങ്ങനെയാണ് ഫലം. ദേശീയ സൈനിക ശേഷിയിലുള്ള ആത്മവിശ്വാസം പൊതുവേ കുറവാണെന്ന് സര്‍വേ കണ്ടെത്തി. ഒമ്പത് രാജ്യങ്ങളിലായി പ്രതികരിച്ചവരിൽ 69% പേരും റഷ്യൻ ആക്രമണത്തിനെതിരെ സ്വയം പ്രതിരോധിക്കാൻ തങ്ങളുടെ രാജ്യത്തിന് കഴിവില്ലെന്ന് കരുതുന്നവരാണ്. ഒമ്പത് രാജ്യങ്ങളിലെയും പ്രതികരിച്ചവരിൽ ബഹുഭൂരിപക്ഷം പേരും യൂറോപ്യൻ യൂണിയൻ അംഗത്വത്തെ പിന്തുണച്ചു: 74% പേർ തങ്ങളുടെ രാജ്യം യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് ആഗ്രഹിച്ചു, പോർച്ചുഗൽ (90%), സ്പെയിൻ (89%) എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന അഭിപ്രായം, പോളണ്ട് (68%), ഫ്രാൻസ് (61%) എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.