24 November 2024, Sunday
KSFE Galaxy Chits Banner 2

കായൽക്കരയിൽ നിന്ന് കേരളത്തിന് പുതിയ കായൽ ശരശലഭം

web desk
മലപ്പുറം
April 4, 2023 10:30 pm

രണ്ടു പതിറ്റാണ്ടിലേറെക്കാലത്തെ നിരീക്ഷണങ്ങൾക്കും പഠനത്തിനുമൊടുവിൽ കേരളത്തിൽ പുതിയൊരു ചിത്രശലഭത്തിന്റെ സാന്നിധ്യം കൂടി സ്ഥിരീകരിച്ചു. കായൽ സൗന്ദര്യത്തിന്റെ നാട്ടിൽ പ്രാണിലോകത്തെ നവസുന്ദരിയെ കണ്ടെത്തിയതോടെ ഈ ആവാസവ്യവസ്ഥയിൽ ഇത്തരം ജീവികൾ കൂടുതലായി കാണപ്പെടാനുള്ള സാധ്യതയിലേക്കാണ് വിദഗ്ധർ വിരൽചൂണ്ടുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ റിസർച്ച് അസോസിയേറ്റ്സ് ഡോ. കലേഷ് സദാശിവൻ ബംഗളൂരുവിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ചാണ് ഹെസ്പെരിഡേ (തുള്ളൻ ശലഭം) കുടുംബത്തിലെ പുതിയ അതിഥിയെ കണ്ടെത്തിയത്.

കൽട്ടോറിസ് ബ്രോമസ് സദാശിവ എന്ന ശാസ്ത്രീയ നാമത്തിലുള്ള ഇതിനെ സം­­ബന്ധിച്ച പഠനം പ്രശസ്ത ശാസ്ത്ര ജേണലായ എന്റോമോണിൽ പ്രസിദ്ധീകരിച്ചു. സഹ്യാദ്രി ബ്രോമസ് സ്വിഫ്റ്റ് (കായൽ ശരശലഭം) എന്നാണ് ഇനി ഇത് അറിയപ്പെടുക. 2005ൽ ആക്കുളം തടാകത്തിന്റെ സമീപ പ്രദേശങ്ങളിലും 2009ൽ വേമ്പനാട് കായലിന് സമീപത്തെ ചതുപ്പിലുമാണ് ഡോ. കലേഷ് സദാശിവൻ ഈ ശലഭത്തെ കാണുന്നത്. തുടർന്ന് ലാർവകൾ ശേഖരിച്ച് ശലഭത്തെ വളർത്തി. ചിറകിന്റെ നിറം, ജനനേന്ദ്രിയം എന്നിവയിലെ പഠനങ്ങളിലൂടെ കാൾട്ടോറിസ് ബ്രോമസ് എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ശലഭത്തിന്റെ പുതിയ ഉപജാതിയാണിതെന്ന് മനസിലാക്കി. ഫ്രാഗ്മിറ്റ്സ് കാർക്ക (ഉയരത്തിൽ വളരുന്ന പുല്ല്) എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന കേരളത്തിലെ തെക്കൻ തീരപ്രദേശങ്ങളിലെ തടാകങ്ങൾ, ചതുപ്പുനിലങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന പുല്ലിലാണ് ഇതിന്റെ പ്രജനനം.

തായ്‍വാനിൽ കാണപ്പെടുന്ന ബ്രോമസ് സ്വിഫ്റ്റിന്റെ മറ്റൊരു ഉപജാതിയെ തിരിച്ചറിയാൻ ഏകദേശം ഒരു ദശാബ്ദം നീണ്ട പഠനമാണ് നടത്തിയതെന്ന് കഴിഞ്ഞ 22 വർഷമായി തുള്ളൻ ശലഭങ്ങളെക്കുറിച്ചു പഠിക്കുന്ന ഡോ. കലേഷ് പറഞ്ഞു. കാൽട്ടോറിസ് വിഭാഗത്തിലെ ചിത്രശലഭങ്ങൾ കാഴ്ചയിൽ വളരെ സാമ്യമുള്ളതാണ്. അതിനാൽ സൂക്ഷ്മ നിരീക്ഷണം, ലാർവ വളരുന്ന ചെടികളെ കുറിച്ചുള്ള പഠനം, ആന്തരിക ശരീരഭാഗങ്ങളെ കുറിച്ചുള്ള പഠനം എന്നിവയിലൂടെ മാത്രമേ തിരിച്ചറിയാൻ കഴിയു എന്ന് എൻസിബിഎസിലെ ശാസ്ത്രജ്ഞനായ ഡോ. ദിപേന്ദ്രനാഥ് ബസു, ഡോ. കൃഷ്ണമേഖ് കുന്തേ എന്നിവർ സാക്ഷ്യപ്പെടുത്തി. നിലവിൽ പശ്ചിമഘട്ടത്തിൽ 336 എണ്ണം ശലഭങ്ങളെ ആണ് സ്ഥിരീകരിച്ചിട്ടുള്ളത്.

 

Eng­lish Sam­mury: new back­wa­ter but­ter­fly for Ker­ala Akkulam

 

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.