
ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് ചികിത്സയും നഷ്ടപരിഹാരവും നിഷേധിക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടൽ. വർഷങ്ങളായി കോടതി ഉത്തരവുകൾ നിലവിലുണ്ടായിട്ടും ഇരകൾക്ക് അർഹമായ നഷ്ടപരിഹാരവും സൗജന്യ ചികിത്സയും ലഭിക്കുന്നില്ലെന്ന പരാതി പരിശോധിക്കാൻ ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് തീരുമാനിച്ചു. ആസിഡ് ആക്രമണത്തെ അതിജീവിച്ചവർക്ക് കുറഞ്ഞത് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നുമുള്ള മുൻ ഉത്തരവുകൾ പാലിക്കാത്ത കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ആസിഡ് ആക്രമണ ഇരകൾക്ക് സ്വകാര്യ ആശുപത്രികൾ സൗജന്യ ചികിത്സ നിഷേധിച്ചാൽ അത് ക്രിമിനൽ കുറ്റമായി പരിഗണിക്കുമെന്ന് കോടതി ഓർമ്മിപ്പിച്ചു. മികച്ച സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതുവരെ പ്രാഥമിക ചികിത്സ, മരുന്നുകൾ, ഭക്ഷണം, കിടക്ക എന്നിവ സൗജന്യമായി നൽകണം. പണം അടയ്ക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുതെന്ന് 2013‑ലും 2015‑ലും കോടതി ഉത്തരവിട്ടിരുന്നു.
ഇരകൾക്ക് കുറഞ്ഞത് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. ഇതിൽ ഒരു ലക്ഷം രൂപ സംഭവം നടന്ന് 15 ദിവസത്തിനുള്ളിലും ബാക്കി തുക രണ്ട് മാസത്തിനുള്ളിലും കൈമാറണം. ചികിത്സ ഉറപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് കോടതി നിര്‍ദേശം നൽകി. ആസിഡ് സർവൈവേഴ്സ് സാഹസ് ഫൗണ്ടേഷൻ’ എന്ന സംഘടനയാണ് ഹർജി നൽകിയത്. പല സ്വകാര്യ ആശുപത്രികളും പണം മുഴുവൻ അടയ്ക്കാതെ ചികിത്സ നൽകുന്നില്ലെന്ന് സംഘടന കോടതിയെ അറിയിച്ചു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ധനസഹായം ലഭിക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. സംസ്ഥാന ലീഗൽ സർവീസസ് അതോറിട്ടികളിൽ നിന്ന് നഷ്ടപരിഹാര വിതരണം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ദേശീയ ലീഗൽ സർവീസസ് അതോറിട്ടിക്ക് ബെഞ്ച് നിര്‍ദേശം നൽകി. 2024 മാർച്ച് മുതൽ 2025 ഏപ്രിൽ വരെ 484 കോടി രൂപ നഷ്ടപരിഹാരമായി നൽകിയെന്ന് നൽസയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, കൃത്യമായ വിവരങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ആസിഡ് വില്പന നിയന്ത്രിക്കുന്നതിനും ഇരകളുടെ പുനരധിവാസത്തിനും വേണ്ടി 2006 മുതൽ സുപ്രീം കോടതി നടത്തിവരുന്ന ഇടപെടലുകളുടെ തുടർച്ചയായാണ് പുതിയ നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.