ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദന (ജിഡിപി) വളർച്ചയുടെ വേഗം 2024ലും 2025ലും കുറയുമെന്ന് പ്രവചിച്ച് പ്രമുഖ യുഎസ് ധനകാര്യ സ്ഥാപനമായ ഗോൾഡ‌്മാൻ സാക്സ്. 2024ൽ 6.7, 2025ൽ 6.4 ശതമാനത്തിലേക്കാണ് വളർച്ചാനിരക്ക് കുറയുക. കേന്ദ്രസർക്കാരിന്റെ പദ്ധതിച്ചെലവുകളിലുണ്ടാകുന്ന ഇടിവാണ് തിരിച്ചടിയാകുകയെന്നും അവർ വിലയിരുത്തുന്നു. മോശം മൺസൂൺ തിരിച്ചടിയാകുമെങ്കിലും ഇന്ത്യ നടപ്പുവർഷം ഏഴ് ശതമാനം വളരുമെന്നായിരുന്നു ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.
ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനമായി നിയന്ത്രിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ അടുത്തവർഷത്തെ വളർച്ചയെയും പിന്നോട്ടടിക്കും. ഉപഭോക്തൃ വിപണിയിൽ തളർച്ചയ്ക്ക് സാധ്യതകളുണ്ട്. ഈടുരഹിത വായ്പകൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തിയ റിസർവ് ബാങ്കിന്റെ തീരുമാനവും തിരിച്ചടിയാകുമെന്ന് ഗോൾഡ‌്മാൻ സാക്സ് അഭിപ്രായപ്പെട്ടു. ഇതിനെ ശരിവയ്ക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് എസ്ബിഐ റിസര്‍ച്ചും പുറത്തുവിട്ടു. ഉല്പാദനരംഗത്തെ മാന്ദ്യം വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്നും 6.7 ശതമാനമായി കുറയ്ക്കുമെന്നും എസ്ബിഐ റിസര്‍ച്ച് വിലയിരുത്തുന്നു.
ജിഡിപി വളർച്ചാനിരക്ക് നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ‑ജൂണിൽ ആറു ശതമാനത്തിന് താഴെപ്പോയേക്കാമെന്ന് റേറ്റിങ് ഏജൻസിയായ ഐസിആര്‍എ കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു. ഇത് കഴിഞ്ഞ ആറു ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന വളർച്ചയുമായിരിക്കും. കഴിഞ്ഞവർഷം ജൂൺപാദത്തിൽ വളർച്ച 7.8 ശതമാനമായിരുന്നു.
ഇന്ത്യ 2024 വർഷത്തിൽ 7.3 ശതമാനവും 2025ൽ 6.8 ശതമാനവും വളരുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ. സാമ്പത്തിക വർഷം കണക്കാക്കിയാൽ 2024–25ൽ 7 ശതമാനവും 2025–26ൽ 6.5 ശതമാനവും വളർച്ച ഐഎംഎഫ് പ്രവചിച്ചിരുന്നു. എഡിബിയും (ഏഷ്യൻ വികസന ബാങ്ക്) ഏറെക്കുറെ സമാന വളർച്ചയുണ്ടാകുമെന്ന് വിലയിരുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.