ന്യൂഡല്‍ഹി
June 13, 2024 10:40 pm
നീറ്റ് യുജി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച 1,563 വിദ്യാര്‍ത്ഥികളുടെ സ്‌കോര്‍ കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നീറ്റ് യുജി പരീക്ഷ ക്രമക്കേട് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ പുതിയ നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരുള്‍പ്പെട്ട അവധിക്കാല ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഗ്രേസ് മാര്‍ക്കിലൂടെ അധിക സ്‌കോര്‍ ലഭിച്ച വിദ്യാര്‍ത്ഥികളുടെ സ്‌കോര്‍ കാര്‍ഡ് റദ്ദാക്കും. ഇവര്‍ക്ക് ജൂണ്‍ 23ന് വീണ്ടും പരീക്ഷയെഴുതാന്‍ അവസരമൊരുക്കും. ജൂണ്‍ 30 ന് പുനഃപരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തുമെന്നും കൗണ്‍സിലിങ്ങ് നടപടികള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വീണ്ടും പരീക്ഷ എഴുതാന്‍ താല്പര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കി സ്‌കോര്‍ നിശ്ചയിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
നീറ്റ് പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതും ചില സെന്ററുകളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് അധിക സ്‌കോര്‍ ലഭിച്ചതുമാണ് കാര്യങ്ങള്‍ കോടതിയില്‍ എത്തിച്ചത്. പരീക്ഷ വൈകിയതു മൂലം സുപ്രീം കോടതി മുന്‍ നിര്‍ദ്ദേശ പ്രകാരമാണ് ചില വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ കാരണമായതെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ചെയര്‍മാന്‍ സുബോധ് കുമാര്‍ സിങ്ങിന്റെ വിശദീകരണം.
പരീക്ഷയിലെ ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികളും സ്ഥാപനങ്ങളും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. വന്‍തോതില്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ച നടന്നതായും പരീക്ഷാ കേന്ദ്രങ്ങളിലെ ക്രമക്കേടുകളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒഡീഷ, കര്‍ണ്ണാടക, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഗുജറാത്തിലെ ഗോധ്ര പരീക്ഷാ കേന്ദ്രം തിരഞ്ഞെടുത്തതിലെ ദുരൂഹതയും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
വിജയം നേടാന്‍ വിദ്യാര്‍ത്ഥികള്‍ പത്ത് ലക്ഷം രൂപ നല്‍കിയതായി ഹര്‍ജിയില്‍ പറയുന്നു. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കുന്ന റാക്കറ്റുകള്‍ യുപിയിലും ബീഹാറിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങളും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു. പരീക്ഷയ്ക്ക് തലേന്ന് ഇന്‍സ്റ്റാഗ്രാമില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ വിഷയവും ഹര്‍ജിയിലുണ്ട്. ഇതിനിടെ നീറ്റ് പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്തെത്തി. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.