21 November 2024, Thursday
KSFE Galaxy Chits Banner 2

വേണ്ടത് ഉപാധികളില്ലാത്ത വനിതാ സംവരണം

ആനി രാജ
September 28, 2024 4:45 am

നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ (എന്‍എഫ്ഐഡബ്ല്യു) ഇക്കഴിഞ്ഞ സെപ്റ്റംബർ 12ന് കേന്ദ്ര സര്‍ക്കാരിന്റെ നാരീശക്തി വന്ദൻ അധീനിയം അടിസ്ഥാനമാക്കി ഒരു ദേശീയ കൺവെൻഷൻ ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യുഷൻ ക്ലബ്ബിൽ സംഘടിപ്പിച്ചു. ഫെഡറേഷനില്‍ അഫിലിയേറ്റ് ചെയ്ത സംഘടനകളുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറ്റമ്പതോളം പ്രതിനിധികള്‍ കൺവെൻഷനിൽ പങ്കെടുത്തു. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും വനിതാ സംവരണത്തിനായുള്ള പ്രചരണത്തിന്റെ രണ്ടാംഘട്ടം പ്രഖ്യാപിക്കുന്നതിനായിരുന്നു കൺവെൻഷൻ സംഘടിപ്പിച്ചത്.
ഭരണത്തിലിരിക്കെ ഒമ്പത് വർഷത്തോളം മൗനം പാലിച്ച്, 2023 സെപ്റ്റംബർ 19ന്, അപ്രതീക്ഷിതമായാണ് നാരീശക്തി വന്ദൻ അധീനിയം എന്ന പേരിൽ മോഡി സർക്കാർ വനിതാ സംവരണ ബിൽ ഭരണഘടനയുടെ 128-ാം ഭേദഗതിയായി പാസാക്കിയത്. നിയമം നടപ്പാക്കുന്നത് സെൻസസ്, മണ്ഡല പുനര്‍നിര്‍ണയം എന്നീ രണ്ട് വ്യവസ്ഥകളോടെയായിരിക്കുമെന്നും പ്രഖ്യാപിച്ചു. ഉപാധികളോടെ പാർലമെന്റ് പാസാക്കിയ ഏക നിയമം ഇതായിരിക്കണം. ബിൽ പാസാക്കുന്നതിൽ പ്രധാനമന്ത്രി മോഡി കാണിച്ച അപ്രതീക്ഷിതമായ തിടു‌ക്കത്തിന്റെ കാരണം പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്.
2021ൽ ബില്ലുമായി ബന്ധപ്പെട്ട് മോഡി സർക്കാരിനെതിരെ ദേശീയ മഹിളാ ഫെഡറേഷന്‍ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. ഹർജിയുടെ ആദ്യ ഹിയറിങ്ങിൽത്തന്നെ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. പിന്നീട് പലതവണ ഓർമ്മിപ്പിച്ചിട്ടും സര്‍ക്കാര്‍ പ്രതികരിച്ചില്ല. 2023 സെപ്റ്റംബറിൽ നടന്ന ഒരു ഹിയറിങ്ങിൽ, സുപ്രീം കോടതി സർക്കാരിനെതിരെ വളരെ രൂക്ഷമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു. ഇതാണ് ബിൽ ധൃതിപിടിച്ച് പാസാക്കാന്‍ മോഡി സർക്കാരിനെ നിർബന്ധിതരാക്കിയത്. 

