20 January 2026, Tuesday

Related news

January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 12, 2026

നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; ഇടപെട്ട് സുപ്രീം കോടതി

റെജി കുര്യന്‍
ന്യൂഡല്‍ഹി
July 18, 2024 10:56 pm

നീറ്റ് യുജി പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്ക് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എന്‍ടിഎ) സുപ്രീം കോടതിയുടെ നിര്‍ദേശം. പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ റദ്ദാക്കുകയോ പുനഃപരീക്ഷ നടത്തുകയോ വേണമെന്നുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് പരീക്ഷാ നടത്തിപ്പുകാരായ എന്‍ടിഎക്ക് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശം നല്‍കിയത്. നീറ്റ് യുജി പരീക്ഷാഫലങ്ങള്‍ മുഴുവനായോ, സിബിഐ നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ടോ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കേസില്‍ മുന്നോട്ടുപോകുന്നതില്‍ ബുദ്ധിമുട്ട് സംഭവിച്ചെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ നരേന്ദര്‍ ഹൂഡ വാദമുയര്‍ത്തി. ഇത് പരിഗണിച്ചാണ് ശനിയാഴ്ച ഉച്ചയ്ക്കുള്ളില്‍ പരീക്ഷയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്ക് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ പുറത്താകാത്തവിധം ലഭിച്ച മാര്‍ക്കുകള്‍ പ്രസിദ്ധപ്പെടുത്തണം. ഇത് നഗരങ്ങള്‍ തിരിച്ചും പരീക്ഷാ കേന്ദ്രങ്ങള്‍ തിരിച്ചും വേണം. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ വ്യാപ്തി മനസിലാക്കാന്‍ ഹര്‍ജിക്കാരെ ഇത് സഹായിക്കും എന്ന നിരീക്ഷണത്തോടെയായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം. ഹര്‍ജികള്‍ തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.

നഗരങ്ങള്‍ തിരിച്ചും പരീക്ഷാ കേന്ദ്രങ്ങള്‍ തിരിച്ചുമുള്ള പരീക്ഷാ ഫലം പുറത്തുവിടുന്നതിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. പട്നയിലും ഹസാരിബാഗിലും ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ചതാണെങ്കിലും ചോര്‍ച്ച ആ സെന്ററുകളില്‍ മാത്രം ഒതുങ്ങുമോ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചോ എന്ന കാര്യം അറിയാന്‍ മാര്‍ക്ക് വിവരങ്ങള്‍ പുറത്തു വിടേണ്ടതുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് ആ ഘട്ടത്തില്‍ വാക്കാല്‍ പറഞ്ഞത്. വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ചോരുന്നത് സ്വകാര്യതയെ ബാധിക്കുമെന്ന സോളിസിറ്റര്‍ ജനറലിന്റെ വാദവും കോടതി തള്ളി. ഡമ്മി റോള്‍ നമ്പറുകളുപയോഗിച്ച് ഇവരുടെ വ്യക്തിഗത വിവരങ്ങള്‍ മറയ്ക്കാമെന്നായിരുന്നു ബെഞ്ച് മറുപടി നല്‍കിയത്. ആദ്യം ഇന്ന് അഞ്ച് മണിക്ക് മുമ്പ് മാര്‍ക്ക് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയതെങ്കിലും 23 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഫലം പുറത്തുവിടാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു. അതേസമയം കൗണ്‍സിലിങ് നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ കോടതി അനുകൂല നിലപാടല്ല സ്വീകരിച്ചത്. കൗണ്‍സിലിങ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മൂന്നു മാസത്തോളം സമയം എടുക്കുമെന്നും കോടതി തിങ്കളാഴ്ചതന്നെ കേസ് വീണ്ടും പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച കേസില്‍ ബിഹാര്‍ പൊലീസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പും കോടതി തേടിയിട്ടുണ്ട്. 

Eng­lish sum­ma­ry ; NEET UG ques­tion paper leak; The Supreme Court intervened

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.