14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 20, 2024
August 18, 2024
February 14, 2024
January 18, 2024
July 26, 2023
May 5, 2023
May 5, 2023
March 9, 2023
February 12, 2023
February 6, 2023

കനല്‍വഴികള്‍ താണ്ടി ട്രാന്‍സ് വിഭാഗത്തില്‍ നിന്ന് നേഹ പുരസ്കാരത്തിളക്കത്തിലേക്ക്

കെ കെ ജയേഷ്
കോഴിക്കോട്​
May 27, 2022 10:01 pm

‘അവഗണനയും എതിർപ്പുകളും ഏറെ ഏറ്റുവാങ്ങിയിട്ടുണ്ട്… എന്നാലിന്ന് വലിയ സന്തോഷവും അഭിമാനവും തോന്നുന്നു. . വേദനയും ഒറ്റപ്പെടലും നിറഞ്ഞ ജീവിതത്തിൽ താൻ അംഗീകരിക്കപ്പെട്ടിരിക്കുന്നു. കേരളത്തിനും മലയാളികൾക്കും ഏറെ നന്ദി… ’ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ആദ്യമായി പുരസ്ക്കാരം സ്വന്തമാക്കിയ ട്രാൻസ് വിഭാഗത്തിലെ അഭിനേതാവായ നേഹ നിറഞ്ഞ സന്തോഷത്തോടെ പ്രതികരിച്ചു. ട്രാൻസ്​ജെൻഡറുകളുടെ ജീവിതത്തെ ഏറെ ഗൗരവത്തോടെ അവതരിപ്പിച്ച ‘മാധ്യമം’ സീനിയർ ഫോട്ടോഗ്രാഫർ പി അഭിജിത്തിന്റെ ‘അന്തര’ത്തിലെ അഞ്ജലി എന്ന കഥാപാത്രത്തെ അതീവ മികവോടെ അവതരിപ്പിച്ചാണ് നേഹ സംസ്ഥാന ചലച്ചിത്ര പുരസ്കാരപട്ടികയിൽ ചരിത്രമെഴുതിയത്. തമിഴ്‌നാട് തിരുവാരൂർ സ്വദേശിനിയും ട്രാൻസ്​വുമണുമായ നേഹയുടെ ആദ്യ ഫീച്ചർ ഫിലീമായിരുന്നു ‘അന്തരം’.

ജീവിതയാത്രയിൽ ഏതൊരു ട്രാൻസ് വ്യക്തിയെയും പോലും ഏറെ പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട് നേഹയും. തന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കുടുംബത്തിനോ നാട്ടുകാർക്കോ സാധിക്കുമായിരുന്നില്ലെന്ന് അവർ പറയുന്നു. നാട്ടിൽ ഒറ്റപ്പെട്ടു തുടങ്ങിയപ്പോൾ ചെന്നൈയിലേക്ക് താമസം മാറി. വർഷങ്ങളായി ചെന്നൈയിലാണ് താമസം. വർഷങ്ങളായി നാട്ടിലേക്ക് പോയിട്ട്. പിതാവ് കുറച്ചു നാൾ മുമ്പ് മരണപ്പെട്ടു. അമ്മയോട് ഇടയ്ക്ക് ഫോണിൽ സംസാരിക്കും. അതിനപ്പുറം നാടുമായി ഇപ്പോൾ ബന്ധമൊന്നുമില്ലെന്ന് നേഹ പറഞ്ഞു.
അഞ്ജലി എന്ന കഥാപാത്രത്തിന് അനുയോജ്യനായ ആളെ അന്വേഷിക്കുന്നതിനിടയിലാണ് അഭിജിത്ത് നേഹയുടെ ഫോട്ടോ കാണുന്നത്. തുടർന്ന് എറണാകുളത്ത് ഒരു വിവാഹ ചടങ്ങിൽ വെച്ചാണ് സംവിധായകൻ ഇവരെ നേരിൽ കാണന്നത്. അഞ്ജലി എന്ന കഥാപാത്രമാകാൻ സമ്മതമാണോ എന്ന് സംവിധായകൻ ചോദിച്ചപ്പോൾ വല്ലാത്ത ആവേശം തോന്നിയെന്ന് നേഹ പറഞ്ഞു. നേരത്തെ ചില ഷോർട്ട് ഫിലിമുകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും ഒരു ഫീച്ചർ ഫിലിമിൽ നായികാ വേഷത്തിലേക്ക് ക്ഷണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. പലപ്പോഴും പുരുഷൻമാരാണ് ട്രാൻസ് കഥാപാത്രങ്ങൾ ചെയ്യുന്നത്. അഞ്ജലി അമീറിനെപ്പോലെ ചിലർക്ക് മാത്രമാണ് മുഖ്യധാര സിനിമയിൽ പ്രധാന വേഷം ലഭിച്ചിട്ടുള്ളു. എന്നാൽ ട്രാൻസ് കമ്മ്യൂണിറ്റിയുടെ പ്രശ്നങ്ങളെക്കുറിച്ച് നിരന്തരം അന്വേഷണം നടത്തുന്ന സംവിധായകന് ട്രാൻസ് വ്യക്തി തന്നെ തന്റെ കഥാപാത്രമാവണമെന്ന് നിർബന്ധമായിരുന്നു.

