1 January 2026, Thursday

നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് തുടക്കം; സന്നദ്ധ പ്രവർത്തകർ വീടുകളിലേക്ക്

Janayugom Webdesk
തിരുവനന്തപുരം
January 1, 2026 9:33 pm

സംസ്ഥാനത്തിന്റെ വികസനത്തിനായി ജനങ്ങളിൽ നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് തുടക്കമായി. സന്നദ്ധ പ്രവർത്തകർ ഗൃഹസന്ദർശനം ആരംഭിച്ചു.
തിരുവനന്തപുരം ജില്ലയിൽ ഒ രാജഗോപാൽ, നടൻ മധു, അടൂർ ഗോപാലകൃഷ്ണൻ എന്നിവരുടെ വീടുകളിൽ സന്നദ്ധപ്രവർത്തകരെത്തി വിവരം ശേഖരിച്ചു. നെടുമങ്ങാട് നഗരസഭയിൽ നടന്ന ചടങ്ങിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ കർമ്മസേനാംഗങ്ങൾക്കുള്ള പഠന കിറ്റുകൾ വിതരണം ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടപ്പെട്ട ജോയിയുടെ വീട്ടിലെത്തി കർമ്മസേന പ്രവർത്തകർ വിവരം ശേഖരിച്ചു.
കൊല്ലം ജില്ലയിൽ കൊട്ടാരക്കര മണ്ഡലത്തിലെ വെളിയം ഗ്രാമപഞ്ചായത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ ടീച്ചറുടെ വസതിയിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിന്റെയും ജില്ലാ കളക്ടർ എൻ ദേവിദാസിന്റെയും സാന്നിധ്യത്തിൽ വിവരശേഖണത്തിന് തുടക്കം കുറിച്ചു. തുടർന്ന് സമീപത്തെ ഞായപ്പള്ളി ഉന്നതി സന്ദർശിച്ചും വിവരങ്ങൾ രേഖപ്പെടുത്തി.
പത്തനതിട്ട ജില്ലയിൽ ഓർത്തഡോക്സ് സഭ അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ ഭവനം സന്ദർശിച്ചാണ് പരിപാടി ആരംഭിച്ചത്. പ്രോഗ്രാം ജില്ലാസമിതി അംഗങ്ങളായ ആർ അജിത് കുമാർ, എസ് ആദില എന്നിവർ ചേർന്ന് മുഖ്യമന്ത്രിയുടെ കത്തും ബ്രോഷറും കൈമാറി.
ആലപ്പുഴ ജില്ലയിൽ തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടിയുടെ വീട്ടിലെത്തിയാണ് വിവരശേഖരണത്തിന് തുടക്കമിട്ടത്. കരുവാറ്റ ഗ്രാമപഞ്ചായത്തിലെ കർമ്മ സമിതി അംഗം സുജാത പദ്ധതിയുടെ ലഘുലേഖയും മുഖ്യമന്ത്രിയുടെ കത്തും കൈമാറി. എഴുപുന്ന ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ പ്രൊഫ. പി കെ മൈക്കിൾ തരകന്റെ വീട്ടിലും കർമ്മസേന പ്രവർത്തകർ എത്തി വിവരം ശേഖരിച്ചു.
കോട്ടയം ജില്ലയിൽ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ ടി തോമസിന്റെ കഞ്ഞിക്കുഴിയിലെ വീട്ടിലെത്തി വിവരശേഖരണം നടത്തി. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യമന്ത്രിയുടെ കത്തും ബ്രോഷറും കൈമാറി. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും ഗായിക വൈക്കം വിജയലക്ഷ്മിയും പരിപാടിയുടെ ഭാഗമായി. പാലക്കാട് ജില്ലയിൽ നാഗലശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ഡോ. വി സേതുമാധവന്റെ വസതിയിലെത്തി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
മറ്റ് ജില്ലകളിലും സന്നദ്ധപ്രവർത്തകർ വിവരം ശേഖരിച്ചു. പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരാണ് വിവര ശേഖരണത്തിനായി എത്തുന്നത്. വീടുകൾക്ക് പുറമെ തൊഴിൽശാലകൾ, കൃഷിയിടങ്ങൾ, ഫ്ലാറ്റുകൾ, ഉന്നതികൾ, വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലും കർമ്മസേന എത്തി വിവരം ശേഖരിക്കും.

