15 January 2026, Thursday

നെഹ്രുവിനെ ഓര്‍മ്മിക്കണം; മോഡിക്കാലത്ത് പ്രത്യേകിച്ചും

Janayugom Webdesk
November 14, 2025 4:19 am

ന്യൂഡൽഹിയിലെ നെഹ്രു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി ഇല്ലാതാക്കി പകരം പ്രൈംമിനിസ്റ്റേഴ്സ് മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയാക്കി മാറ്റിയപ്പോൾ സംഘ്പരിവാർ പറയാതെ പറഞ്ഞ ന്യായം ഇതായിരുന്നു. കഴിഞ്ഞ 78 വർഷങ്ങള്‍ക്കിടയിൽ ഇന്ത്യയിൽ 19 പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. അവരിൽ നെഹ്രുവിന് മാത്രമായി ഒരു മ്യൂസിയം ആവശ്യമില്ല. നെഹ്രൂവിയൻ കാലഘട്ടത്തിലെ ഇന്ത്യയെക്കുറിച്ചുള്ള ഉണ്മകള്‍ പുതുതലമുറയിൽപെട്ട ഇന്ത്യക്കാർ അറിയേണ്ടതില്ല. നെഹ്രുവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും ഓർമ്മകളെയും നശിപ്പിക്കുക എന്നത് സംഘ്പരിവാർ ലക്ഷ്യമാണ്. മതനിരപേക്ഷ ചിന്തയെയും ശാസ്ത്രബോധത്തെയും ഭയക്കുന്ന മോഡിസർക്കാരിന് മറുവഴികളുമില്ല.

ജനാധിപത്യവും മതനിരപേക്ഷതയും തുല്യതയും അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രത്തെ ഉണ്ടാക്കിയെടുക്കാൻ 1920 മുതൽ 1964 വരെയുള്ള കാലത്ത് നെഹ്രു അക്ഷീണം പ്രവർത്തിച്ചു. ലോകം ആദരിക്കുന്ന ജനാധിപത്യ നയതന്ത്രനും ഭരണാധികാരിയുമായി. രാജ്യത്തെ മറ്റ് 18 പ്രധാനമന്ത്രിമാർക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത ദൗത്യമായിരുന്നു അദ്ദേഹം ഏറ്റെടുത്തതും നടപ്പിലാക്കിയതും.

ഹിന്ദുവിനും മുസൽമാനും പാഴ്സിക്കും മറ്റു മതവിഭാഗങ്ങൾക്കും സ്നേഹത്തോടെ സഹവർത്തിക്കാനും എല്ലാവിഭാഗം ജനങ്ങൾക്കും തുല്യനീതി ഉറപ്പുവരുത്താനും കഴിയുന്ന രാഷ്ട്രത്തെ സൃഷ്ടിക്കുക എന്ന തന്റെ സ്വപ്നത്തിന്റെ രാഷ്ട്രീയ പിന്തുടർച്ചക്കാരനായി ഗാന്ധി കണ്ടെത്തിയത് നെഹ്രുവിനെയാണ്. തന്നിലെ ലോകവിജ്ഞാനവും ദേശീയപ്രസ്ഥാനാനുഭവവും കോര്‍ത്ത് ജനാധിപത്യ രാഷ്ട്രത്തെ രൂപപ്പെടുത്താൻ ഭരണഘടനയുണ്ടാക്കുന്നതിന് നേതൃത്വം നൽകി. 572 നാട്ടുരാജ്യങ്ങളായി കിടന്നിരുന്ന ഒരു രാഷ്ട്രത്തെ ഒന്നിപ്പിക്കുക എന്ന മഹാദൗത്യവും ഇതിനൊപ്പം ഓര്‍മ്മിക്കണം. എല്ലാ ജനങ്ങൾക്കും വോട്ടവകാശമുള്ള വോട്ടർപട്ടികയുണ്ടാക്കി. പൊതു തെരഞ്ഞെടുപ്പ് സാധ്യമാക്കി.

