
പുത്തൻ വിദ്യാഭ്യാസനയം 2020 രാജ്യമാകെ നടപ്പിലാക്കുന്നതിനുള്ള തീവ്ര യജ്ഞത്തിലാണ് കേന്ദ്രസർക്കാർ. ഈ വിദ്യാഭ്യാസനയത്തിന്റെ കാതൽ വാണിജ്യവൽക്കരണവും അമിത കേന്ദ്രീകരണവും വർഗീയവൽക്കരണവുമാണ്. ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികൾ ഈ നയത്തെ ശക്തമായി എതിർക്കുകയും വിദ്യാർത്ഥികളിൽ ജനാധിപത്യപരമായതും ചരിത്രപരവും ശാസ്ത്രീയാവബോധം വളർത്തുന്നതുമായ വിദ്യാഭ്യാസനയമാണ് വേണ്ടത് എന്ന് ആവർത്തിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഗണ്യമായി കുറയ്ക്കുന്നതും വിദ്യാർത്ഥികളുടെ തലച്ചോറിൽ ആർഎസ്എസ് ആശയങ്ങൾ അരക്കിട്ടുറപ്പിക്കുന്നതിനുമുള്ള ഫാസിസ്റ്റ് തന്ത്രത്തെ ഇന്ത്യൻ ഇടതുപക്ഷം ശക്തമായി എതിർത്തുവരുന്നതാണ്. 2009ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമം ആറ് മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് സാർവത്രികവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുമ്പോൾ ആ നിയമം നടപ്പിലാക്കുന്നതിൽ നിന്നും ഒളിച്ചോടുന്ന കേന്ദ്രസർക്കാർ സാധാരണക്കാരുടെ പ്രത്യേകിച്ചും ഗ്രാമീണ മേഖലയിലെ — കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരവും അവകാശവും നിഷേധിക്കുന്ന പുതിയ ”നാഗ്പൂർ പാഠ്യപദ്ധതി” തയ്യാറാക്കിക്കൊണ്ടുവന്നതാണ് എൻ ഇപി 2020.
കാവിവൽക്കരിക്കപ്പെട്ട ഈ പുതിയ പാഠ്യപദ്ധതി പല സംസ്ഥാനങ്ങളും നടപ്പിലാക്കാൻ വൈമനസ്യം പ്രകടിപ്പിക്കുകയും സംസ്ഥാന സർക്കാർ തയ്യാറാക്കുന്ന സിലബസിൽ തന്നെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു. കേന്ദ്രീയ — നവോദയ വിദ്യാലയങ്ങളിലും കേന്ദ്ര വിദ്യാഭ്യാസ ബോർഡുകളുടെ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമായി എൻഇപി ചുരുങ്ങി.
ഈ സന്ദർഭത്തിലാണ് പ്രൈംമിനിസ്റ്റർ സ്കൂൾ ഫോർ റൈസിങ് ഇന്ത്യ എന്ന പേരിൽ (പിഎം ശ്രി) കേന്ദ്രസർക്കാർ 2022 സെപ്റ്റംബറിൽ പുതിയ ഒരു പദ്ധതി ആവിഷ്കരിച്ചത്. ഈ കേന്ദ്രാവിഷ്കൃത പദ്ധതിയിൽക്കൂടി 14,500 സ്കൂളുകളെയാണ് പുത്തൻ വിദ്യാഭ്യാസനയത്തിൽ ഉൾപ്പെടുത്തുന്നത്. ആ സ്കൂളുകളിൽ ദേശീയ സിലബസിന്റെ അടിസ്ഥാനത്തിലുള്ള പാഠ്യ പദ്ധതികളും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികളും നടപ്പിലാക്കും. പ്രൈമറി തലത്തിൽ ഒരു സ്കൂളും സെക്കന്‍ഡറി തലത്തിൽ ഒരു സ്കൂളും ഒരു ബ്ലോക്ക് റിസോഴ്സ് സെന്ററിൽ ഏറ്റെടുത്ത് ഈ പദ്ധതി നടപ്പിലാക്കും. ബിജെപി ഇതര സംസ്ഥാനങ്ങൾ ആദ്യഘട്ടത്തിൽ മടിച്ചുനിന്നെങ്കിലും പടിപടിയായി കേരളം, പശ്ചിമബംഗാൾ, തമിഴ്‌നാട് സംസ്ഥാനങ്ങൾ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും പദ്ധതിയിൽ ചേർന്ന് കേന്ദ്ര ഗവണ്‍മെന്റുമായി ധാരണാപത്രം ഒപ്പുവച്ചു. മിക്ക സംസ്ഥാനങ്ങളെയും മെരുക്കിയെടുക്കാൻ കേന്ദ്രം ഉപയോഗിച്ച സമ്മർദതന്ത്രം വിദ്യാഭ്യാസ മേഖലയിലെ കേന്ദ്രസഹായം തടഞ്ഞുവയ്ക്കുകയെന്നതായിരുന്നു. എന്നാൽ തമിഴ്‌നാട് കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ മേഖലയിലെ ഫണ്ട് തടയലിനെതിരെ സുപ്രീം കോടതിയിൽ പോയി നിയമപോരാട്ടം നടത്തി, ആദ്യ ഗഡു നേടിയെടുത്തു.
