
ഇറങ്ങിപൊയ്ക്കൂടെ
എങ്ങോട്ടെങ്കിലുമെന്ന്
ആദ്യമായിട്ടാണന്ന്
ചോദിച്ചത്
അമ്മയുടെ കണ്ണീരും
അടക്കമില്ലാതെ
പുറത്തുചാടിയ കഞ്ഞിത്തിളയും
അലൂമിനിയക്കലത്തിന്റെ
മേനിയിൽവീണു വറ്റി
ചരിഞ്ഞു കിടന്നുറങ്ങുന്ന
അമ്മയെ
മുട്ടിക്കിടക്കാൻചെന്നപ്പോ
ഇടത്തെ കാതിലെ
നെല്ലുകമ്മൽ
പാതിയൊടിഞ്ഞ്
ഓട്ടയിൽ
ചോരയുണങ്ങിയിരിക്കുന്നത് കണ്ടു
അന്നാണ്
അപ്പക്കായ്
വിഷമാണെന്ന് പറഞ്ഞോനോട്
വല്യോരും ചാവോന്ന്
ചോദിച്ചത്
എന്നിട്ടും അമ്മ പോയില്ല
പഴുത്തു ചലംവന്ന ചെവിയിലേക്ക്
കുറിമുണ്ടിന്ററ്റം
തിരിപിരിച്ച് ചലമൊപ്പി
അപ്പൻ ചത്തുപോണേന്ന്
കാവിലും, നടയിലും
കരഞ്ഞുപറഞ്ഞിട്ടും
അപ്പൻ ചത്തില്ല
വെള്ളം മൂക്കുമ്പോ,
അമ്മേടെപ്പനും, നാട്ടാരടപ്പനും വിളി
അപ്പനങ്ങുഷാറാക്കി
എന്നിട്ടും അമ്മ പോയില്ല
പൊക്കൂടെയെന്ന
എന്റെ ഓരോ നോട്ടത്തിനും
അമ്മയെന്നെ ഇറുക്കെപ്പിടിച്ചു
കരച്ചില് പൊട്ടി,
കൈലിക്കോന്തല
വായിൽ തിരുകി
ഏട്ടരയ്ക്ക് പുസ്തകോം
ചോറ്റുപാത്രോം
എടുത്തോണ്ടോടുമ്പോൾ
അപ്പൻ വീട്ടിലൊണ്ടെങ്കി
എനിക്ക് വയറ്റുവേദന വരും
കാട്ടുപൊന്തേടെ മൂലപറ്റിയുള്ള
ഒറ്റവഴിയിൽ കണ്ണീരും
ചലവും നിറയും
തിരിച്ചോടും
എരുത്തിലിൽ
കന്നിന് കാടിവയ്ക്കുന്ന
അമ്മയെ മുട്ടിനിൽക്കും
വയറു വേദനിക്കുന്നെന്ന്
ചിണുങ്ങുമ്പോ,
അച്ഛനുള്ളപ്പോ… ല്ലേ ന്ന്
അമ്മ പെയ്യും.
(അമ്മയങ്ങനെ മിണ്ടാറില്ല
ചിരിക്കാറും…)
എങ്കിലും,
അന്തിത്തിരി
എരിയുമ്പോ
അമ്മയുമെരിയും
അച്ഛനുമെനിക്കും
ദീനം വരാതിരിക്കാൻ
വിളക്കിന്റെ നാളം
വിപരീത ധ്രുവങ്ങളിലേക്കുലയും
എന്റെയുമമ്മയുടെയും
പ്രാർത്ഥന പോലെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.