————————–
ഇടുക്കി ജില്ലയിൽ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ കെ ജി സൈമണിന്റെ തൊടുപുഴയിലെ വസതിയിലെത്തി സന്നദ്ധ പ്രവർത്തകർ വിവര ശേഖരണം നടത്തി, മുഖ്യമന്ത്രിയുടെ കത്തും ബ്രോഷറും കൈമാറി. സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം ജില്ലാ നിർവഹണ സമിതി അംഗം കെ കെ ഷാജി, തൊടുപുഴ നിയോജകമണ്ഡലം ചാർജ് ഓഫിസർ ബിജു സെബാസ്റ്റ്യൻ എന്നിവരും സന്നിഹിതരായി. കവിയും എഴുത്തുകാരനുമായ അനുകുമാർ തൊടുപുഴയുടെ മുതലക്കുടത്തെ വീട്ടിലെത്തിയും വിവരം ശേഖരിച്ചു.
എറണാകുളം ജില്ലയിൽ കോതമംഗലം ബിഷപ്പ് ഹൗസിൽ രൂപതാ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിൽ നിന്ന് അഭിപ്രായ ശേഖരണം നടത്തിക്കൊണ്ട് ആന്റണി ജോൺ എംഎൽഎ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കോതമംഗലം നഗരസഭ ചെയർപേഴ്‌സൺ ഭാനുമതി രാജു അധ്യക്ഷയായി. മുളന്തുരുത്തി ബ്ലോക്കിൽ ആമ്പല്ലൂർ കുളയേറ്റിക്കര പെലിക്കൻ റിഹാബിലിറ്റേഷൻ സെന്റർ ഡയറക്ടർ ഫാ. സാംസണിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എൻ രഞ്ജിത് മുഖ്യമന്ത്രിയുടെ കത്ത് കൈമാറി.
തൃശൂർ ജില്ലയിൽ മുൻ എംപി സാവിത്രി ലക്ഷ്മണൻ, കവിയും ഗാനരചയിതാവുമായ ഹരിനാരായണൻ, കോൾപടവ് പാടശേഖര സമിതി പ്രസിഡന്റ് വേലായുധൻ മാസ്റ്റർ, കഥകളി കലാകാരൻ രാഘവനാശാൻ, ചലച്ചിത്ര സംവിധായകൻ കമൽ, ശിൽപിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്, ചാലക്കുടി പുഴ സംരക്ഷണ സമിതി സെക്രട്ടറി രവി വാഴച്ചാൽ, ഊര് മൂപ്പത്തി ഗീത, കലാമണ്ഡലം മുൻ പ്രിൻസിപ്പൽ എംപി എസ് നമ്പൂതിരി, റിട്ടയേഡ് പ്രിൻസിപ്പലും കവിയും ഗാന രചയിതാവുമായ വാസുദേവൻ പനമ്പിള്ളി എന്നിവരുടെ വീടുകളിലെത്തി സന്നദ്ധപ്രവർത്തകർ വിവരം ശേഖരിച്ചു.
പാലക്കാട് ജില്ലയിൽ നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ഡോ. വി സേതുമാധവന്റെ വസതിയിൽ സന്ദർശനം നടത്തി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പുരോഗതിക്ക് വേണ്ടി രാജ്യത്ത് ആദ്യമായാണ് പൊതുജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി വീടുകളിലെത്തി സർക്കാർ വിവരം ശേഖരിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലയിൽ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാകളക്ടർ വി ആർ വിനോദ് ഭിന്നശേഷി കലാകാരനായ ജസ്ഫർ കോട്ടക്കുന്നിന്റെ വീട്ടിലെത്തി വിവരങ്ങൾ രേഖപ്പെടുത്തി നിർവഹിച്ചു. പദ്ധതിയുടെ ലഘുലേഖയും മുഖ്യമന്ത്രിയുടെ കത്തും ജില്ലാ കളക്ടർ ജസ്ഫറിന് കൈമാറി. ചലച്ചിത്ര സംവിധായകനും നടനും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവുമായ മുഹമ്മദ് മുസ്തഫയുടെ തേഞ്ഞിപ്പലത്തെ വസതിയിലും, പരപ്പനങ്ങാടിയിൽ മംഗലശ്ശേരി റഫീഖിന്റെ വീട്ടിലും, പൊന്നാനിയിൽ ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ സംവിധായകനും സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാവുമായ ഫാസിൽ മുഹമ്മദിന്റെ വീട്ടിലും, വണ്ടൂരിൽ ഗായികയും റിയാലിറ്റി ഷോ സെലിബ്രിറ്റിയുമായ ഫാത്തിമ ഹവ്വയുടെ വീട്ടിലും, പെരിന്തൽമണ്ണയിൽ കലാസാഗർ പുരസ്‌കാരം നേടിയ മദ്ദള കലാകാരൻ കലാനിലയം ആനമങ്ങാട് രാമനുണ്ണി മൂസതിന്റെ വസതിയിലും താനൂരിൽ നിറമരുതൂരിന്റെ പ്രഥമ പഞ്ചായത്ത് പ്രസിഡന്റായ വി സി കമല ടീച്ചറുടെ വീട്ടിലും സന്നദ്ധപ്രവർത്തകരെത്തി വിവരങ്ങൾ ശേഖരിച്ചു.
