
രാജ്യത്തിന് ആപത്തുണ്ടാക്കുന്നതും ഭാവിതലമുറയ്ക്ക് തെറ്റായ വിവരങ്ങൾ കൈമാറുന്നതുമായ പുതിയ കേന്ദ്രവിദ്യാഭ്യാസനയം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എഫ്ഐ 18-ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച വിദ്യാർത്ഥി റാലിയും സമാപന പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ആഗോളവത്ക്കരണ, ഉദാരവല്‍ക്കരണ, കാവിവല്‍ക്കരണ നയങ്ങൾ പിന്തുടർന്നുകൊണ്ടല്ല കേരളം മുന്നോട്ടു പോകുന്നത്. പാഠപുസ്തക ഭേദഗതികൾ കേരളം അംഗീകരിച്ചില്ല. മാത്രമല്ല പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു.
ഇതിന്റെയെല്ലാം പകതീർക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഒരു ഭാഗത്ത് വിദ്യഭ്യാസ സമ്പ്രദായമാകെ കാവിവല്‍ക്കരിക്കാനാണ് ശ്രമം. അതിന്റെ ഭാഗമായി ചരിത്രം വളച്ചൊടിച്ച് പാഠപുസ്തകങ്ങളുടെ ഭാഗമാക്കുന്നു. രാജ്യത്തിന്റെ നിലനില്പിനെ തന്നെ അപകടപ്പെടുത്തുന്ന നിലപാടുകളാണ് ആർഎസ്എസ് ആജ്ഞ അനുസരിച്ച് ബിജെപി സർക്കാർ കൈക്കൊള്ളുന്നത്. പരസ്യമായി ഭരണഘടനയ്ക്കെതിരെ വരുന്നു. ജനാധിപത്യ വ്യവസ്ഥ തകർക്കാനുള്ള നീക്കങ്ങൾ നടത്തുന്നു. ഭരണഘടനയിലെ ആപ്തവാക്യങ്ങൾ തിരുത്തണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ പൊതുവായ സ്വഭാവം ഇവർ മാറ്റിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറിമാരായ ഐഷി ഘോഷ്, സത്യേഷ ലെയുവ, മുൻ അഖിലേന്ത്യാ പ്രസിഡന്റുമാരായ ആർ അരുൺകുമാർ, വി പി സാനു, മുൻ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് സംസാരിച്ചു. ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ സ്വാഗതവും സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.