ബിജെപി സർക്കാരിന്റെ പുരുഷാധിപത്യ — മനുവാദി — സ്ത്രീവിരുദ്ധ മനോഭാവമാണ് നിയമത്തിനൊപ്പം ഘടിപ്പിച്ചിരിക്കുന്ന വ്യവസ്ഥ കാണിക്കുന്നതെന്ന് മഹിളാ ഫെഡറേഷന്‍ പ്രസിഡന്റ് അരുണാ റോയ് പറഞ്ഞു. ഇന്ത്യയില്‍ സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങള്‍ അനുദിനം വർധിച്ചുവരുമ്പോൾ, വ്യാജ അവകാശവാദങ്ങളിലാണ് കേന്ദ്രസർക്കാരിന് താല്പര്യം. ഫാസിസ്റ്റ് ക്രിമിനലുകൾ സ്ത്രീകളെ പരേഡ് ചെയ്യിക്കുകയും ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന മണിപ്പൂരിൽ പോലും സന്ദർശിക്കാതെ പ്രധാനമന്ത്രി ഉറച്ചുനിൽക്കുന്നു. ‘സ്ത്രീകൾ നയിക്കുന്ന വികസനം’ എന്ന് മോഡിയും കൂട്ടരും ആവർത്തിച്ചാവര്‍ത്തിച്ച് അവകാശവാദം ഉന്നയിക്കുമ്പോഴും പാർലമെന്റ്, സംസ്ഥാന നിയമനിർമ്മാണ സഭകൾ തുടങ്ങി തീരുമാനങ്ങളെടുക്കേണ്ട എല്ലാ മേഖലകളിൽ നിന്നും സ്ത്രീകൾ ഒഴിവാക്കപ്പെടുന്നു.
നിലവിലെ ലോക്‌സഭയിൽ വനിതാ എംപിമാരുടെ എണ്ണം കേവലം 13.6 ശതമാനമാണ്. കഴിഞ്ഞസഭയിലെ 14.4 ശതമാനത്തിൽ നിന്നാണ് ഈ കുറവ്. ഒരു വശത്ത് ലൈംഗികാതിക്രമങ്ങളും ക്രൂരതയും വർധിക്കുകയും മറുവശത്ത് പ്രതികള്‍ക്കുള്ള ശിക്ഷാനിരക്ക് ഭയാനകമായി കുറയുകയും ചെയ്യുന്നു. പ്രതികള്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ രക്ഷാകർതൃത്വം, കുറഞ്ഞ ശിക്ഷാനിരക്ക്, കെട്ടിക്കിടക്കുന്ന കേസുകളുടെ ഉയർന്ന നിരക്ക്, പതിറ്റാണ്ടുകൾ നീളുന്ന നീതിന്യായ പ്രക്രിയ തുടങ്ങിയവ പ്രതിസന്ധി രൂക്ഷമാക്കുകയും സ്ത്രീകളുടെ ജീവിതം കൂടുതൽക്കൂടുതല്‍ അപകടകരമാക്കുകയും ചെയ്യുന്നു.
കേന്ദ്ര‑സംസ്ഥാന സർക്കാരുകളും മിക്ക രാഷ്ട്രീയ പാർട്ടികളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ സാമൂഹിക‑രാഷ്ട്രീയ‑സാമ്പത്തിക പ്രത്യാഘാതങ്ങളെ അവഗണിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, എൻഎസ്‌വിഎ നടപ്പാക്കാനുള്ള ഉപാധികള്‍ ഒഴിവാക്കാനും, നിയമനിര്‍മ്മാണ സ്ഥാപനങ്ങളിൽ വനിതകൾക്ക് 50 ശതമാനം സീറ്റ് സംവരണം ചെയ്യാനും, സാധാരണക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനും ഓർമ്മിക്കാനും കഴിയുന്ന രീതിയില്‍ നിയമത്തിന്റെ പേരുമാറ്റാനും ആവശ്യപ്പെട്ടുള്ള സമരങ്ങളുടെ രണ്ടാംഘട്ടം ആരംഭിക്കാനാണ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചത്.
രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങള്‍ പിന്നിടുമ്പോള്‍, ഭരണഘടനാപരമായ ജനാധിപത്യപ്രക്രിയയിൽ നിരവധി നാഴികക്കല്ലുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇനിയും ഒരുപാട് കാര്യങ്ങൾ നിറവേറ്റേണ്ടതുണ്ട്. സ്വാതന്ത്ര്യം, സമത്വം, അന്തസ് എന്നീ ഭരണഘടനാ വാഗ്ദാനങ്ങൾ രാജ്യത്തെ ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും പൂര്‍ണമായും ലഭിച്ചിട്ടില്ല. അംഗീകാരം, പ്രാതിനിധ്യം, പുനർവിതരണം തുടങ്ങിയ കാര്യങ്ങളെ വളച്ചൊടിച്ച്, വ്യവസ്ഥാപിതമായിത്തന്നെ സ്ത്രീകള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. 