കോഴിക്കോട് ജില്ലയിൽ ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ തിരുവണ്ണൂരിലെ ‘കൈതപ്രം’ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ച് പരിപാടിയ്ക്ക് തുടക്കമിട്ടു. കേരളത്തിന്റെ തനത് കലാരൂപങ്ങളും സംഗീതവും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് കലാഗ്രാമം സ്ഥാപിക്കുകയെന്ന ആശയമാണ് അദ്ദേഹം പ്രധാനമായും മുന്നോട്ടുവച്ചത്. പദ്ധതിയുടെ ലഘുലേഖയും മുഖ്യമന്ത്രിയുടെ കത്തും സന്നദ്ധപ്രവർത്തകർ കൈമാറി.
വയനാട് ജില്ലയിൽ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ‑പിന്നാക്കക്ഷേമ മന്ത്രി ഒ ആർ കേളു നിർവഹിച്ചു. 2031 ഓടെ സംസ്ഥാനത്ത് നടപ്പാക്കേണ്ട വികസന നയരൂപീകരണമാണ് വികസന ക്ഷേമ പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നതെന്നും എല്ലാവരും വികസന ആശയങ്ങൾ പങ്കുവെക്കണമെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി നഗരസഭയിലെ പുതിയിടം വാർഡിലെ സംരംഭകൻ അജയ് തോമസിന്റെ സ്ഥാപനത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് പരിപാടിയ്ക്ക് തുടക്കമായി. തുടർന്ന് പത്മശ്രീ ചെറുവയൽ രാമന്റെ എടവക ഗ്രാമപഞ്ചായത്തിലെ വീട്ടിലും സന്നദ്ധപ്രവർത്തകരെത്തി വിവരങ്ങൾ രേഖപ്പെടുത്തി.
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മണ്ഡലത്തിൽ പത്മശ്രീ അപ്പുക്കുട്ട പൊതുവാളിന്റെ ഭവനത്തിലെത്തി കർമ്മസേനാ അംഗങ്ങൾ അഭിപ്രായങ്ങളും നിർദ്ദേശങ്ങൾ സ്വീകരിച്ച് ജില്ലാതല പരിപാടിക്ക് തുടക്കം കുറിച്ചു. ടി ഐ മധുസൂദനൻ എംഎൽഎ സന്നിഹിതനായിരുന്നു. ധർമ്മടം മണ്ഡലത്തിൽ കലാകാരി ശ്യാമിലി അശോക്, വേങ്ങാട് പഞ്ചായത്തിലെ മുൻ ദേശീയ അധ്യാപക അവാർഡ് ജേതാവ് ടി മോഹനൻ മാസ്റ്റർ, കല്ല്യാശ്ശേരി മണ്ഡലത്തിൽ ഡോ. അനുപമ ബാലകൃഷ്ണൻ, തളിപ്പറമ്പ മണ്ഡലത്തിൽ റിട്ട. ജില്ലാ ജഡ്ജ് പി ടി പ്രകാശൻ എന്നിവരുടെ വീടുകളിലും സന്നദ്ധപ്രവർത്തകരെത്തി വിവരങ്ങൾ ശേഖരിച്ചു.
കാസർകോട് ജില്ലയിൽ ശിൽപി കാനായി കുഞ്ഞിരാമന്റെ വസതിയിലെത്തി ജില്ല കളക്ടർ കെ ഇമ്പശേഖറിന്റെ നേതൃത്വത്തിൽ വിവരം ശേഖരിച്ചു. നിരൂപകൻ ഇ പി രാജഗോപാലൻ മാസ്റ്ററുടെ ഭവനവും സന്ദർശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.