
ജനിതക രോഗങ്ങള്‍ തടയുന്നതിനുള്ള അപൂര്‍വ ഐവിഎഫ് അധിഷ്ഠിത ചികിത്സാ നടപടിക്രമത്തിലൂടെ യുകെയില്‍ എട്ട് കുട്ടികള്‍ ജനിച്ചു. മൂന്ന് പേരില്‍ നിന്നുള്ള ഡിഎന്‍എ ഉപയോഗിച്ച് ഐവിഎഫ് ഭ്രൂണങ്ങള്‍ സൃഷ്ടിച്ചാണ് ഈ കുട്ടികൾക്ക് ജന്മം നൽകിയത്. അന്ധത, അപസ്മാരം, ശൈശവാവസ്ഥയിലുള്ള മരണം എന്നിവയ്ക്ക് കാരണമാകുന്ന മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങള്‍ തടയുന്നതിനായാണ് ഇത്തരമൊരു ചികിത്സാരീതി വികസിപ്പിച്ചത്. ഈ ജനന പ്രക്രിയ വഴി കുട്ടികളില്‍ ജനിതക വൈകല്യങ്ങള്‍ പാരമ്പര്യമായി ലഭിക്കുന്നത് തടയാന്‍ കഴിയുമെന്ന് ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 2015‑ലാണ് അപൂര്‍വ ചികിത്സാ നടപടിക്രമത്തിന് അനുമതി നല്‍കികൊണ്ടുള്ള നിയമപരമായ മാറ്റം യുകെ നടപ്പാക്കിയത്. 2017‑ല്‍ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് ഇതിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഇവിടെയാണ് ഡോക്ടര്‍മാര്‍ ഈ ജനനപ്രക്രിയയ്ക്കുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത്. “പ്രോ ന്യൂക്ലിയർ ട്രാൻസ്ഫർ” എന്നാണ് ഈ ചികിത്സാ നടപടിക്രമത്തെ വിളിക്കുന്നത്. ഇതിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് യുകെ. മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങള്‍ പകരാനുള്ള സാധ്യത കൂടുതലുള്ളതും അവ ഒഴിവാക്കാന്‍ സാധാരണ ജനിതക പരിശോധനാ രീതികള്‍ ഉപയോഗിക്കാന്‍ കഴിയാത്തതുമായ സ്ത്രീകള്‍ക്കാണ് ഈ ചികിത്സ രീതി ഉദ്ദേശിക്കുന്നത്. ഈ പുതിയ നടപടിക്രമത്തിൽ അമ്മയുടെയും അച്ഛന്റെയും ഡിഎന്‍എ കൂടാതെ ദാതാവിന്റെ അണ്ഡത്തിൽ നിന്നുള്ള ആരോഗ്യമുള്ള മൈറ്റോകോൺഡ്രിയൽ ഡിഎൻഎയും ഉപയോഗിക്കുന്നു. എന്നാല്‍ ഡിഎന്‍എയുടെ 99.8 ശതമാനവും യഥാര്‍ത്ഥ മാതാപിതാക്കളില്‍ നിന്നായിരിക്കും.
ഗുരുതരമായ ജനിതക പ്രശ്‌നങ്ങള്‍ കുട്ടികളിലേക്ക് പകരാന്‍ സാധ്യതയുള്ള 22 സ്ത്രീകളാണ് ഈ പ്രക്രിയയ്ക്ക് വിധേയമായി. അവരില്‍ ഏഴ് പേര്‍ ഗര്‍ഭിണികളായി. ഇതില്‍ എട്ട് കുഞ്ഞുങ്ങള്‍ ജനിച്ചു. ഒരാള്‍ക്ക് ഇരട്ട കുട്ടികളാണുണ്ടായത്. അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജനിതക വൈകല്യങ്ങള്‍ ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. അതേസമയം, മൂന്ന് കുഞ്ഞുങ്ങളില്‍ കുറഞ്ഞ അളവില്‍ മൈറ്റോകോണ്‍ഡ്രിയല്‍ രോഗസാധ്യത കണ്ടെത്തി. എന്നാല്‍ പേടിക്കേണ്ട സാഹചര്യമില്ലെന്നും കുഞ്ഞുങ്ങള്‍ സുരക്ഷിതരാണെന്നും സാധാരണ വളര്‍ച്ച പ്രകടമാകുമെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.