പാർലമെന്റിന്റെ അധോസഭയിലെ വനിതാ പ്രാതിനിധ്യത്തിൽ 185 രാജ്യങ്ങളിൽ 143-ാം സ്ഥാനത്താണ് ഇന്ത്യ. 18-ാം ലോക്‌സഭയിൽ സ്ത്രീ പ്രാതിനിധ്യം നാമമാത്രമാണെന്ന് നേരത്തേ പറഞ്ഞു. 2023ൽ, പുതിയ പാർലമെന്റ് സമുച്ചയം ഉദ്ഘാടന ചടങ്ങിനെ ജനാധിപത്യത്തിന്റെ പുതിയ യുഗമായി വാഴ്ത്തിക്കൊണ്ടാണ്, നാരീശക്തി വന്ദന്‍ അധീനിയത്തിന്റെ രൂപത്തിൽ വനിതാ സംവരണ നിയമം പാസാക്കിയത്. സുപ്രീം കോടതി ശക്തമായ പരാമർശങ്ങളും നിരീക്ഷണങ്ങളും നടത്തിയപ്പോഴാണ് ഒരു ദശാബ്ദത്തെ നിശബ്ദതയ്ക്ക് ശേഷം പൊടുന്നനെ ഇത്തരമൊരു തീരുമാനമെടുക്കാൻ മോഡി സർക്കാര്‍ നിര്‍ബന്ധിതമായത്.
1996 മുതൽ മഹിളാ ഫെഡറേഷനും വിവിധ വനിതാ സംഘടനകളും നിയമനിര്‍മ്മാണ സഭകളിലെ വനിതാ സംവരണത്തിനായി നിരന്തരം ആവശ്യപ്പെടുകയും പോരാടുകയും ചെയ്യുന്നു. ഇതിനായി വൻപ്രചരണങ്ങളും പ്രതിഷേധ പ്രകടനങ്ങളും രാപ്പകല്‍ സമരവും ഒപ്പുശേഖരണവുമെല്ലാം സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വനിതാ സംവരണത്തിനായുള്ള പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയായിരുന്ന ഫെഡറേഷന്‍ നേതാവ് സഖാവ് ഗീതാ മുഖർജിയും മറ്റ് വനിതാ എംപിമാരും പാർലമെന്റിനുള്ളിലും നിരന്തരം വാദിച്ചു. എന്നാൽ 2023 സെപ്റ്റംബറില്‍ പാസാക്കിയ നിയമത്തിലൂടെ, മേല്പറഞ്ഞ പോരാട്ടങ്ങളെല്ലാം പരിഹസിക്കപ്പെട്ടു.
സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കാനുള്ള ബിൽ പാസാക്കുന്നതിനുപകരം, നിബന്ധനകളോടെ നാരീശക്തി വന്ദൻ അധീനിയം കൊണ്ടുവരികയായിരുന്നു സര്‍ക്കാര്‍. ഇത് സ്ത്രീശാക്തീകരണത്തിനെതിരെയുള്ള പരിഹാസമല്ലാതെ മറ്റൊന്നുമല്ല. സ്ത്രീകളെ ശാക്തീകരിക്കുന്നതിനു പകരം, വ്യവസ്ഥാപരമായ തടസങ്ങൾ ഈ നിയമം വർധിപ്പിക്കുന്നു. സ്ത്രീകളെ മുന്നോട്ട് കൊണ്ടുപോകുന്നതിനു പകരം അവരെ കൂടുതൽ നിശബ്ദതയിലേക്ക് തള്ളിവിടുകയും കൂടുതൽ അദൃശ്യരാക്കുകയും ചെയ്യുന്നു.
