
പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ നടന്ന ഇരട്ടക്കൊലപാതക കേസിന്റെ വിചാരണയ്ക്കിടെ നിർണ്ണായക സാക്ഷികൾ മൊഴിമാറ്റി. പ്രതി ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണൻ, ഭാര്യ രമ, അയൽവാസി പൊന്നുകുട്ടി എന്നിവരാണ് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി നാലിൽ മൊഴി മാറ്റിയത്. കൊലപാതകത്തിന് തലേദിവസം പ്രതി തന്നെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് നേരത്തെ പൊലീസിന് നൽകിയ മൊഴി രാധാകൃഷ്ണൻ കോടതിയിൽ നിഷേധിച്ചു. മറ്റ് രണ്ട് സാക്ഷികളും തങ്ങൾക്ക് സംഭവത്തെക്കുറിച്ച് കൃത്യമായ അറിവില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ മൂന്ന് പേരെയും കൂറുമാറിയവരായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.
2025 ജനുവരിയിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. അയൽവാസികളായ സുധാകരൻ (56), മാതാവ് ലക്ഷ്മി (75) എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ ചെന്താമര, ആ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും കൊലപാതകം നടത്തിയത്. സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.