ഈ വർഷം ആഗോളതലത്തിൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ 10 കായിക താരങ്ങളുടെ പട്ടികയിൽ നിന്നും വിരാട് കോലിയും രോഹിത് ശര്‍മ്മയും പുറത്തായി. എന്നാല്‍ മറ്റു രണ്ട് താരങ്ങളാണ് ഈ പട്ടികയില്‍ ഇടംനേടിയത്, ഹാര്‍ദിക് പാണ്ഡ്യയും ശശാങ്ക് സിങ്ങും.
പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഹര്‍ദിക്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും മുംബൈ ഇന്ത്യന്‍സിലേക്ക് ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയതില്‍ ആരാധകര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. രോഹിത് ശര്‍മ്മയെ മാറ്റിയാണ് താരത്തെ ക്യാപ്റ്റനാക്കിയത്.
എന്നാല്‍ ടി20 ലോകകപ്പില്‍ മികച്ച ഓള്‍റൗണ്ടര്‍ മികവാണ് ഹാര്‍ദിക് കാഴ്ചവച്ചത്. ഇന്ത്യ കിരീടം നേടിയശേഷമുള്ള മുംബൈയില്‍ നടന്ന പരേഡിലും മറ്റും കൂവിയ കാണികളെകൊണ്ട് തന്നെ ഹാര്‍ദിക് കയ്യടിപ്പിച്ചിരുന്നു. സൂപ്പര്‍ താരങ്ങളായ രോഹിതും കോലിയും ഇടം പിടിക്കാത്ത പട്ടികയില്‍ ശശാങ്ക് സിങ്ങാണ് കൂടുതല്‍ പേര്‍ തിരഞ്ഞ മറ്റൊരു ഇന്ത്യന്‍ താരം. ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്താണ് ശശാങ്ക് സിങ്. താരലേലത്തില്‍ ആളുമാറി പഞ്ചാബ് കിങ്സിലെത്തിയ ശശാങ്ക് ഐപിഎല്ലില്‍ വെടിക്കെട്ട് പ്രകടനം നടത്തി ശ്രദ്ധനേടിയിരുന്നു. ഈ സീസണിലെ താരലേലത്തില്‍ അണ്‍ക്യാപ്ഡ് താരത്തെ പഞ്ചാബ് നിലനിര്‍ത്തുകയും ചെയ്തു. ഗൂഗിളിൽ ആഗോളതലത്തിൽ കൂടുതൽ പേർ തിരഞ്ഞ താരങ്ങളിൽ ഒന്നാംസ്ഥാനത്ത് അൽജീരിയൻ ബോക്സർ ഇമാനെ ഖെലീഫാണ്. കഴിഞ്ഞ പാരിസ് ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ ഇമാനെ പുരുഷനാണെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. തുടർന്ന് ജെൻഡർ സംബന്ധിച്ച വിവാദവുമുയർന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.