 

കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ആദ്യമായി പുരസ്ക്കാരം സ്വന്തമാക്കിയ ട്രാൻസ് വിഭാഗത്തിലെ അഭിനേതാവായ നേഹ ചിത്രത്തിന്റെ സംവിധായകൻ പി അഭിജിത്തിനൊപ്പം

 

ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു അഞ്ജലി. കേരളത്തിലെ ഷൂട്ടിംഗ് ദിനങ്ങൾ ഏറെ മനോഹരമായിരുന്നു. തുടക്കം ആശങ്കയുണ്ടായിരുന്നെങ്കിലും പിന്നീട് ഭംഗിയായി കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചു. എല്ലാറ്റിനും സംവിധായകൻ അഭിജിത്തിനോട് നന്ദിയുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ സ്നേഹം നേടണം. അവഗണിച്ചവരെല്ലാം തന്നെ അംഗീകരിക്കുന്ന ഒരു ദിവസം ഉണ്ടാവണമെന്നാണ് ആഗ്രഹമെന്നും നേഹ പറഞ്ഞു. തന്റെ കഥാപാത്രത്തെ ഏറെ മനോഹരമായി നേഹ അവതരിപ്പിച്ചുവെന്നും അവർക്ക് പുരസ്ക്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും സംവിധായകൻ അഭിജിത്ത് വ്യക്തമാക്കി. തൃഷ നായികയാകുന്ന ‘ദ റോഡ്’ എന്ന ചിത്രത്തിലാണ് നിലവിൽ നേഹ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ട്രാൻസ്​ജൻഡറെ ജീവിതപങ്കാളിയായി സ്വീകരിച്ച ശേഷമുണ്ടായ താളപ്പിഴകളും മറ്റുമാണ്​ അന്തരം ചിത്രം പറയുന്നത്​. പലപ്പോഴും

സിനിമകളിൽ തെരുവുകളിലാണ് ട്രാൻസ് കഥാപാത്രങ്ങളെ കാണിക്കാറുള്ളത്. അതിൽ നിന്ന് മാറി കുടുംബിനിയായി ഒരു ട്രാൻസ് വുമൺ ഒരു കുടുംബത്തിലേക്കെത്തിയാലുള്ള സാഹചര്യമാണ് ഏറെ ഗൗരവത്തോടെ ചിത്രം വരച്ചു കാട്ടുന്നത്. മികച്ച അഭിനയ മുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസുമെല്ലാം നിറഞ്ഞ ‘അന്തരം’പ്രശസ്തമായ ജയ്പൂർഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തൃശുർ അന്താരാഷ്​ട്ര ചലചിത്രോത്സവത്തിന്റെ ഉദ്​ഘാടന ദിനത്തിൽ നിറഞ്ഞ കൈയ്യടിയോടെയാണ്​ ചിത്രം പ്രേക്ഷകർ സ്വീകരിച്ചത്​. കാഷിഷ് മുംബൈ ഇന്റർനാഷണൽ ക്വീർ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായി ജൂൺ ഒന്നിന്​ ‘അന്തരം’പ്രദർശിപ്പിക്കും. ട്രാൻസ്ജെൻഡർ സമൂഹത്തെക്കുറിച്ച് നിരവധി ഫോട്ടോ എക്സിബിഷനുകളും ഡോക്യുമെന്ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമപ്രവർത്തകൻ കൂടിയാണ് ചിത്രത്തിന്റെ സംവിധായകൻ പി അഭിജിത്ത്.

Eng­lish Sum­ma­ry: Neha, the first trans­gen­der bagged State award

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.