31 January 2026, Saturday

Related news

January 31, 2026
January 8, 2026
January 7, 2026
December 2, 2025
October 9, 2025
September 19, 2025
September 18, 2025
July 20, 2025
June 29, 2025
June 16, 2025

പുതിയ മത്സ്യബന്ധന സെന്‍സസ് ; പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹങ്ങളെ ഇല്ലാതാക്കും

Janayugom Webdesk
ന്യൂഡൽഹി
January 31, 2026 9:17 pm

രാജ്യത്ത് ഈ മാസം പൂർത്തിയാകുന്ന പുതിയ മത്സ്യബന്ധന സെൻസസ് പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹങ്ങളെ തീരങ്ങളിൽ നിന്ന് തുടച്ചുനീക്കാൻ കാരണമാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന ഈ സർവ്വേ, സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കാനും കോർപ്പറേറ്റ് വൽക്കരണത്തിന് വഴിയൊരുക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കമാണെന്ന് ആക്ഷേപം ഉയരുന്നു.

മുൻകാലങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ട് മത്സ്യബന്ധന ഗ്രാമങ്ങളിൽ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നെങ്കിൽ, ഇത്തവണ പ്രക്രിയ പൂർണ്ണമായും സാങ്കേതിക വിദ്യയെ ആശ്രയിച്ചാണ്. കൊച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) നേതൃത്വത്തിൽ ഡ്രോണുകളും മൊബൈൽ ആപ്പുകളും ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്. ഇത് കടലോരത്ത് വസിക്കുന്ന യഥാർത്ഥ തൊഴിലാളികളെ സെൻസസിൽ നിന്ന് പുറന്തള്ളാൻ കാരണമാകും.

രജിസ്റ്റർ ചെയ്ത വലിയ അസോസിയേഷനുകൾക്കും വൻകിട മത്സ്യകർഷകർക്കുമാണ് സെൻസസിൽ മുൻഗണന നൽകുന്നത്. ഇത് ചെറുകിട തൊഴിലാളികളെയും സ്വയം സഹായ ഗ്രൂപ്പുകളെയും പ്രതിസന്ധിയിലാക്കുന്നു. സമുദ്ര മേഖലയിൽ ചെറുകിട മത്സ്യബന്ധനം വലിയ തകർച്ചയെ നേരിടുന്നതായി ഫിഷറീസ് വകുപ്പിന്റെ 2025‑ലെ റിപ്പോർട്ട് വ്യക്തമാക്കുന്നു. സമുദ്ര വിഭവങ്ങളുടെ 52 ശതമാനവും യന്ത്രവൽകൃത ട്രോളറുകൾ കൈക്കലാക്കി. 1960-കളിൽ 88 ശതമാനമായിരുന്ന ചെറുകിട ബോട്ടുകളുടെ സാന്നിധ്യം നിലവിൽ ഒരു ശതമാനമായി കൂപ്പുകുത്തി. ഉൾനാടൻ മത്സ്യക്കൃഷി ഉല്പാദനത്തിന്റെ 75 ശതമാനത്തോളം വരുമ്പോൾ, സമുദ്ര മത്സ്യബന്ധനം 44.9 ലക്ഷം മെട്രിക് ടണ്ണായി ചുരുങ്ങി. സ്വകാര്യവൽക്കരണമാണ് ഈ ഇടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

തീരദേശ വികസനത്തിനായി മോഡി സർക്കാർ കൊണ്ടുവന്ന എട്ട് ലക്ഷം കോടി രൂപയുടെ ‘സാഗർമാല’ പദ്ധതി മത്സ്യത്തൊഴിലാളികളുടെ സ്വൈര്യജീവിതത്തിന് തടസ്സമാകുന്നുവെന്ന് വിമർശനമുണ്ട്. തുറമുഖ വികസനത്തിന്റെ പേരിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിലേക്കുള്ള പ്രവേശനം നഷ്ടപ്പെടുന്നു.
പുതിയ സെൻസസ് വിവരങ്ങൾ ഉപയോഗിച്ച് തീരദേശത്തെ വലിയ ബിസിനസ് ഗ്രൂപ്പുകൾക്ക് വിട്ടുനൽകാൻ സർക്കാർ നീക്കം നടത്തുന്നതായി ഗവേഷകനായ രാമു അവാല ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ വിവിധ മത്സ്യത്തൊഴിലാളി യൂണിയനുകളും സംഘടനകളും പുതിയ സെൻസസ് രീതിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.