കേന്ദ്രം തയ്യാറാക്കിയ, കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ ഒപ്പു വയ്ക്കേണ്ടുന്ന ധാരണാപത്രത്തിലെ വിചിത്രമായ ചില വാദഗതികൾ സാമാന്യ യുക്തിക്ക് നിരക്കാത്തതാണ്. പദ്ധതിയുടെ വ്യാപ്തിയിൽ ഈ പദ്ധതിയുടെ ലക്ഷ്യം പുത്തൻ വിദ്യാഭ്യാസ പദ്ധതി 2020 പിഎം ശ്രി സ്കൂളുകളിൽ കൂടി നടപ്പിലാക്കുക എന്നുള്ളതായതുകൊണ്ട് എല്ലാ സംസ്ഥാനങ്ങളും / കേന്ദ്ര ഭരണ പ്രദേശങ്ങളും / കേന്ദ്രീയ / നവോദയ വിദ്യാലയ സമിതികളും 2020 ലെ പുത്തൻ വിദ്യാഭ്യാസനയം അതിന്റെ സമഗ്രതയിൽ തന്നെ നടപ്പിലാക്കണം.
മറ്റൊരു നിബന്ധന ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളുടെ പേരിന്റെ മുമ്പിൽ പിഎം ശ്രി എന്നുകൂടി ചേർക്കണമെന്നതാണ്. എന്നാൽ ഏറ്റവും യുക്തരഹിതമായത് ഈ ധാരണാപത്രം റദ്ദുചെയ്യാനോ നിർത്തിവയ്ക്കാനോ കേന്ദ്ര ഗവണ്‍മെന്റിനു മാത്രമെ അവകാശമുള്ളു. അതിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് 30 ദിവസത്തെ നോട്ടീസ് നൽകണം എന്നുമാത്രം. ഒപ്പിട്ട രണ്ടു കക്ഷികളിൽ ഒരു കക്ഷിക്കുമാത്രം ഇങ്ങനെയൊരവകാശാധികാരം നൽകുന്ന ഒരു കരാർ (ധാരണാപത്രം) ജനാധിപത്യപരമോ നിയമപരമോ അല്ല.
അടിസ്ഥാന സൗകര്യ വികസനമാണ് ഈ പദ്ധതിയിൽ പലരും കൊട്ടിഘോഷിക്കുന്നത്. കേരളത്തിലെ എൽഡിഎഫ് ഗവണ്‍മെന്റ് കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് 50,000 ലധികം ക്ലാസ് മുറികൾ ഹൈടെക് ആക്കുകയും ഗവണ്‍മെന്റ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു എന്നത് കേരളീയർക്ക് അഭിമാനകരമാണ്. ഇവിടെ ഒരു സ്കൂളിന് പരമാവധി അഞ്ച് അധ്യയനവർഷം കൊണ്ട് (2022–23, 2026–27) 85 ലക്ഷം മുതൽ ഒരു കോടി 13 ലക്ഷം രൂപ വരെ ലഭിക്കുമെന്നതാണ് വ്യവസ്ഥ. അത് 60ഃ40 എന്ന അനുപാതത്തിൽ കേന്ദ്ര‑സംസ്ഥാന ഗവണ്‍മെന്റുകൾ വഹിക്കണം.
കേന്ദ്ര സർക്കാരിന്റെ ഹിന്ദുത്വ വർഗീയ അജണ്ട സ്കൂൾതല വിദ്യാർത്ഥികളിലേക്ക് പകർത്താനുള്ള കേന്ദ്ര നീക്കത്തിന്റെ അപകടം തിരിച്ചറിഞ്ഞ ഇന്ത്യയിലെ ഇടതുപക്ഷം രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളും പ്രചരണങ്ങളും നടത്തി. എന്നാൽ കേന്ദ്രാനുകൂലികളായ ചില ഉന്നത ഉദ്യോഗസ്ഥർ തന്ത്രപരമായ വാദഗതികളിൽക്കൂടി ഈ പദ്ധതി പല സംസ്ഥാനത്തിലും നടപ്പിലാക്കാൻ ശ്രമിക്കുകയുണ്ടായി. കേരളത്തിന്റെ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ആവശ്യമായ ചർച്ചകൾ നടത്താതെ ഈ പദ്ധതിക്കുവേണ്ടിയുള്ള ധാരണാപത്രം ഒപ്പിട്ടു. ഇതു ചില അസ്വാരസ്യങ്ങൾക്ക് ഇടയാക്കി.
ഇടതുപക്ഷ പാർട്ടികളുടെ സംസ്ഥാന‑ദേശീയ നേതൃത്വം സജീവമായി ഈ വിഷയത്തിൽ ഇടപെടുകയും ബഹു. കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിസന്ധിക്ക് പരിഹാരമുണ്ടാവുകയും ചെയ്തു. സിപിഐ(എം) ജനറൽ സെക്രട്ടറി എം എ ബേബി കേരളത്തിൽ ക്യാമ്പു ചെയ്തുകൊണ്ട് സിപിഐ — സിപിഐ(എം) സംസ്ഥാന സെക്രട്ടറിമാരുമായും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും ബന്ധപ്പെട്ട് ഉചിതമായ പരിഹാരം കണ്ടെത്താൻ ശ്രമിച്ചു. നിർണായകമായ ആ ഇടപെടലുകൾ ഫലം കണ്ടു. കേരള മുഖ്യമന്ത്രി എല്ലാ ചർച്ചകൾക്കും നേതൃത്വം നൽകി. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് എൽഡിഎഫ് മുന്നോട്ട് പോകുമെന്ന സന്ദേശം ജനങ്ങൾക്ക് നൽകാനും ഇതിൽക്കൂടി ഇടതു നേതൃത്വത്തിനു കഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.