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ സുപ്രധാന നേട്ടമായാണ് നാരീശക്തി ബില്‍ അവതരിപ്പിക്കപ്പെട്ടത്. ലിംഗ നീതിയുള്ള ഭരണത്തിന്റെ പ്രതിച്ഛായയുണ്ടാക്കാന്‍ നിയമത്തെ അവര്‍ ഉപകരണമാക്കി. എന്നാല്‍ സെൻസസിനും മണ്ഡലപുനര്‍നിര്‍ണയ പ്രക്രിയകൾക്കും ശേഷം മാത്രമേ ഇത് നടപ്പിലാക്കുകയുള്ളൂ. അതിന് നിശ്ചിത തീയതി നൽകിയിട്ടുമില്ല. ഇത് രാജ്യത്തെ സ്ത്രീകളെ അപമാനിക്കലാണ്.
ഇന്ത്യയില്‍ സ്ത്രീകളുടെ അവസ്ഥ അങ്ങേയറ്റം അപകടകരമാണ്. പ്രായത്തിന്റെയും സാമൂഹിക സ്ഥാനങ്ങളുടെയും ഭേദമില്ലാതെ യുദ്ധസമാനമായ സാഹചര്യത്തിലൂടെയാണ് ഭൂരിപക്ഷം സ്ത്രീകള്‍ ജീവിക്കുന്നത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും ക്രൂരതയും വർധിച്ചുകൊണ്ടിരിക്കുകയാണ്, ശിക്ഷാനിരക്കുകൾ കുറയുകയും ചെയ്യുന്നു. ഈയവസ്ഥയിലാണ് സ്ത്രീകളുടെ സുരക്ഷിതത്വവും അന്തസും ഉറപ്പാക്കാനുള്ള നിയമങ്ങൾ നടപ്പാക്കാന്‍ മടിക്കുന്നത്. സ്ത്രീമുന്നേറ്റത്തിനുള്ള ബജറ്റ് വിഹിതം അപര്യാപ്തമാണ്. വിദ്യാഭ്യാസത്തിൽ നിന്നും തൊഴിലിൽ നിന്നും സ്ത്രീകളുടെ തിരോധാനവുമുണ്ട്. ഇവയെല്ലാം സമൂഹത്തിലെ പുരുഷാധിപത്യ മനോഭാവത്തെ ഊട്ടിയുറപ്പിക്കുന്നു. 

മനുവിന്റെ ചിന്തകളാല്‍ നയിക്കപ്പെടുന്ന നിലവിലെ സർക്കാർ, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും, തീരുമാനങ്ങൾ എടുക്കുന്ന സ്ഥാപനങ്ങളുടെ വാതിലുകൾ സ്ത്രീകൾക്ക് വേണ്ടി തുറന്നുകിടക്കുകയാണെന്നും അവകാശപ്പെടുന്നത് വിരോധാഭാസമാണ്. ഈ പശ്ചാത്തലത്തിൽ ദേശീയ മഹിളാ ഫെഡറേഷൻ വനിതാ സംവരണ നിയമത്തിനായുള്ള പോരാട്ടത്തിന്റെ രണ്ടാംഘട്ട ക്യാമ്പയിൻ ആരംഭിക്കുന്നു. സ്ത്രീകളുടെ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കാൻ എൻഎസ്‌വിഎ ഭേദഗതി ചെയ്യണമെന്നും സെൻസസ്, മണ്ഡലപുനര്‍നിര്‍ണയം എന്നിവയുമായി ബന്ധപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടാണ് പോരാടുക.
വനിതാസംവരണത്തിനായി പ്രയത്നിച്ച സംഘടനകൾ, പ്രവർത്തകർ, നേതാക്കൾ എന്നിവരുടെ അശ്രാന്തപരിശ്രമത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. സെൻസസുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നീക്കി നാരീശക്തി വന്ദൻ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുകയാണ്.
ലിംഗസമത്വത്തിലെ പുരോഗതിയും സ്ത്രീകളുടെ ശാക്തീകരണവും യഥാർത്ഥ ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്. യഥാർത്ഥ ജനാധിപത്യത്തിലും ലിംഗസമത്വത്തിലും തുല്യനീതിയിലും വിശ്വസിക്കുന്ന എല്ലാവരോടും ഈ ക്യാമ്പയിനിൽ ചേരാൻ ദേശീയ മഹിളാ ഫെഡറേഷന്‍ അഭ്യർത്ഥിക്കുന്നു.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.