ഈ പൈതൃകമല്ല വര്‍ത്തമാനത്തില്‍ വേണ്ടതെന്നും ബ്രാഹ്മണികമായ ഭൂതകാലത്തെയാണ് രാജ്യം പിന്‍ന്തുടരേണ്ടതെന്നുമുള്ള ശാഠ്യമാണ് മോഡി സർക്കാർ തുടരുന്നത്.
1936ൽ ലഖ്നൗവിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ നെഹ്രു തന്റെ രാഷ്ട്രീയനിലപാട് അടിവരയിട്ട് ആവര്‍ത്തിച്ചു ‘എനിക്ക് ബോധ്യം ഇതാണ്. ലോകത്തിന്റെയും ഇന്ത്യയുടെയും പ്രശ്നങ്ങൾക്ക് പരിഹാരം സോഷ്യലിസമാണ്. ഇത് കേവലമായ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ പറയുന്നതല്ല. മറിച്ച് ശാസ്ത്രീയ‑സാമ്പത്തിക ചിന്തകളുടെ അടിസ്ഥാനത്തിലുള്ള ബോധ്യമാണ്.’

രാജ്യത്തെ ജനങ്ങളുടെ തീരാദാരിദ്ര്യത്തിനും തൊഴിലില്ലായ്മക്കും പരിഹാരം കാണണമെങ്കിൽ നിലവിലെ വ്യവസായ- ഭൂബന്ധങ്ങളിൽ വിപ്ലവകരമായ മാറ്റമുണ്ടാകണം. സ്വകാര്യസ്വത്ത് അതിന്റെ പൂർണാർത്ഥത്തിൽ ഇല്ലാതാക്കുക എന്നതല്ല വിപ്ലവകരമായ മാറ്റം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ പുതിയ സഹകരണാടിസ്ഥാനത്തിലുള്ള ഉല്പാദനബന്ധങ്ങള്‍ നിര്‍മ്മിക്കണം. നിലവിലെ മുതലാളിത്ത ഉല്പാദനബന്ധങ്ങളിൽനിന്നും വിപ്ലവകരമായ മാറ്റം ഇന്ത്യ ആവശ്യപ്പെടുന്നു. സഹകരണാടിസ്ഥാനത്തിലുള്ള സാമൂഹിക സംരംഭങ്ങളുടെ ഒരു പ്രക്രിയ തന്നെ അതാവശ്യപ്പെടുന്നു. ശാസ്ത്രീയ സോഷ്യലിസത്തെപ്പറ്റി നെഹ്രു തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യാധ്വാനംകൊണ്ട് ഉല്പാദിപ്പിക്കപ്പെടുന്നത് അവർക്ക് തന്നെ വിതരണം ചെയ്യണം. അപ്പോൾ ജനങ്ങളുടെ ജീവിതനിലവാരം ഉയർന്നതായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ സ്വകാര്യതാല്പര്യക്കാരാല്‍ ജനത ചൂഷണം ചെയ്യപ്പെടുകയുമില്ല. ഉല്പാദന ഉപാധികളുടെ നിയന്ത്രണം സ്വകാര്യതാല്പര്യക്കാരുടെ കൈകളിലാകില്ല. ഇത് സാക്ഷാത്കരിക്കുന്നത് വലിയ തോതിലുള്ള തുല്യതയിലായിരിക്കും.

