
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് യുദ്ധവിമാനങ്ങളും, അന്തര്‍വാഹിനികളും ആക്രമണം നടത്തിയതിനു പിന്നാലെ ഐക്യരാഷ്ട്ര സുരക്ഷാ സമിതി വിളിച്ച അടിയന്തിര യോഗത്തില്‍ യുഎസ് , ഇറാന്‍ പ്രതിനിധികളുടെ വാക്പോര് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായതിനാലാണ് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം നടത്തിയതെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ ഡെറോത്തി ഷിയ പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളില്‍ പ്രമുഖസ്ഥാനത്താണ് ഇറാനെന്നും അതിനാല്‍ത്തന്നെ ഇറാന്റെ പക്കലുള്ള ആണവശേഷി ലോകത്തിനാകമാനം ഗുരുതര ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും യുഎസ് അംബാസഡര്‍ വ്യക്തമാക്കി.
ആക്രമണത്തേയും ഭീഷണിയേയും പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ നയതന്ത്രബന്ധത്തിന്റെ പേരില്‍ സഹായിക്കുക മാത്രമാണ് യുഎസ് ചെയ്തതെന്നും അവര്‍ പറഞ്ഞു. നാല്‍പത് കൊല്ലമായി അമേരിക്കയെ നശിപ്പിക്കും, ഇസ്രയേലിനെ നശിപ്പിക്കും തുടങ്ങിയ പ്രസ്താവനകള്‍ നടത്തി അയല്‍രാജ്യങ്ങളുടേയും അമേരിക്കയുടേയും ലോകത്തിന്റെ തന്നെയും സമാധാനത്തിനും സുരക്ഷിതത്വത്തിനും ഒരു സ്ഥിരഭീഷണിയായി ഇറാന്‍ തുടരുകയാണെന്നും ഡൊറോത്തി ഷിയ സുരക്ഷാസനമിതിയില്‍ വിശദമാക്കി. ഇസ്രയേലിന് നേര്‍ക്ക് ഭീകരവാദികളെ ഉപയോഗിച്ച് ഇറാന്‍ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായും പതിറ്റാണ്ടുകളായി പശ്ചിമേഷ്യയില്‍ തുടരുന്ന ദുരിതങ്ങളുടെയും എണ്ണമറ്റ മരണങ്ങളുടേയും ഉത്തരവാദിത്വം ഇറാനാണെന്നും യുഎസ് അംബാസഡര്‍ പറഞ്ഞു.
ഇറാന്‍ ഭരണകൂടവും അവര്‍ നിയോഗിച്ചവരും ചേര്‍ന്ന് ഒട്ടേറെ അമേരിക്കക്കാരെ വധിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്‍ വധിച്ചവരില്‍ ഇറാഖിലേയും അഫ്ഗാനിസ്താനിലേയും അമേരിക്കന്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഇറാന്‍ ഉദ്യോഗസ്ഥര്‍ അവരുടെ ശത്രുതാപരമായ കുതന്ത്രങ്ങളും അടിസ്ഥാനരഹിതവാദങ്ങളും പ്രചരിപ്പിക്കുകയാണെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ഭരണകൂടത്തിന് ഒരുതരത്തിലും ആണവായുധം അനുവദിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.
ഇറാനെതിരെയുള്ള യുഎസ് ആക്രമണം കുറ്റകൃത്യമാണെന്നും ജൂണ്‍ 13ന് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ സൈനികആക്രമണങ്ങള്‍ നടത്തി ആരംഭിച്ച സംഘര്‍ഷത്തിലേക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ പ്രതിനിധി ആമിര്‍ സയീദ് ഇറാവനി പ്രതികരിച്ചു. നയതന്ത്രത്തെ തകര്‍ക്കാനാണ് യുഎസ് തീരുമാനം. പ്രത്യാക്രമണത്തെ കുറിച്ച് ഇറാന്‍ കൃത്യമായ തീരുമാനമെടുക്കുമെന്നും ഇറാവനി വ്യക്തമാക്കി. യുഎസിന്റെ വിദേശകാര്യനയത്തെ അപഹരിക്കുന്നതില്‍ അന്താരാഷ്ട്ര യുദ്ധക്കുറ്റവാളിയായ നെതന്യാഹു വിജയിച്ചതായും വിലയേറിയ അടിസ്ഥാനരഹിതമായ മറ്റൊരു യുദ്ധത്തിലേക്കുകൂടി യുഎസിനെ നെതന്യാഹു വലിച്ചിഴച്ചിരിക്കുകയാണെന്നും ഇറാന്‍ പ്രതിനിധി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.