23 January 2026, Friday

യുവാക്കളുടെ പ്രതിഷേധ കൊടുങ്കാറ്റിൽ മുട്ടുകുത്തി നേപ്പാൾ പ്രധാനമന്ത്രി; ദുബായിലേക്ക് കടക്കാനും നീക്കം

Janayugom Webdesk
September 9, 2025 3:06 pm

കാഠ്മണ്ഡു: ജെന്‍ സീ വിപ്ലവത്തിന് മുന്നില്‍ മുട്ടുകുത്തി നേപ്പാള്‍ സര്‍ക്കാര്‍. സാമൂഹികമാധ്യമങ്ങളുടെ നിരോധനത്തിനെതിരേ സംഘടിച്ച രാജ്യത്തെ യുവാക്കളുടെ പ്രതിഷേധത്തിന് മുന്നില്‍ ഒടുവില്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിക്കും രാജിവെയ്‌ക്കേണ്ടിവന്നു. യുവാക്കളുടെ പ്രക്ഷോഭം കലാപത്തിലേക്കും അക്രമത്തിലേക്കും നീങ്ങിയതിന് പിന്നാലെയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യമായ പ്രധാനമന്ത്രിയുടെ രാജി സംഭവിച്ചിരിക്കുന്നത്.പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയെ പുറത്താക്കണമെന്നും സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ യുവാക്കള്‍ വീണ്ടും തെരുവിലിറങ്ങിയത്. കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളുടെ നിരോധനത്തിനെതിരേയാണ് ജെന്‍ സീ വിപ്ലവം എന്ന പേരില്‍ യുവാക്കള്‍ നേപ്പാളില്‍ പ്രക്ഷോഭം ആരംഭിച്ചത്. 19 പേരാണ് പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ സാമൂഹികമാധ്യമങ്ങളുടെ നിരോധനം സര്‍ക്കാര്‍ നീക്കിയെങ്കിലും പ്രതിഷേധം കെട്ടടങ്ങിയില്ല. കെ.പി. ശര്‍മ ഒലിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് യുവാക്കള്‍ പ്രക്ഷോഭം തുടരുകയായിരുന്നു.

‘കെ.പി. ചോര്‍, ദേശ് ഛോഡ്’ (കെ.പി. ശര്‍മ ഒലി കള്ളനാണ്, രാജ്യം വിടൂ) എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുവാക്കള്‍ ചൊവ്വാഴ്ച തെരുവിലിറങ്ങിയത്. വിദ്യാര്‍ഥികളെ കൊല്ലരുതെന്നും രാജ്യത്തെ അഴിമതിക്ക് അവസാനം കുറിക്കണമെന്നും മുദ്രാവാക്യങ്ങളുയര്‍ന്നു. കഴിഞ്ഞദിവസത്തെ സമരങ്ങള്‍ക്കിടെ 19 പേര്‍ കൊല്ലപ്പെട്ടതോടെയാണ് യുവാക്കളുടെ പ്രക്ഷോഭത്തിന്റെ തീവ്രത കൂടിയത്.

ചൊവ്വാഴ്ച കാഠ്മണ്ഡുവിലും സംസ്ഥാനത്തെ വിവിധ മേഖലകളിലും യുവാക്കളുടെ പ്രക്ഷോഭം വന്‍ അക്രമങ്ങളിലേക്കാണ് നീങ്ങിയത്. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെയും പ്രസിഡന്റ് രാം ചന്ദ്ര പൗഡേലിന്റെയും സ്വകാര്യവസതികള്‍ അഗ്നിക്കിരയാക്കി. പ്രസിഡന്റിന്റെ വീട്ടിനുള്ളില്‍ കയറി കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ത്തു. വിവിധ മന്ത്രിമാരുടെ വീടുകള്‍ക്കും തീയിട്ടു. ജെന്‍ സീ വിപ്ലവത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം രാജിവെച്ച ആഭ്യന്തര മന്ത്രി രമേഷ് ലേഖകിന്റെ വീടിന് നേരേയും ചൊവ്വാഴ്ച ആക്രമണമുണ്ടായി. രമേഷ് ലേഖകിന്റെ നായ്കാപിലെ വസതി പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി.

കിര്‍ത്തിപുരിലെ മുനിസിപ്പാലിറ്റി കെട്ടിടവും പ്രതിഷേധക്കാര്‍ തീവെച്ച് നശിപ്പിച്ചു. മുന്‍ ഉപപ്രധാനമന്ത്രി രഘുവീര്‍ മഹാസേതിന്റെ വീടിന് നേരേ കല്ലേറും ഉണ്ടായി. സിപിഎന്‍ മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാന്‍ പുഷ്പ കമാല്‍ ദഹലിന്റെ ലളിത്പുരിലെ വീടും നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായ ഷേര്‍ ബഹാദുര്‍ ദൗബയുടെ വീടും ചൊവ്വാഴ്ച തീവെച്ച് നശിപ്പിച്ചു. ഷേര്‍ ബഹാദൂറിന്റെ വീട്ടുവളപ്പിലുണ്ടായിരുന്ന വാഹനങ്ങളും അടിച്ചുതകര്‍ത്തു.

അതിനിടെ, ചൊവ്വാഴ്ച രാവിലെ മുതല്‍ നേപ്പാളിലെ കൂടുതല്‍ മന്ത്രിമാര്‍ രാജിവെച്ചിരുന്നു. കാര്‍ഷിക വകുപ്പ് മന്ത്രി രാംനാഥ് അധികാരി, യുവജനകാര്യ മന്ത്രി തേജുലാല്‍ ചൗധരി, ജലവിഭവ വകുപ്പ് മന്ത്രി പ്രദീപ് യാദവ് തുടങ്ങിയവരാണ് ചൊവ്വാഴ്ച രാവിലെ രാജിവെച്ചത്. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രി ഒലിയും രാജിവെച്ചൊഴിഞ്ഞത്. എന്തുവന്നാലും പ്രധാനമന്ത്രി രാജിവെയ്ക്കില്ലെന്നായിരുന്നു അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ ചൊവ്വാഴ്ച രാവിലെ പ്രതികരിച്ചിരുന്നത്. അതിനിടെ, പ്രധാനമന്ത്രി ദുബായിലേക്ക് പോവുകയാണെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ ഒലി പ്രധാനമന്ത്രി സ്ഥാനത്തുനിന്നു രാജിവെച്ചത്.

പ്രധാനമന്ത്രിയും 25 മന്ത്രിമാരും അടങ്ങുന്നതാണ് നേപ്പാള്‍ സര്‍ക്കാരിന്റെ മന്ത്രിസഭ. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളും( യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ്) ചേര്‍ന്നുള്ള സഖ്യകക്ഷി സര്‍ക്കാരാണ് നേപ്പാളിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.