സോഷ്യലിസം മാതൃകയാക്കിയുള്ള സോവിയറ്റ് യൂണിയനെക്കുറിച്ചും 1917‑ലെ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തെക്കുറിച്ചും നെഹ്രുവിന് ബോധ്യങ്ങളുണ്ടായിരുന്നു. പക്ഷെ സോവിയറ്റ് യൂണിയനിൽ സംഭവിച്ചതുപോലുള്ള വിപ്ലവം ഇവിടെ സാധ്യമാകുമെന്നദ്ദേഹം കരുതിയിരുന്നില്ല. തന്റെ സോഷ്യലിസ്റ്റ് ചിന്തയെ അടിസ്ഥാനപരമായി യുക്തിപരതയുടെയും, മാനവികതയുടെയും രണ്ടു തൂണുകളിലായി ഉറപ്പിക്കുന്നു. 1956 ഏപ്രിൽ 14ന് നടത്തിയ പ്രസംഗത്തിലെ സമൂഹത്തിന്റെ സോഷ്യലിസ്റ്റ് ഘടന (Social­is­tic Pat­tern of Soci­ety) എന്ന് പ്രസ്താവന ഇതുമായി കൂട്ടിച്ചേര്‍ക്കാം. മാനവികതയിലൂന്നിയ സോഷ്യലിസം എന്നതാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ലക്ഷ്യമെന്നായിരുന്നു നെഹ്രുവിയന്‍ നിലപാട്.
മുതലാളിത്തം പ്രശ്നപരിഹാരമല്ല. ‌‘സോഷ്യലിസമെന്നത് പ്രത്യേക ജീവിതരീതിയല്ല, മറിച്ച് സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്കുള്ള ശാസ്ത്രീയമായ സ­മീപനമാണ്’ നെഹ്രു ആ­വര്‍ത്തിക്കുന്നുണ്ട്. മനുഷ്യത്വം, യുക്തിചിന്ത, തു­ല്യത എന്നീ പരികല്പനകളുടെ അടിസ്ഥാനത്തി­ൽ സോഷ്യലിസ്റ്റ് സാമ്പത്തികക്രമത്തിനനുകൂലമായ സാമ്പത്തിക ഭരണക്രമമാണ് നെഹ്രു ഇന്ത്യയിൽ നടപ്പിലാക്കാന്‍ ആഗ്രഹിച്ചത്.

പൊതുമേഖലയ്ക്ക് പ്രാധാന്യം നൽകുക, സമ്പദ്‍വ്യവസ്ഥയിൽ കൂടുതൽ നിക്ഷേപിച്ച് പൊതുസ്വത്തിന്റെ വ്യാപ്തി വർധിപ്പിക്കുക, സ്വകാര്യ മൂലധനനിക്ഷേ­പം വർധിക്കുന്ന വിധത്തിൽ നയസമീപനങ്ങൾ കൈക്കൊള്ളുക, ദേശീയ താല്പര്യങ്ങളെ സംരക്ഷിക്കുന്ന വിധത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ സ്വകാര്യമേഖലയിൽ കൊണ്ടുവരിക, പഞ്ചവത്സര പദ്ധതികളിലൂടെ സമഗ്ര സാമ്പത്തിക അഭിവൃദ്ധി സാധ്യമാക്കുക, ബ്രിട്ടീഷുകാർ നാശോന്മുഖമാക്കിയ ഇന്ത്യയെ സാമ്പത്തികമായി രക്ഷിച്ചെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 1956ലെ ദേശീയ വികസന കൗൺസിലിൽ നെഹ്രു നടത്തിയ പ്രഖ്യാപനം വര്‍ത്തമാന ഇന്ത്യയില്‍ പ്രവാചക ധ്വനിയില്‍ മുഴങ്ങുന്നുണ്ട്. ‘സ്വകാര്യ മൂലധനശക്തികളെ അവരുടെ താല്പര്യത്തിന് വിട്ടാൽ ഒരു സംശയവും വേണ്ട പണക്കാർ കൂടുതൽ പണക്കാരാവുകയും ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും ചെയ്യും. അതുകൊണ്ട് ഭരണകൂടത്തിന്റെ ഇടപെടൽ അനിവാര്യമാണ്. സമ്പന്നരിൽ സമ്പന്നരായവരിൽനിന്നും ദരിദ്രരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പാർപ്പിടത്തിനും മറ്റു സൗകര്യങ്ങൾക്കുമുള്ള സമ്പത്ത് കണ്ടെത്തണം. ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും അവകാശപ്പെട്ട വിഭവങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെയാണ് സമ്പന്നർ അവരുടെ സമ്പത്ത് വർധിപ്പിക്കുന്നത്. അതിലൊരുവിഹിതം ദരിദ്രർക്കു കിട്ടുന്ന വിധത്തിലുള്ള ഇടപെടലുകളാണ് സർക്കാർ ഉദ്ദേശിക്കുന്നത്.’

