19 December 2024, Thursday
KSFE Galaxy Chits Banner 2

ആദായ നികുതി വകുപ്പിന്റെ അനാസ്ഥ: 38,500 കോടിയുടെ നഷ്ടം

Janayugom Webdesk
ന്യൂഡല്‍ഹി
August 20, 2022 10:18 pm

ആദായ നികുതി വകുപ്പി (ഐടി) ന്റെ അനാസ്ഥ കാരണം രാജ്യത്തെ രത്ന, ആഭരണ മേഖലയില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടം. 38,449.59 കോടിയുടെ നികുതി വെട്ടിപ്പിന് കാരണമായ ഐടി നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാത്ത 230 സംഭവങ്ങൾ കണ്ടെത്തിയതായി കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രത്ന, ആഭരണ മേഖലയിലെ കമ്പനികൾ, വ്യാജ ഇന്‍വോയ്സ് ഉപയോഗിച്ച് ക്രമക്കേട് നടത്തിയത് 2017–18ല്‍ അവസാനിച്ച അഞ്ച് വര്‍ഷത്തെ കാലയളവില്‍ ഇന്ത്യയുടെ രത്ന ഇറക്കുമതി മൂല്യത്തിൽ വൻ വര്‍ധനവിന് കാരണമായി.
സംശയാസ്പദമായ ഇടപാടുകള്‍ പരിശോധിക്കാത്തത്, വിശദീകരിക്കാത്ത അധിക ഔട്ട്പുട്ട്, സ്റ്റോക്കുകളുടെ കുറഞ്ഞ അക്കൗണ്ടിങ്, രേഖകൾ പ്രകാരം മൂല്യനിർണയക്കാരൻ നടത്തിയ ക്ലെയിമുകളിലെ വ്യത്യാസം പരിശോധിക്കാത്തത് തുടങ്ങി വിവിധ ക്രമക്കേടുകൾ കണ്ടെത്തിയതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
37,948.16 കോടിയുടെ നികുതി വെട്ടിപ്പിന് കാരണമായ 134 സംഭവങ്ങള്‍ സിഎജി കണ്ടെത്തി. കക്ഷികളുമായി ബന്ധപ്പെട്ടുള്ള 142.85 കോടി നികുതിയുടെ 32 ക്രമക്കേടുകളും കണ്ടെത്തി. 230ല്‍ 33 എണ്ണം ഗുരുതരമായ ക്രമക്കേടുകളാണെന്നും ഇതില്‍ മാത്രമായി 37,909.38 കോടിയുടെ നഷ്ടം സര്‍ക്കാരിന് ഉണ്ടായതായും സിഎജി ചൂണ്ടിക്കാട്ടുന്നു.
അഞ്ച് സംസ്ഥാനങ്ങളിലായി 178 കേസുകളിൽ, ഗുണഭോക്താക്കൾ 2,477.73 കോടി രൂപയുടെ വ്യാജ ഇൻവോയ്സുകൾ നേടിയതായും കണ്ടെത്തിയിട്ടുണ്ട്. 19 നികുതിദായകര്‍ നാലുവര്‍ഷമായി 30,560.46 കോടിയുടെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത സംഭവങ്ങള്‍ സമയബന്ധിതമായി നിരീക്ഷിക്കുന്നതില്‍ ആദായനികുതി വകുപ്പിന്റെ സംവിധാനം പരാജയപ്പെട്ടു. 2015–18 വര്‍ഷത്തിനിടയില്‍ ആദായ നികുതി നിയമത്തിന് വിരുദ്ധമായി വിദേശ ഇടപാടുകള്‍ നടത്തിയ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വകുപ്പ് പരാജയപ്പെട്ടു. 

ആഗോളവ്യാപാരത്തേക്കാള്‍ പത്ത് മടങ്ങ് കൂടുതല്‍

2013–14 മുതല്‍ 2017–18 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ രത്നങ്ങളുടെയും മുത്തുകളുടെയും ഇറക്കുമതി ആഗോള രത്നവ്യാപാരത്തിന്റെ ശരാശരി വാർഷിക മൂല്യത്തേക്കാൾ മൂന്ന് മുതൽ 10 മടങ്ങുവരെ കൂടുതലാണെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു.
2012ലും 2014ലും രത്ന വ്യാപാരത്തില്‍ അസാധാരണമായ പ്രവണത ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ രണ്ട് വര്‍ഷങ്ങളില്‍ ഈ ഉല്പന്നങ്ങളുടെ കയറ്റുമതി രണ്ട് ദശലക്ഷം ഡോളറില്‍ നിന്ന് 330 ദശലക്ഷം ഡോളറായി ഉയര്‍ന്നു. സമാന വര്‍ഷങ്ങളില്‍ ഇറക്കുമതി 11 ദശലക്ഷം ഡോളറില്‍ നിന്ന് 821 ദശലക്ഷം ഡോളറായി ഉയരുകയും ചെയ്തിട്ടുണ്ട്. 

Eng­lish Sum­ma­ry: Neg­li­gence of Income Tax Depart­ment: Loss of Rs 38,500 crore

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.