തുല്യതയെന്നാൽ അവസര സമത്വമാണ്. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ തടസ്സങ്ങളൊന്നുമില്ലാതെ, വ്യക്തിക്കും സമൂഹത്തിനും വികസിക്കാൻ കഴിയണം. നെഹ്രൂവിയൻ ചിന്തകളെ തമസ്കരിക്കാന്‍ വ്യഗ്രത കാട്ടുന്നവര്‍ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ തങ്ങളുടേതാക്കി മാറ്റാന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത വർഗീയശക്തികളാണ്.
കവിത പോലെ ഒസ്യത്ത് എഴുതിയയാളാണ് നെഹ്രു. 1954 ജൂൺ 21ന് എഴുതിവച്ച ഒസ്യത്തിന്റെ രത്നച്ചുരുക്കം ശ്രദ്ധിക്കുക ‘മരണശേഷം എന്റെ ഭൗതികശരീരം യാതൊരു

മതാചാരച്ചടങ്ങുമില്ലാതെ സംസ്കരിക്കണം. അതിൽനിന്ന് ലഭിക്കുന്ന ചാരം മുഴുവനായും വാരിയെടുക്കണം. ഒരംശം പോലും സൂക്ഷിച്ച് വയ്ക്കരുത്. അതിലൊരംശം ഗംഗയിലൊഴുക്കണം, മതാചാരത്തിന്റെ ഭാഗമായല്ല ഗംഗയിലൊഴുക്കണമെന്ന് ആവശ്യപ്പെടുന്നത്. അലഹബാദിൽ ജനിച്ച ഞാൻ ഗംഗയുടെയും യമുനയുടെയും താളങ്ങൾ കേട്ടാണ് ജീവിച്ചത്. മഞ്ഞുമലയിൽനിന്നും ആരംഭിച്ച ഗംഗ, ഇന്ത്യയുടെ താഴ്‌വരകളിലൂടെയും സമതലത്തിലൂടെയും എല്ലാ ഭാവങ്ങളും ഉൾക്കൊണ്ടാണ് സമുദ്രത്തിലെത്തിച്ചേരുന്നത്. ഇന്ത്യയുടെ പ്രതീകമാണ് ഗംഗ. ഗംഗ എന്നെ സംബന്ധിച്ച് ഓർമകളിലൂടെ ഭൂതകാലങ്ങളിൽ നിന്നുത്ഭവിച്ച് വർത്തമാനത്തിലൂടെ സഞ്ചരിച്ച്, സമുദ്രമാകുന്ന ഭാവിയിലേക്ക് ഒഴുകുന്ന എന്റെ ജീവിതത്തിന്റെ പ്രതീകമാണ്. ഗംഗ അതിന്റെ തീരങ്ങളെ നിരന്തരം ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ആ പ്രകൃതിയുടെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു. ചിതാഭസ്മത്തിന്റെ വലിയഭാഗം വിമാനത്തിൽനിന്നും താഴേക്ക് വിതറണം. ഇന്ത്യയിലെ തൊഴിലാളികൾ പണിയെടുക്കുന്ന പാടങ്ങളിലെ ചെളിയുടെയും മണ്ണിന്റെയും ഭാഗമായി അത് മാറട്ടെ.”

കുട്ടികളുടെയും ഭാരതത്തിന്റെയും പ്രിയപ്പെട്ട ചാച്ചാജിയുടെ 136-ാം ജയന്തിയില്‍ ഇതിലും സുന്ദരമായ എന്തു സന്ദേശമാണുള്ളത്.

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.